ശശിധരൻ പിള്ളയുടെ മൃതദേഹം നാട്ടിലേയ്ക്ക് അയച്ചു.

New Update

ദമ്മാം: സൗദി അറേബ്യയിലെ കഫ്‌ജിയിൽ മരണമടഞ്ഞ പ്രവാസിയുടെ മൃതദേഹം നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടൽ വഴി നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു.

Advertisment

publive-image

കൊല്ലം ജില്ലയിലെ കടയ്ക്കൽ ചിതറയിൽ മാടൻകാവ് തടത്തിൽ വീട്ടിൽ (വിജയ മന്ദിരം) എൻ.ശശിധരൻ പിള്ള (57 വയസ്സ്), ജനുവരി 12 ന് ഹൃദയാഘാതത്തെത്തുടർന്നാണ് കഫ്‌ജിയിൽ വെച്ച് മരണമടഞ്ഞത്. റിയാദ് ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഒരു സ്വകാര്യകമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു.

മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാനായി നിയമനടപടികൾ പൂർത്തിയാക്കാൻ കമ്പനിക്ക് ബുദ്ധിമുട്ട് നേരിട്ടതിനെത്തുടർന്ന്, ശശിധരന്പിള്ളയുടെ കുടുംബം നവയുഗം കേന്ദ്രകമ്മിറ്റി അംഗം സനു മഠത്തിലിനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. തുടർന്ന് സനുവും, നവയുഗം രക്ഷാധികാരി ഷാജി മതിലകവും കൂടി നിയമനടപടികൾ പൂർത്തിയാക്കാനുള്ള ചുമതല ഏറ്റെടുത്തു.

ശശിധരൻ പിള്ളയുടെ കമ്പനിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്ത അവർ, കഫ്‌ജിയിലെ ജീവകാരുണ്യപ്രവർത്തകനായ ജലീലിന്റെ സഹായത്തോടെ മൃതദേഹം ദമ്മാം സെൻട്രൽ ഹോസ്പിറ്റലിലേക്ക് എത്തിച്ചു. തുടർന്ന് ദമ്മാമിൽ വെച്ച് നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി നാട്ടിലേയ്ക്ക് അയയ്ക്കാനുള്ള അനുമതികൾ എല്ലാം നേടിയെടുത്തു. എന്നിട്ടും മൃതദേഹം നാട്ടിലേക്കയക്കാനുള്ള ശവപ്പെട്ടി കിട്ടാനുള്ള ബുദ്ധിമുട്ട് കാരണം ഒരാഴ്ച താമസം നേരിട്ടു.

ഒടുവിൽ എല്ലാ നടപടികളും പൂർത്തിയാക്കി ദമ്മാമിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ മൃതദേഹം ശനിയാഴ്ച നാട്ടിലേയ്ക്ക് അയച്ചു.തിങ്കളാഴ്ച രാവിലെ 9 ന് കുടുംബവീട്ടിൽ വെച്ച് അന്തിമകർമ്മങ്ങൾ നടത്തുന്നതാണ് . നാട്ടിൽ മുൻ പാരലൽ കോളേജ് അധ്യാപകൻ ആയിരുന്ന ശശിധരൻ പിള്ള പതിനഞ്ചു വർഷത്തിലധികമായി സൗദിയിൽ പ്രവാസിയായിരുന്നു. ഭാര്യ സിന്ധു. ഏകമകൻ മിഥുൻ കൃഷ്ണ.

Advertisment