സാന്തോം ബൈബിൾ കൺവെൻഷൻ 2019 ന് തുടക്കമായി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, November 8, 2019

ഡൽഹി: സാന്തോം ബൈബിൾ കൺവെൻഷൻ 2019 ന് തുടക്കമായി. ഇന്ന് നടന്ന വചന പ്രഘോഷണത്തിലും ആത്മീയ ശുശ്രൂഷകളിലും ആയിരങ്ങൾ പങ്കെടുത്തു. ബഹുമാനപ്പെട്ട ജോയ് ചെമ്പകശ്ശേരി അച്ഛൻ നേതൃത്വം നൽകുന്ന ധ്യാനം ദൈവജനത്തിന് പുത്തൻ ആത്മീയ ഉണർവിന് പ്രേരകമായി.

കൺവെൻഷൻ ജനറൽ കൺവീനർ ഫാദർ മാർട്ടിൻ പാലമറ്റം അഭിവന്ദ്യ രൂപതാ അദ്ധ്യക്ഷനും ബഹുമാനപ്പെട്ട ജോയി ചെമ്പകശ്ശേരി അച്ഛനും ധ്യാനത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സ്വാഗതമേകി. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ ജോസ് വെട്ടിക്കലും കൂരിയാ അംഗങ്ങളും കാർമികത്വം വഹിച്ചു. തുടർന്ന് ബഹുമാനപ്പെട്ട സിസ്റ്റർ വിനീത വചനപ്രഘോഷണം നയിച്ചു. ദിവ്യകാരുണ്യ ആരാധനയോടെ ഒന്നാം ദിവസത്തെ ധ്യാനം സമാപിച്ചു.

നാളത്തെ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകുന്നത് രൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പിതാവും രൂപതയിലെ നവവൈദികരുമാണ് . ഉച്ചയ്ക്ക് ഒരു മണിക്ക് സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ മികവ് തെളിയിച്ചവരെ ആദരിക്കുന്ന സമ്മേളനവും നടക്കുന്നതാണ്.

ഉച്ചകഴിഞ്ഞ് 2.30 മണിക്ക് റിട്ടയേഡ് സുപ്രീം കോർട്ട് ജസ്റ്റിസ് കുര്യൻ ജോസഫ് വചനസന്ദേശം നൽകും. പ്രധാന കൺവെൻഷൻ ദിനമായ നാളെ രൂപതയുടെ സഹായമെത്രാനായി നിയമിതനായിരിക്കുന്ന മാർ ജോസ് പുത്തൻവീട്ടിൽ പിതാവിന്റെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെടും.

×