Middle East & Gulf

ആഗസ്ത് ഒന്ന് മുതൽ വിദേശങ്ങളിൽ നിന്ന് ഉംറ തീർത്ഥാടകരെത്തും; ഇന്ത്യയിൽ നിന്നുള്ളവരുടെ കാര്യത്തിൽ അനിശ്ചിതത്വം; ഉംറ തീർത്ഥാടനം സൗദി ഞായറാഴ്ച പുനരാരംഭിച്ചു

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Monday, July 26, 2021

ജിദ്ദ: വിശുദ്ധ തീർത്ഥാടനകളുടെ പുണ്യ നാട്ടിന് വിശ്രമമില്ല. അല്ലാഹുവിന്റെ അതിഥികളായി എത്തിയ ഹാജിമാർ മടങ്ങിയതോടെ ഉംറ ഉദ്യേശിച്ച് എത്തുന്ന വിശ്വാസികളെ എതിരേൽക്കുകയായി ഹജ്ജിന്റെയും ഉംറയുടെയും നാട്.

ഈ വർഷത്തെ ഹജ്ജ് വെള്ളിയാഴ്ച സമാപിച്ചെങ്കിലും ഞായറാഴ്ച മുതൽ ഉംറ തീർത്ഥാടനത്തിനായി വിശ്വാസികൾ പുണ്യനാട്ടിൽ എത്തിത്തുടങ്ങി. ഞായറാഴ്ച കാലത്ത് ഉംറ നിർവഹിക്കാനെത്തിയ ആദ്യ സംഘത്തെ ഹറം ശരീഫ് അധികൃതർ സ്വീകരിച്ചു. ഹജ്ജ് പ്രമാണിച്ച് താൽകാലികമായി നിർത്തിവെച്ച ഉംറ തീർത്ഥാടനമാണ് ഞായറാഴ്ച പുനരാരംഭിച്ചത്.

അതേസമയം, പുതിയ ഹിജ്‌റ വാർഷാരംഭത്തോടെ വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടകർ മക്കയിൽ നേരിട്ടുള്ള യാത്രാ സർവീസുകളിൽ എത്തിത്തുടങ്ങും. ആഗസ്റ്റ് 10 (1443 മുഹറം ഒന്ന്) മുതൽ സൗദിയിലേക്ക് യാത്രാവിലക്ക് നിലവിലുള്ള രാജ്യങ്ങളിൽ നിന്നൊഴികെ മറ്റിടങ്ങളിൽ നിന്ന് നേരിട്ടെത്തുന്ന തീർത്ഥാടകരെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് തിരുഹറമുകളുടെ നാടും അവിടുത്തെ ജനങ്ങളും.

എന്നാൽ, ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഉംറയുടെ കാര്യത്തിൽ വിലക്ക് നിലനിൽക്കുക എന്ന് കൃത്യമായി ഇപ്പോൾ പറയാനാവില്ല. നിലവിൽ ഇന്ത്യ വിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിലാണ് പെടുന്നത്. മറ്റൊരു നാട്ടിൽ രണ്ടാഴ്ച്ചക്കാലം ക്വറന്റൈനിൽ കഴിഞ്ഞ ശേഷമാണ് ഇന്ത്യക്കാർക്ക് സൗദിയിലേക്ക് പ്രവേശനം ലഭിക്കുന്നത്. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ അറിവായേക്കാം.

സൗദി അംഗീകരിച്ച വാക്സിനുകളിൽ രണ്ട് ഡോസും പൂർത്തിയാക്കിയ പതിനെട്ട് വയസ്സ് പൂർത്തിയായവർക്കാണ് ഉംറയ്‌ക്കും അനുമതി. കണിശമായ പ്രോട്ടോകോൾ പാലനവും അനിവാര്യമാണ്.

സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച അഞ്ഞൂറോളം ഉംറ സർവീസ് സ്ഥാപനങ്ങൾ മുഖേനയാണ്തീർത്ഥാടനത്തിന് എത്തേണ്ടത്. രാജ്യാന്തരാടിസ്ഥാനത്തിൽ ആറായിരത്തോളം ഏജന്റുമാരും ഉംറ കമ്പനികൾക്ക് ഉണ്ട്. രജിസ്‌ട്രേഷനും പണമടക്കലും എല്ലാം ഇലട്രോണിക് സംവിധാനത്തിലൂടെയാണെന്നും നാഷണൽ ഹജ്ജ് – ഉംറ കൗൺസിൽ അംഗം ഹാനി അൽഉമൈരി വിശദീകരിച്ചു. .

ഹറമുകളിൽ നിസ്കാരങ്ങൾക്കും ഉംറയ്‌ക്കുമായി എത്തുന്നവരെ വിശുദ്ധ ഭവനത്തിന്റെ പൂർണ ശേഷിയിലാണ് സ്വീകരിക്കാൻ തിരുഹറം ഭരണസമിതി അധ്യക്ഷൻ ശൈഖ് ഡോ. അബ്ദുൾറഹ്മാൻ അൽസുദൈസ് നൽകിയ നിർദേശം മക്കാ ഹറം കാര്യ സമിതി അധ്യക്ഷന്റെ അണ്ടർ സെക്രട്ടറി ഡോ. സഅദ് മുഹമ്മദ് അൽമുഹൈമീദ് ആവർത്തിച്ചു.

ആരോഗ്യപരമായ യാതൊരു അനിഷ്ട സംഭവങ്ങളും ഇല്ലാതെ മഹാമാരി കാലത്തെ രണ്ടാമത്തെ വാർഷിക തീർത്ഥാടനം വിജയകരമായി സാക്ഷാത്കരിച്ച സൗദി അറേബ്യ രാജ്യാന്തര പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്. “ഇഅതമർനാ” എന്ന ആപ്പ് ഉപയോഗിച്ചുള്ള റീസർവേഷനിലൂടെയാണ് ഉംറയ്‌ക്കുള്ള അനുമതി.

×