‘സംഗീത കഥയെഴുതുകയാണ്…’

ഉല്ലാസ് ചന്ദ്രൻ
Friday, February 14, 2020

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള ടെലിവിഷന്‍ ആസ്വാദകര്‍ ദൂരദര്‍ശനിലൂടെ നെഞ്ചേറ്റിയ താരമാണ് സംഗീതാ മോഹന്‍. അതിനും മുന്‍പ് ‘ഹിന്ദുസ്ഥാന്‍ കിളിമാര്‍ക്ക്’ കുടയുടെ പരസ്യത്തില്‍ അഭിനയിച്ച് ഹൃദയം കവര്‍ന്ന കവിളില്‍ മറുകുള്ള സുന്ദരിക്കുട്ടി.

പിന്നീടാണ് അവള്‍ മലയാളികളുടെ സ്വീകരണമുറിയിലെ താരമായി മാറിയത്. അഭിനയത്തില്‍ ഉണ്ടായ ആവര്‍ത്തന വിരസത മൂലം സംഗീത ഇപ്പോള്‍ തിരക്കഥയില്‍ ആണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. ‘ആത്മസഖി’ ഹിറ്റായതോടെയാണ് തന്റെ തിരക്കഥാകൃത്ത് എന്ന നിലയിലുള്ള ഉള്ള ആത്മവിശ്വാസം വര്‍ദ്ധിച്ചെന്ന് താരം പറയുന്നു.

അഭിനയത്തില്‍ തിളങ്ങണമെങ്കില്‍ അങ്ങിനെയാകാം എന്ന് ഉപദേശിച്ചത് വീട്ടുകാര്‍ തന്നെയാണ്, സിനിമയെ പറ്റി അങ്ങിനെ ചിന്തിച്ചിരുന്നില്ല. എഴുത്ത്, പണ്ടും വശമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ എഴുതാനുള്ള കഴിവിനെ ഉപയോഗിച്ചു.

കുടുംബപ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ച ‘ആത്മസഖി’യും ‘വാസ്തവ’വും ‘സീതാകല്യാണവു’മുള്‍പ്പടെ അഞ്ചോളം ഹിറ്റ് സീരിയലുകള്‍ അങ്ങിനെയാണ് പിറന്നതെന്ന് സംഗീത മനസ്സ് തുറക്കുന്നു. ഇന്ന് ടെലിവിഷന്‍ പ്രേക്ഷകര്‍ ഇഷ്ടപെടുന്ന ഹിറ്റ് പരമ്പരകളില്‍ ഒന്നാണ് സീതാ കല്യാണം.

വിവാഹം കഴിക്കുന്നില്ലേ എന്ന പ്രേക്ഷകരുടെ ചോദ്യത്തിനും സംഗീത മറുപടി നല്‍കുന്നുണ്ട്. തിരക്കുകളില്‍പെട്ട് താന്‍ വിവാഹം കഴിക്കാന്‍ വിട്ടുപോയതല്ല, തന്റെ ജീവിതത്തില്‍ എല്ലാം ആകസ്മികമായി സംഭവിച്ചതാണെന്നും എല്ലാം അങ്ങനെയാകട്ടെ. പക്ഷേ, വിവാഹമാണ്  സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും സംഗീത പറയുന്നു.

×