ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള പൊലീസിന്‍റെ ഗതാഗത നിയന്ത്രണം പാളി; കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

New Update
sabarimala-18.jpg

കൊച്ചി: ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ കോടതി പരിശോധിക്കും. ക്യു കോംപ്ലക്സിൽ ഉൾപ്പെടെ ആളുകളുടെ തിരക്ക് ഒഴിവാക്കണമെന്ന കർശന നിർദേശം കോടതി നൽകിയിട്ടുണ്ട്. വെർച്വൽ ക്യു വഴിയോ സ്പോട്ട് ബുക്കിങ് വഴിയോ അല്ലാതെ വരുന്ന തീർഥാടകരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശം. നിലക്കലിലെ പാർക്കിങ് സംവിധാനവും ഭക്തർക്കായി ഒരുക്കിയ സൗകര്യങ്ങളും കോടതി പരിശോധിക്കും. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് ഹരജി പരിഗണിക്കുക.

Advertisment

അതേസമയം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള പൊലീസിന്‍റെ വാഹന ഗതാഗത നിയന്ത്രണം പാളി. നിലക്കലും ഇടത്താവളങ്ങളിലും വാഹനങ്ങളിൽ തീർത്ഥാടകർ കാത്തിരുന്നത് മണിക്കൂറുകളാണ്. പമ്പ ബസ്റ്റാൻഡിൽ നിന്ന് തിരികെ മടങ്ങാൻ കെഎസ്ആർടിസി ബസുകൾ ലഭിക്കാതെ തീർത്ഥാടകർ വലഞ്ഞു. രാത്രി ഏറെ വൈകിയും തീർത്ഥാടകർ പ്രതിഷേധവുമായി രംഗത്ത് വന്നു. അതേസമയം സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് നിയന്ത്രണവിധേയമാണ്.

അതിനിടെ തിരക്ക് നിയന്ത്രിക്കാൻ എടുത്ത പൊലീസ് നടപടികൾ പാളിയതിന് പിന്നാലെ ശബരിമലയിൽ പൊലീസ് ചുമതലകളിൽ മാറ്റമുണ്ടായി. കൊച്ചി ഡിസിപി സുദർശനൻ ഐപിഎസിനെ സന്നിധാനത്ത് നിയോഗിച്ചു. എസ് മധുസൂദനനെ പമ്പ സ്പെഷ്യൽ ഓഫീസറായും സന്തോഷ് കെ.വിയെ നിലക്കൽ സ്പെഷ്യൽ ഓഫീസർ ആയും നിയമിച്ചു.തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടകരെ സഹായിക്കാനും കൂടുതൽ ജീവനക്കാരെ നിയോഗിക്കുമെന്ന് ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം . ജി രാജമാണിക്യം പറഞ്ഞു. അതേസമയം, മണിക്കൂറുകൾ കാത്തിരുന്നിട്ടും മല ചവിട്ടാനാവാതെ തീർത്ഥാടനം പാതിവഴിയിൽ ഉപേക്ഷിച്ചവരും ഏറെയാണ്.

Advertisment