അശാസ്ത്രീയമായി നിർമിച്ചിട്ടുള്ള റോഡ് കുത്തിയൊലിച്ചു പോകാതിരിക്കാൻ മണൽ ചാക്ക് തടയണ; കരാർ കമ്പനിയുടെ നടപടി ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ

New Update

മണ്ണാർക്കാട്:മണൽ നിറച്ച ചാക്കുകൾ അടുക്കിവച്ച് ചാലൊരുക്കുന്ന കാഴ്ചയാണ് ഇപ്പോൾ കരിമ്പ-പനയമ്പാടത്ത്. ദേശീയ പാത നിർമാണ പ്രവൃത്തി ഏറ്റെടുത്ത കമ്പനിയാണ് ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ ഈ പരിഹാരവുമായി വന്നിട്ടുള്ളത്.

Advertisment

publive-image
കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളിൽനടന്ന യോഗത്തിൽ ഉണ്ടായ ജനരോഷം തണുപ്പിക്കാനാണ് ഇതെന്ന് മനസ്സിലാക്കാം. ദേശീയ പാതയിൽ അഴുക്ക് ചാലില്ലാതെ മഴവെള്ളം കുത്തി ഒലിച്ച് റോഡിലൂടെ ഒഴുകി റോഡപകടങ്ങൾ പെരുകികൊണ്ടിരിക്കുന്ന കാര്യം നാട്ടുകാർ സൂചിപ്പിച്ചിരുന്നതാണ്.

എന്നാൽ നിഷേധാത്മക നിലപാടാണ് ദേശീയ പാത വിഭാഗത്തിനുള്ളത്. കുത്തനെയുള്ള ഇറക്കവും 'റ' പോലെ അപകടവളവുമുള്ള ഈ ഭാഗത്ത് മഴ പെയ്താൽ നിമിഷ നേരം കൊണ്ട്‌ വെള്ളംകുത്തിയൊലിച്ച് റോഡ് തകർന്ന കാഴ്ചയാണ് റോഡിന്റെ ഇരുവശത്തും.
ടാർ ചെയ്ത ഭാഗമെല്ലാം കുത്തിയൊലിച്ച് പോയിട്ടുണ്ട്.

പുതിയ റോഡ് നിർമാണ ഘട്ടത്തിൽ തന്നെ ഈ ആവശ്യം പലതവണ ഉന്നയിച്ചിട്ടും അധികാരികളോ നിർമാണ കമ്പനിയോ ചെവിക്കൊള്ളാൻ തയ്യാറായില്ല എന്ന് നാട്ടുകാർ പറഞ്ഞു.ഇവിടെ ഉണ്ടായ അപകട പരമ്പരയിൽ രണ്ട് ജീവൻ നഷ്ടപ്പെട്ടു.നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കുത്തനെ ഇറക്കവും കൊടും വളവുമുള്ള ഈ ഭാഗത്ത് ഇരു വശത്തും അഴുക്കു ചാൽ നിർമിച്ച് റോഡ് ശാസ്ത്രീയമായി ക്രമീകരിക്കുന്നതിന് പകരം ഒരു ഭാഗത്തേക്ക് മാത്രം ചരിച്ച് റോഡ്‌ നിർമ്മിച്ചതും അപകട കാരണമായി വിദഗ്ധർ ചൂണ്ടികാട്ടുന്നു.

റോഡ് ഉയർത്തിയ ഭാഗത്ത് കടകൾക്ക് മുന്നിൽ മണ്ണ് തിട്ടയായി നിൽക്കുന്നതിനാൽ കടകളിലേക്ക് മഴവെള്ളം ഇരച്ചു കയറുന്ന സ്ഥിതിയാണ്. ഒരു ചെറിയ ചാറ്റൽ മഴ വന്നാൽ പോലും ഇവിടുത്തുകാരുടെ മനസ്സിൽ തീയാണ്. മഴ നേരത്താണ് മിക്ക അപകടങ്ങളും നടക്കുന്നത്.അശാസ്ത്രീയമായി നിർമിച്ചിട്ടുള്ള ഈ പ്രദേശത്തെ റോഡ് ഇരുവശത്തും അഴുക്ക് ചാലോടുകൂടി ചരിവില്ലാതെ പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ദേശീയപാത നിർമാണത്തിലെ എസ്റ്റിമേറ്റ് പുനഃക്രമീകരിച്ചെങ്കിൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കപ്പെടൂ, എന്നാണ് മുസ്ലിം ലീഗ്,കോങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് യൂസുഫ് പാലക്കൽ ഉൾപ്പടെയുള്ളവർ ആവശ്യപ്പെടുന്നത്.ഇരുവശത്തും അഴുക്ക് ചാലോടുകൂടി റോഡ് പുനർനിർമിക്കണമെന്ന് സർവകക്ഷി യോഗത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കൾആവശ്യപ്പെടുകയുമുണ്ടായി.ഏതായാലും റോഡ് പുനരുദ്ധാരണത്തിൽ കരിമ്പയിലെ ജനങ്ങളോട് ദേശീയപാത അധികൃതരും കരാർ കമ്പനിയും കാണിക്കുന്ന നിരുത്തരവാദപരമായ സമീപനം ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

road issue 6
Advertisment