റിയാദ് കെഎംസിസി ഇടപെടൽ മൂന്നരമാസത്തിന് ശേഷം ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. നവംബർ 2 ന് റിയാദ് സുമേശി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട ഉത്തർപ്രദേശ് സ്വദേശി ചന്ദ്രപ്രകാശ് സിങ്ങിൻ്റെ മരണവിവരം റിയാദ് പോലീസ് അറിയിച്ചതിനാലാണ് റിയാദ് കെഎംസിസി വെൽഫെയർ വിങ്ങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ വിഷയത്തിലിടപെടുന്നത്.
പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച പാസ്പോർട്ട് കോപ്പി വെച്ച് എമ്പസിയിൽ വിവരം അറിയിച്ചു. മരണപ്പെട്ട ചന്ദ്ര പ്രകാശിൻ്റെ സുഹൃത്ത് നൽകിയ വിവരം അടിസ്ഥാനമാക്കി കുടുംബവുമായി ബന്ധപ്പെട്ടു. കമ്പനിയുടെ വിവരങ്ങൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു. പോലീസും , എമ്പസിയുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു.
ഒടുവിൽ കമ്പനിയുടെ വിവരം ലഭിച്ചെങ്കിലും കമ്പനിയിൽ 10 ദിവസം മാത്രമാണ് ജോലി ചെയ്തതെന്നും, പിന്നീട് ഒളിച്ചോടിയെന്നുമാണ് വിവരം ലഭിച്ചത്. ഒളിച്ചോടിയതായി രേഖാമൂലം റിപ്പോർട്ട് ചെയ്തിട്ടുമില്ല. ഇഖാമ ലഭിക്കാത്തതിനാൽ പാസ്സ്പോർട്ട് വിഭാഗത്തിൽ വിവരങ്ങളില്ലെന്ന കാരണത്താൽ മരണ സർട്ടിഫിക്കറ്റും, ഫൈനൽ എക്സിറ്റും നേടാനായില്ല.
കോവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ അധിക ദിവസം ബോഡി മോർച്ചറിയിൽ സൂക്ഷിക്കാറില്ല. മറവ് ചെയ്യാനുള്ള രേഖ പോലീസിൽ നിന്ന് മോർച്ചറിയിലേക്കയക്കുകയും ചെയ്തു. അമ്മക്ക് മകൻ്റെ മൃതദേഹം കാണണമെന്ന അഭ്യർത്ഥന പ്രകാരം പോലീസും, മോർച്ചറിയുമായും ബന്ധപ്പെട്ട് മൃതദേഹം സൗദിയിൽ മറവ് ചെയ്യരുതെന്ന് സിദ്ദീഖ് ആവശ്യപ്പെട്ടു. സ്പോൺസർ ചുമതലപ്പെടുത്തിയ കമ്പനി പ്രതിനിധിയുടെ അലംഭാവം കാരണം നടപടികൾ വൈകി.
സ്പോൺസറെ നേരിട്ട് കണ്ടെങ്കിലും കമ്പനി പ്രതിനിധി അനാസ്ഥ തുടർന്നു. ഒടുവിൽ പോലീസുമായി ബന്ധപ്പെട്ട് കമ്പനിയുടെ സേവനം ബന്ധാക്കുകയായിരുന്നു. രേഖകളെല്ലാം ശരിയായി ടിക്കറ്റ് കൺഫേം ചെയ്തു. ഇന്നലെ രാത്രി എയർപോർട്ടിലെത്തിക്കേണ്ട മൃതദേഹം തിരിച്ചറിയാനും രേഖകളിൽ ഒപ്പിടാനും കമ്പനി പ്രതിനിധി എത്തിയില്ല.
സാമൂഹ്യ പ്രവർത്തകൻ പോലീസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ പേരിലേക്ക് രേഖകൾ മാറ്റുകയും, മൃതദേഹത്തിൻ്റെ ഫോട്ടോ അമ്മക്ക് അയച്ച് തിരിച്ചറിയുകയും, എയർപോർട്ടി ലേക്കെത്തിക്കുകയും ചെയ്തു. ഇന്ന് രാവിലെ 10.30 നുളള എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം ഡൽഹിയിലേക്ക് കൊണ്ട് പോയി. എയർപോർട്ടിലെ നടപടികൾ പൂർത്തിയാക്കാൻ വെൽഫെയർ വിങ്ങ് ഉപവിഭാഗം ദാറുസ്സലാം കൺവീനർ ഉമ്മർ അമാനത്തും, രേഖകൾ തയ്യാറാക്കുന്നതിനായി ശിഹാബ് പൂത്തേഴത്ത്, ദഖ്വാൻ എന്നിവരും സഹായത്തിനുണ്ടായിരുന്നു. ഇന്ത്യൻ എമ്പസി , പോലീസ് സ്റ്റേഷൻ, സുമേശി മോർച്ചറി ,കാർഗോ ഓഫീസ്, എയർപോർട്ട് കാർഗോ എന്നിവിട ങ്ങളുടെ ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ ഇടപെടലുകൾ പ്രശംസനീയമാണെന്ന് സിദ്ദീഖ് തുവ്വൂർ അറിയിച്ചു.
--