കുവൈറ്റ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് കൈമാറി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, June 10, 2021

കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് ജയ്ശങ്കര്‍ കുവൈറ്റ് പ്രധാനമന്ത്രിക്ക് കൈമാറി.

കുവൈറ്റ് വിദേശകാര്യമന്ത്രി ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയും, ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60-ാം വാര്‍ഷികത്തിന്റെ ആശംസകള്‍ ജയ്ശങ്കര്‍ കൂടിക്കാഴ്ചയില്‍ അറിയിച്ചു.

ഇന്ത്യയുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള കുവൈറ്റിന്റെ പ്രതിജ്ഞാബദ്ധതയെ അഭിനന്ദിച്ചതായി ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ആറിന് ഇന്ത്യന്‍ സമൂഹത്തെ മന്ത്രി അഭിസംബോധന ചെയ്യും.

×