കൊല്ലം: ശശി തരൂരിനെ പിന്തുണച്ചു കൊല്ലം നഗരത്തിലെ വിവിധയിടങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നു. ഡി.സി.സി ഓഫീസിന് മുന്നിലും യൂത്ത് കോണ്ഗ്രസിന്റെ പേരിൽ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചു. തരൂർ ജയിക്കട്ടെ കോണ്ഗ്രസ് നിലനിൽക്കട്ടെ, തരൂർ കോണ്ഗ്രസിന്റെ രക്ഷകൻ എന്നിങ്ങനെയുള്ള ഫ്‌ളക്‌സ് ബോര്ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ശശി തരൂരിനെ എഐസിസി പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടിയുടെ നാട്ടിലെ കോൺഗ്രസുകാര്‍ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. പുതുപ്പള്ളിയിലെ തോട്ടക്കാട് വാർഡ് കോൺഗ്രസ് കമ്മിറ്റിയാണ് തരൂർ അനുകൂല പ്രമേയം പാസാക്കിയത്. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഖാർഗെയ്ക്കു പിന്നിൽ അണിനിരന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ നാട്ടിലെ പ്രവർത്തകർ തരൂരിനായി പരസ്യ നിലപാട് സ്വീകരിച്ചത്.
തോട്ടക്കാട് വാർഡ് കമ്മിറ്റിയുടെ പ്രവർത്തകർക്ക് എ ഐ സി സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടില്ല. പക്ഷേ പാർട്ടി രക്ഷപ്പെടണമെങ്കിൽ തരൂർ തന്നെ പ്രസിഡന്റാകണമെന്ന അഭിപ്രായക്കാരാണ് ഇവരെല്ലാം. അങ്ങനെയാണ് തരൂരിനായി വാർഡിലെ രണ്ട് ബൂത്ത് കമ്മിറ്റികൾ ചേർന്ന് പ്രമേയം പാസാക്കിയത്.