Advertisment

സർക്കാർ റബ്ബർ സംഭരിച്ചാൽ റബ്ബറിന് 200 രൂപ ലഭിക്കും : അഡ്വ. ഷോൺ ജോർജ്

New Update

publive-image

Advertisment

കോട്ടയം: റബ്ബർ സംഭരണത്തിന് സർക്കാർ തയ്യാറായാൽ റബ്ബറിന് 200 രൂപ ലഭ്യമാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് യുവജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ.ഷോൺ ജോർജ് പറഞ്ഞു.

കേരള യുവജനപക്ഷം സെക്കുലർ കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 161 രൂപയാണ് അന്താരാഷ്ട്ര വിപണിയിൽ റബ്ബർ വില.ഈ സാഹചര്യത്തിൽ 25 ശതമാനം ഇറക്കുമതി തീരുവയും മറ്റ് ചിലവും ഉൾപ്പെടെ ഒരു കിലോഗ്രാം റബ്ബർ ഇറക്കുമതി ചെയ്യണമെങ്കിൽ 210 രൂപയ്ക്ക് മുകളിൽ ചിലവ് വരും ഈ സാഹചര്യത്തിൽ റബ്ബർ കമ്പനികൾ മനപ്പൂർവമായി വിലയിടിച്ചു 153 രൂപയിൽ താഴെ മാത്രമാണ് കർഷകന് ലഭ്യമാക്കുന്നത്.

ഇത് വൻകിട ടയർ കമ്പനികളുടെ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് ഇതിനെതിരെ റബ്ബർ കർഷകർ സംഘടിക്കുകയോ സർക്കാർ റബ്ബർ സംഭരിക്കാൻ തയ്യാറാകുകയോ ചെയ്താൽ 200 രൂപയ്ക്ക് ആഭ്യന്തര വിപണിയിൽ നിന്ന് റബ്ബർ എടുക്കാൻ കമ്പനികൾ നിർബന്ധിതരാവും. റബ്ബറിന്റെ ഉത്പാദന ചിലവിനെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച ഡോ. ചന്ദൻ മിശ്ര കമ്മിറ്റി റബ്ബറിന് 172 രൂപ ഉൽപ്പാദനച്ചെലവ് ഉണ്ട് എന്ന് പ്രഖ്യാപിച്ച് നാലുവർഷം കഴിഞ്ഞപ്പോഴാണ് സംസ്‌ഥാന സർക്കാർ 170 രൂപ വിലസ്ഥിരതാ ഫണ്ട് പ്രഖ്യാപിക്കുന്നത്.

ഇത് റബർ കർഷകരെ അപമാനിക്കുന്നതിനു തുല്യമാണ്.അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നു നിൽക്കുമ്പോൾ ആഭ്യന്തര വിപണിയിൽ നിന്നും ടയർ കമ്പനികൾ കൂടുതൽ റബ്ബർ വാങ്ങേണ്ട സാഹചര്യം നിലനിൽക്കുമ്പോൾ ആ വില സർക്കാർ ധനസഹായം പ്രഖ്യാപിച്ചത് ഇവിടത്തെ വൻകിട ടയർ കമ്പനികളെ സഹായിക്കാൻ ആണോ എന്നും ഇതിന്റെ പിന്നിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും ഷോൺ ജോർജ് ആരോപിച്ചു. റബ്ബറിന്റെ വില തകർച്ചയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിപണിയിലുള്ള ഇടപെടൽ അത്യന്താപേക്ഷിതമാണ്. റബറിന് 250 രൂപയെങ്കിലും ലഭ്യമായില്ലെങ്കിൽ 2021 കർഷക ആത്മഹത്യകളുടെ വർഷമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള യുവജനപക്ഷം കോട്ടയം ജില്ലാ പ്രസിഡണ്ട് കൃഷ്ണരാജ് ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ. റെനീഷ് ചൂണ്ടച്ചേരി,പ്രവീൺ രാമചന്ദ്രൻ, മാത്യു ജോർജ്, സച്ചിൻ ജെയിംസ്,പ്രവീൺ ഉള്ളാട്ട്,ലിബിൻ തുരുത്തിയിൽ, അരുൺ പുതുപ്പള്ളി, ശാന്തികൃഷ്ണൻ,ജിജോ പതിയിൽ, ബോണി ഉമ്പുകാടൻ,ജോജിയോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Advertisment