/sathyam/media/post_attachments/050rxb76JG7KlDdC16Rx.jpg)
അബുദാബി: ഒരു മാസമായിട്ട് റൂമില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെങ്കിലും തന്നെയും കൊവിഡ് ബാധിച്ചതായി പ്രവാസി യുവാവ്. യു.എ.ഇയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ റിയാസ് മുഹമ്മദാണ് വികാരഭരിതമായ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
ടെസ്റ്റ് റിസല്‍ട്ട് പോസീറ്റിവാണെന്ന് പറയാനല്ലാതെ തന്നെയാരും വിളിച്ചിട്ടില്ലെന്നും കേസുകളുടെ ബാഹുല്യമായിരിക്കാം ഇതിന് കാരണമെന്നും അദ്ദേഹം പറയുന്നു.
ആന കുത്താന്‍ വരുമ്പോഴും നെഞ്ചും വിരിച്ച് നില്‍ക്കണമെന്ന് പറയുന്നതുപോലെ കൊറോണയെയും അങ്ങനെ നേരിടുകയാണെന്നും തോല്‍ക്കില്ല വിജയിക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞാണ് റിയാസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...
ഒരു കണ്ണൂരുകാരനാണ്.. ഇപ്പോൾ അബുദാബിയിൽ ആണ്. ബാച്ചിലര്‍ റൂമിൽ താമസിക്കുന്നു. ഒരു മാസമായി റൂം വിട്ട് പുറത്തിറങ്ങിയില്ല എങ്കിലും കൊറോണ നുമ്മളെയും പിടിച്ചു. തീരെ വയ്യാതായപ്പോൾ 17-04- ടെസ്റ്റ് നോക്കി.. ഫലം "പോസിറ്റീവ് " ഇതുവരെ ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആണെന്ന് പറയാൻ ഒരാൾ വിളിച്ചതല്ലാതെ വേറെ ഒരു കാളും മെസ്സേജും സംവിധാനങ്ങളിൽ നിന്നുമുണ്ടായിട്ടില്ല.
8001717 ൽ പലതവണ വിളിച്ചുനോക്കി, ഇന്ന്, നാളെ എന്ന് പറഞ്ഞതല്ലാതെ ഇതുവരെ ഒന്നും ലഭ്യമായിട്ടില്ല.അവരെയും പറഞ്ഞിട്ട് കാര്യമില്ല,കേസുകളുടെ ബാഹുല്യം കൂടുതലായിരിക്കും, അവരവരുടെ രാജ്യക്കാരിൽ പോകാൻ താൽപര്യമുള്ളവരെ കൊണ്ടുപോകാൻ ഈ രാജ്യം പറഞ്ഞതുമാണ്. യുഎഇ തന്നെ കൊറോണ ടെസ്റ്റിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്നു, അവർ പുതിയ പദ്ധതികളും ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു.ബാഹുല്യം തന്നെ കാരണം.
കൊറോണയോടൊപ്പം ഉള്ള 10 ദിവസങ്ങൾ. മറ്റു മൂന്നുപേരിൽ രണ്ടുപേർ ഒന്ന് ടെസ്റ്റ് നോക്കാൻ പരിശ്രമിക്കുകയാണ്, ഡ്രൈവ് through നോക്കുമ്പോൾ മെയ് 20 ന് ശേഷമാണ് ഡേറ്റ് കിട്ടുന്നത്.. അവരിന്നുംപോയിട്ടുണ്ട്.. ഇന്നെങ്കിലും സാധ്യമാവട്ടെ !!
എനിക്കുള്ള എല്ലാ ലക്ഷണങ്ങളും അവരിലും സമ്മേളച്ചിട്ടുണ്ട്..നമുക്ക് എന്തെങ്കിലും ഭക്ഷണം കഴിക്കണമെങ്കിൽ ഈ ലക്ഷണമുള്ള ആൾകാർ തന്നെ, സൂപ്പർമാർക്കറ്റുകളിൽ പോകണം, ഹോട്ടൽ ഡെലിവറി ബോയിക് പൈസ കൊടുത്തു ഭക്ഷണം വാങ്ങിവരണം, ഇതെല്ലാം നോക്കികാണാനെ തരമുള്ളു. പ്രവാസ ജീവിതം ഇങ്ങനെയാണ്.
മരുന്നുകളും ഐസൊലേഷനും ഇല്ലാത്തതിനാൽ ചൂടുവെള്ളം കുടിച്ചുകൊണ്ടേയിരിക്കുന്നു, ഓറഞ്ച്, കിവി, ക്യാപ്സിക്കം, കരിഞ്ജീരകം, ഉള്ളി എന്നിവ ഭക്ഷണത്തോടപ്പം കഴിക്കുന്നു, രാവിലെയും വൈകുന്നേരവും കുറച്ചു വെയില്‍ കൊള്ളുന്നു, പടച്ചോനോട് പ്രാർത്ഥിക്കുന്നു.
കൂടെ വിറ്റാമിൻ സി യുടെ ഗുളിക 20 എണ്ണം നമ്മുടെ ഒരു ചങ്ക് അലിക്ക എത്തിച്ചും തന്നിരുന്നു. നുമ്മളെ ഐസൊലേഷനിലേക് മാറ്റിയാൽ കൂടെയുള്ളവരുടെ സങ്കടങ്ങളെങ്കിലും കാണാണ്ടായിരുന്നു. (ഒരാളും സങ്കടം പറഞ്ഞില്ലാട്ടോ,), ഒരാൾ വിസിറ്റിംഗ് വിസയിൽ ജോലി തേടി വന്ന ആളുമാണ്.
കൊറോണയോട് നിന്ന നില്പിൽ നേരിട്ടുകൊണ്ടിരിക്കുകയാണ്, ആന കുത്താൻ വരുമ്പോഴും നെഞ്ചും വിരിച്ചു നിൽക്കണമെന്ന് കേൾകാറുള്ളത്കൊണ്ട്, കൊറോണയെയും അങ്ങിനെ നേരിടുന്നു.
തോൽക്കില്ല, ജയിച്ചു കയറുക തന്നെ ചെയ്യും, കൂടെയുണ്ട് ലോകത്തിന്റെ രക്ഷിതാവും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us