/sathyam/media/media_files/raZtgo1ui55QxV3WSQM9.webp)
ശബരിമല: മണ്ഡലകാല പൂജയ്ക്ക് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു. വ്യാഴം, വെള്ളി ദിനങ്ങളിൽ 90,000 പേരാണ് വെർച്ചൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. കൂടാതെ 10,000 പേരുടെ സ്പോട്ട് ബുക്കിങ് കൂടി ആകുമ്പോൾ ഒരു ലക്ഷത്തോളം ഭക്തരാവും സന്നിധാനത്ത് ദർശനത്തിനായി എത്തുക.
കാനന പാതയിലൂടെ കടന്ന് വരുന്നവരുടെ എണ്ണം കൂടിയായാൽ തിരക്കിന്റെ ദിനങ്ങളാവും കടന്നുവരിക. തിരക്ക് കണക്കിലെടുത്ത് ദേവസ്വം ബോർഡും പൊലീസും വേണ്ട ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മരക്കൂട്ടത്തിനും ശരംകുത്തിക്കും മധ്യയുള്ള ക്യു കോംപ്ലക്സുകളിൽ തീർഥാടകർക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പമ്പ മുതൽ സന്നിധാനം വരെയുള്ള പാതകളിലെ തിരക്ക് കണക്കിലെടുത്ത് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കഴിയുന്ന കൺട്രോൾ റൂം ക്യൂ കോംപ്ലക്സിന്റെ ഉദ്ഘാടനം ബുധനാഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നിർവഹിച്ചിരുന്നു. കൂടാതെ ഒരേ സമയം 20 സ്ഥലങ്ങളിലെ കാമറ ദൃശ്യങ്ങൾ കാണുന്നതിനുള്ള സംവിധാനവും കൺട്രോൾ റൂമിൽ ഒരുക്കിയിട്ടുണ്ട്.
മിഗ്ജോം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനാൽ കഴിഞ്ഞ ദിവസം തിരക്ക് കുറവായിരുന്നു.
61,200 പേരാണ് ബുധനാഴ്ച ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്. കഴിഞ്ഞ ഏഴ് ദിവസങ്ങളിലും 24 മണിക്കൂറും ഭക്തരെ കൊണ്ട് നിറഞ്ഞ നടപ്പന്തലിലെ ക്യൂ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഒഴിഞ്ഞു കിടക്കുന്നത് ദൃശ്യമായിരുന്നു. എന്നാൽ, വ്യാഴാഴ്ച പുലർച്ചെയോടെ സന്നിധാനം ഭക്തരെക്കൊണ്ട് നിറഞ്ഞു. വരും ദിവസങ്ങളിൽ തിരക്ക് ഇനിയും വർധിക്കും എന്നാണ് കണക്കാക്കുന്നത്.