ഗാര്‍ഹിക തൊഴിലാളികളുടെ നിയമപരിരക്ഷയ്ക്ക് കൈകോര്‍ത്ത് ഇന്ത്യയും കുവൈറ്റും; ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ ഒപ്പുവച്ചു; നയതന്ത്രബന്ധത്തിന്റെ 60-ാം വാര്‍ഷികാഘോഷത്തിനും തുടക്കം !

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, June 10, 2021

കുവൈറ്റ് സിറ്റി: ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഇന്ത്യയും, കുവൈറ്റും ഒപ്പിട്ടു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും, കുവൈറ്റ് വിദേശകാര്യമന്ത്രി ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയും ധാരണാപത്രത്തെ സ്വാഗതം ചെയ്തു.

ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്, കുവൈറ്റ് വിദേശകാര്യ സഹമന്ത്രി മജ്ദി അഹമ്മദ് അല്‍ ദഫിരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

ധാരണാപത്രം ഒപ്പിട്ടതിലൂടെ കുവൈറ്റിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിയമപരമായ ചട്ടക്കൂടിന്റെ പരിധിയില്‍ വരും. ഇതുവഴി ഇവര്‍ക്ക് നിയമ പരിരക്ഷ ലഭിക്കും. ഒപ്പം അവരുടെ നിയമനത്തെ കാര്യക്ഷമമാക്കുകയും അവർക്ക് നിയമ പരിരക്ഷ നൽകുകയും ചെയ്യും. കൂടാതെ, നിശ്ചിത കാലയളവില്‍ അവലോകനത്തിനും വിലയിരുത്തലിനുമായി ഒരു സംയുക്ത കമ്മിറ്റി രൂപീകരിച്ച് ധാരണപത്രം നടപ്പാക്കുന്നത് സംബന്ധിച്ച് വാർഷിക ചര്‍ച്ചകള്‍ നടത്താനും വ്യവസ്ഥ ചെയ്യുന്നുണ്ട്

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 24 മണിക്കൂറും സഹായത്തിനായി ഒരു സംവിധാനം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിലൂടെ തൊഴിലുടമയുടെയും ഗാര്‍ഹിക തൊഴിലാളിയുടെയും അവകാശങ്ങളും കടമകളും ഉറപ്പാക്കുന്ന ഒരു തൊഴില്‍ കരാറാണ് ഇത് അവതരിപ്പിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ അറുപതാം വാര്‍ഷികത്തിന്റെ സംയുക്ത ആഘോഷങ്ങള്‍ യോഗത്തിലൂടെ ആരംഭിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുവൈറ്റ് വിദേശകാര്യമന്ത്രി ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബ പ്രശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിലും പങ്കാളിത്തത്തിലും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപന സമയത്ത് ഇന്ത്യയ്‌ക്കൊപ്പം നിലകൊണ്ടതിന് കുവൈറ്റിന് നന്ദി അറിയിക്കുന്നതായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനും, അടിയന്തര വൈദ്യസഹായം എത്തിച്ചതിനും അദ്ദേഹം നന്ദി അറിയിച്ചു.

ആരോഗ്യമേഖല, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസ മേഖല, വിവരസാങ്കേതിക മേഖല, ഊര്‍ജ്ജരംഗം, സാമ്പത്തികരംഗം തുടങ്ങിയ മേഖലകളുടെ പുരോഗതിയ്ക്കു വേണ്ടിയുള്ള പദ്ധതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ സംസാരിച്ചു.

ഗാര്‍ഹിക തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രമടക്കം ഇതുവരെ 34 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.

ഇന്ത്യ-കുവൈറ്റ് സംയുക്ത കമ്മീഷന്റെ ആദ്യയോഗം ഈ വര്‍ഷാവസാനം നടത്താനും തീരുമാനമായി. ആരോഗ്യം, ഹൈഡ്രോകാര്‍ബണ്‍, മാനവവിഭശേഷി തുടങ്ങിയവയുടെ സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പുകളും യോഗം ചേരും. മറ്റ് മേഖലകളിലും സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു.

ജിസിസി രാജ്യങ്ങളിലെയും ഇറാനിലെയും ഇന്ത്യന്‍ സ്ഥാനപതിമാരുടെ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഇന്ന് അധ്യക്ഷത വഹിക്കും.

×