ഉയര്‍ന്ന മെഹര്‍ ചോദിച്ച് വിവാഹം തടസപെടുത്തുന്നത് മനുഷ്യാവകാശ ലംഘനം സൗദി സൗദി മനുഷ്യാവകാശ കമ്മീഷന്‍.

Thursday, November 7, 2019

റിയാദ്: വിവാഹമെന്ന പെണ്‍കുട്ടികളുടെ സ്വപ്നത്തെയും അവകാശത്തെയും ചില പിതാക്കള്‍ തടയുന്നത് മനുഷ്യന്റെ അഭിമാനവും അന്തസ്സും ഹനിക്കുന്ന കടുത്ത കുറ്റകൃത്യമാണെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. കുടുംബത്തെ രൂപപ്പെടുത്തുന്ന അവകാശമാണ് ഇതിലൂടെ നിഷേധിക്കുന്നത്. ലോകത്തെ മുഴുവന്‍ നിയമങ്ങള്‍ക്കും വിശുദ്ധ ഇസ്‌ലാമിക ശരീഅത്ത് നിയമമനുസരിച്ചും സ്ത്രീകളെ വിവാഹിതരാവുന്നതില്‍നിന്നും തടയുന്നത് കടുത്ത തെറ്റാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.

പെണ്‍കുട്ടികളുടെ വിവാഹമെന്ന മോഹം തടയുന്നത് കടുത്ത പീഡനമാണ്. ഇത്തരം കാര്യങ്ങള്‍ ഏതെങ്കിലും ഭാഗത്ത് നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

സൗദിയില്‍ പെണ്‍മക്കളുടെ വിവാഹത്തിന് വരനോട് പെണ്‍കുട്ടികളുടെ പിതാവ് ഉയര്‍ന്ന മെഹര്‍ ആവശ്യപ്പെടുന്നതായി ആക്ഷേപമുണ്ട്. ഉയര്‍ന്ന മെഹര്‍ കാരണം പല യുവാക്കളുടേയും യുവതികളുടെയും വിവാഹമെന്ന സ്വപ്തം സാക്ഷാത്കരിക്കാതെ പോകാറുമുണ്ട്. ഈ പശ്ചാത്തലത്തില്‍ സൗദി മനുഷ്യാവകാശ കമീഷന്റെ പ്രസ്താവന ഏറെ ശ്രദ്‌ധേയമാണ്.

ശരീഅത്ത് നിയമത്തിലെ 39 ാം ഖണ്ഡിക പ്രകാരം വിവാഹത്തിന് രക്ഷിതാക്കള്‍ സമ്മതിക്കുന്നില്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കള്‍ക്കെതിരെ പരാതിപ്പെടാന്‍ അര്‍ഹതയുണ്ട്. രക്ഷിതാക്കളുടെ അനാവശ്യ താല്‍പര്യങ്ങളോ വാശിയോ ഏതെങ്കിലും പെണ്‍കുട്ടികളുടെ വിവാഹ അവകാശം നിഷേധിക്കുന്ന സാഹചര്യമുണ്ടായാല്‍ ആ അവകാശം തിരിച്ചുപിടിക്കുവാന്‍ നിയമപരമായും ശരീഅത്ത് അനുസരിച്ചും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍ ആവശ്യപ്പെട്ടു.

ഈ പരിഷ്‌കൃത കാലത്തും പെണ്‍കുട്ടികളുടെ വിവാഹത്തിനു രക്ഷിതാക്കള്‍ എതിര് നില്‍ക്കുന്ന പ്രവണതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്ത് ഈ മേഖലയില്‍ സമൂഹത്തെ ബോധവല്‍കരണം ചെയ്യാത്തത് കാരണമാണെന്നും ഇതിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ മുന്നോട്ട് വരണമെന്നും സൗദി മനുഷ്യാവകാശ കമീഷന്‍ ആവശ്യപ്പെട്ടു.

×