സൗദി: അക്കാദമിക് വർഷം തീരും വരെ വിദ്യാഭ്യാസം ഓൺലൈൻ വഴി തുടരാൻ രാജാവിന്റെ ഉത്തരവ്

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Tuesday, February 23, 2021

ജിദ്ദ:  മാരകമായ കൊറോണാ വ്യാപന ഭീഷണി ഇനിയും വിട്ടു മാറിയിട്ടില്ലാത്ത പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസം ഓൺലൈൻ മുഖേനയായി തുടരാൻ സൗദി അറേബ്യ തീരുമാനിച്ചു. നടപ്പു അക്കാദമിക് വർഷം തീരും വരെ പഠനം ഓൺലൈൻ വഴി തുടരാൻ ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആലുശൈഖ് അറിയിച്ചതാണ് ഇക്കാര്യം. പൊതു, സ്വകാര്യ മേഖലകളിലെ സ്‌കൂൾ, യൂണിവേഴ്‌സിറ്റി, സാങ്കേതിക പരിശീലന തലങ്ങളിൽ എല്ലാമുള്ള അദ്ധ്യായനം ഓൺലൈൻ വഴി തുടരുമെന്ന് ഇക്കാര്യം വെളിപ്പെടുത്തികൊണ്ട് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആലുശൈഖ് വെളിപ്പെടുത്തി.

നടപ്പു വർഷത്തിൽ സെക്കൻഡ് ടേമ് അവസാനിക്കാൻ അവസാനിക്കാൻ ആഴ്ചകൾ അവശേഷിക്ക വേയാണ് യാഥാർഥ്യങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് കൊണ്ടുള്ള ഭരണാധികാരിയുടെ തീരുമാനം. കഴിഞ്ഞ ആഴ്ചകളിലെ രാജ്യത്തെ കൊറോണാ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമുള്ള പുതിയ തീരുമാനം, വിദ്യാർത്ഥികൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങി വിദ്യാഭ്യാസ വുമായി ബന്ധപ്പെട്ട എല്ലാവരുടെയും ആരോഗ്യം പരിഗണിച്ചു കൊണ്ടുള്ളതായി. നിബന്ധനകൾക്ക് വിധേയമായി നിലവിൽ തുടരുന്ന ഓൺലൈൻ പഠനം അധ്യായന വർഷം തീരും വരെ തുടരാനാണ് രാജാവിന്റെ നിർദേശം.

അതോടൊപ്പം, ഓൺലൈൻ പഠന രംഗത്ത് സൗദി കൈവരിച്ച മികവിന്റെ സ്ഥിരീകരണം കൂടിയാണ് പുതിയ തീരുമാനമെന്നും വിദ്യാഭ്യാസ മന്ത്രി വിവരിച്ചു. 2020 മാർച്ചിൽ ആദ്യമായി സൗദിയിൽ കൊറോണാ വ്യാപനം കണ്ടെത്തിയ വേളയിൽ തന്നെ രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാധാരണ പ്രവർത്തനം നിർത്തലാക്കുകയും ഓൺലൈൻ പഠനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

സൗദിയിൽ ഇന്ത്യയുടേത് ഉൾപ്പെടെ വിദേശ സിലബസ്സുകളോട് കൂടിയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ഓൺലൈൻ വഴിയാണ് നടക്കുന്നത്. ഇന്ത്യൻ സ്‌കൂളുകളിൽ ഇപ്പോൾ സി ബി എസ് ഇ ഗൾഫ് ബോർഡ് നടന്നു കൊണ്ടിരിക്കുകയാണ്. ഇതും ഓൺലൈൻ വഴിയാണ് നടന്നു കൊണ്ടിരിക്കുന്നത്.

×