പ്രമുഖ ഇന്ത്യൻ അരിയുൽപാദന കമ്പനിയിൽ സൗദി 29.9% ഓഹരി സ്വന്തമാക്കി

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Monday, May 25, 2020

ജിദ്ദ: പ്രമുഖ ഇന്ത്യൻ ബസുമതി അരിയുൽപാദന കമ്പനിയിൽ സൗദി അറേബ്യ നല്ലൊരു ശതമാനം ഓഹരി സ്വന്തമാക്കി. സൗദി അറേബ്യ പുതുതായി രൂപം നൽകിയ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ അനുബന്ധ സ്ഥാപനമായ സൗദി കമ്പനി ഫോർ അഗ്രികൾച്ചറൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് അനിമൽ പ്രൊഡക്ഷൻ (സാലിക്) ആണ് ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായ ലോക പ്രശസ്ഥ ദാവത്ത് ഫുഡ്സ് ലിമിറ്റഡിന്റെ 29.9 ശതമാനം ഓഹരി ഏറ്റെടുത്തത്.

കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ ഇരുപത് ശതമാനത്തിലധികം വരുമാന വളർച്ച കൈവരിച്ച കാർഷിക കമ്പനിയാണ് ഇന്ത്യയുടെ ദാവത്ത് കമ്പനി. അപ്രകാരം, കഴിഞ്ഞ എമ്പത് വർഷങ്ങളായി എമ്പതിലേറെ രാജ്യങ്ങളിൽ മേത്തരം അറിയുല്പന്നങ്ങൾ കമ്പനിയുടേതായിട്ടുണ്ട്. കഴിഞ്ഞ വർഷം കമ്പനിയുടെ വരുമാനം ഏകദേശം 550 മില്യൺ ഡോളറാണ്. ഇന്ത്യയിൽ അരി വിപണിയിലെ ഇരുപത്തിയൊമ്പത് ശതമാനവും അമേരിക്കയിൽ നാൽപ്പത്തിയഞ്ച് ശതമാനവും വിപണി വിഹിതം കയ്യടക്കി വെച്ചിരിക്കുന്നത് ദാവത്ത് കമ്പനിയാണ്. ഇവരുടെ “ദാവത്ത”, “റോയൽ” തുടങ്ങിയ ബ്രാൻഡുകൾ വിശ്വപ്രസിദ്ധമാണ്.

പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ കീഴിൽ 2009 ഏപ്രിലിൽ സൗദി അറേബ്യ രൂപവൽക്കരിച്ച ജോയിന്റ് സ്റ്റോക്ക് കമ്പനിയാണ് സാലിക്. കാർഷിക നിക്ഷേപം, കന്നുകാലി ഉൽപാദനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് സാലിക്. ഈ മേഖലകളിൽ മുൻ നിരയിൽ നിൽക്കുന്ന രാജ്യങ്ങളിൽ നടത്തുന്ന നിക്ഷേപങ്ങളിലൂടെ ഭക്ഷ്യ സുരക്ഷ, ഭക്ഷ്യ ഉൽപന്നങ്ങൾ വേണ്ടത്ര ലഭ്യമാക്കുക, അവയുടെ വില നിലവാരം സുസ്ഥിരമാക്കുക തുടങ്ങിയ കൈവരിക്കാനാണ് കമ്പനി ലക്ഷ്യമാക്കുന്നത്.

ആഗോള തലത്തിൽ പ്രശസ്തരായ ബസുമതി അരി ഉൽപാദകരിൽ ഒന്നാം നിരയിലുള്ള ഇന്ത്യൻ “ദാവത്ത്” കമ്പനിയിൽ പുതുതായി നടത്തിയിരിക്കുന്ന നിക്ഷേപത്തിലൂടെ വിതരണ ശ്രുംഖലയും ശേഷിയും ശക്തിപ്പെടുത്താനാവുമെന്നാണ് സൗദിയുടെ സാലിക് കമ്പനിയുടെ കണക്ക് കൂട്ടൽ.

×