Advertisment

‘മലൈകോട്ടൈ വാലിബന്‍’ ഓഫർ നിരസിച്ച് ഋഷഭ് ഷെട്ടി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സിനിമാപ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍  ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം അടുത്തിടെ നടന്നത്. 'മലൈക്കോട്ടൈ വാലിബന്‍'  എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.

‘മലൈകോട്ടൈ വാലിബന്‍’ സിനിമയില്‍ ‘കാന്താര’ നായകന്‍ ഋഷഭ് ഷെട്ടിയും ഉണ്ടാവുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. മലൈകോട്ടൈ വാലിബനിലൂടെ ഋഷഭ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളായിരുന്നു എത്തിയിരുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി ഇപ്പോള്‍. ലിജോയുടെ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ മറ്റൊരു കന്നഡ ചിത്രത്തിന്റെ ഭാഗമാകേണ്ടതായി ഉള്ളതിനാൽ   ഈ ഓഫര്‍ നിരസിക്കേണ്ടി വന്നു എന്നാണ് ഋഷഭ് ഷെട്ടി ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. ജനുവരി 18ന് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ആരംഭിച്ചത്. കമല്‍ ഹാസന്‍ ചിത്രത്തിന്റെ ഭാഗമായേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാല്‍ ഗുസ്തിക്കാരനായാണ് മലൈകോട്ടൈ വാലിബനില്‍ വേഷമിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജസ്ഥാനിൽ പൂർണമായും ചിത്രീകരിക്കുന്ന സിനിമയില്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോണ്‍ മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സമീപകാലത്ത് മലയാള സിനിമാസ്വാദകര്‍ക്കിടയില്‍ വലിയ ആവേശമുണ്ടാക്കിയ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം. പുതിയ സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറാകണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് വമ്പന്‍ പ്രഖ്യാപനമെത്തിയത്.

Advertisment