Advertisment

സൗദി കിരീടാവകാശി മദീനയിൽ; സൽമാൻ രാജാവ് മക്കയിലേക്കുള്ള പാതയിൽ ജിദ്ദയിലും

New Update

ജിദ്ദ: വിശുദ്ധ മാസത്തിൽ പുണ്യ നഗരങ്ങളിലെത്താനുള്ള ഉത്സാഹം വിശ്വാസികൾക്കെന്ന പോലെ ഭരണ നേതൃത്വത്തിനും. രാഷ്ട്രീയ കാര്യങ്ങളിലുള്ള തിരക്ക് മാറ്റിവെച്ച് രാജ്യത്തിന്റെ ചക്രം തിരിക്കുന്നവരും മക്കയിലേക്കും മദീനയിലേക്കും തിരിക്കുകയാണ്. ഒരു ദിവസമെങ്കിലും അവിടങ്ങളിൽ റംസാൻ കൊള്ളാനും തീർത്ഥാടകരുടെ കാര്യങ്ങൾ നേരിൽ കാണാനും ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പുണ്യ ഗേഹങ്ങളിൽ എത്താറുണ്ട്.

Advertisment

publive-image

പ്രത്യേകിച്ച്, മക്കയിൽ റംസാൻ അവസാന പത്തിൽ ദിവസങ്ങളോളം കഴിച്ചു കൂട്ടുക സൗദി ഭരണാധികാരികളുടെ പതിവാണ്. സൽമാൻ രാജാവ് ഇതിനായി റിയാദിൽ നിന്ന് ജിദ്ദയിൽ ഇതിനകം തന്നെ എത്തി. അവിടെ നിന്ന് മക്കയിലേക്ക് തിരിക്കുമെന്നാണ് കരുതുന്നത്. അന്നേരം, കിരീടാവകാശിയും റിയാദിൽ നിന്ന് നേരിട്ടോ ജിദ്ദ വഴിയോ മക്കയിലെത്തും.

അതിനിടെ, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രവാചകന്റെ വിശുദ്ധ നഗരവും ചരിത്രപ്രധാനമായ ഖുബാ പള്ളിയും സന്ദർശിച്ചു. ഞായറാഴ്ച കാലത്താണ് കിരീടാവകാശി മദീനയിലെത്തിയത്. വിമാനത്താവളത്തിൽ വെച്ച് മദീനാ പ്രവിശ്യാ ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ, ഉപഗവർണർ സഊദ് ബിൻ ഖാലിദ് രാജകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ കിരീടാവകാശിയെ സ്വീകരിച്ചു.

തുടർന്ന്, പ്രവാചകന്റെ ഹറം പള്ളിയിൽ എത്തിയ കിരീടാവകാശിയും സംഘവും റൗളാ ശരീഫ് പവിത്ര സ്ഥലത്ത് വെച്ച് നിസ്കാരം അനുഷ്ഠിക്കുകയും പ്രവാചകന്റെ തിരുകുടീരത്തിന് സമീപം നിന്ന് അദ്ദേഹത്തിന് സ്വലാത്തും അഭിവാദ്യവും നേർന്നു. തിരു ഹറമുകളുടെ ഭരണ സമിതി മേധാവിയും മക്കാ ഹറമിലെ ഇമാമുമായ ശൈഖ് ഡോ. അബ്ദുൾറഹ്മാൻ അൽസുദൈസും കിരീടാവകാശിയോടൊപ്പം അനുഗമിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മൂന്നാമത്തെ മദീനാ സന്ദർശനമാണ് ഇതെന്ന് ശൈഖ് അൽസുദൈസ് അനുസ്മരിച്ചു.

publive-image

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അനുഗ്രഹീത മാസമായ റമദാനിൽ മദീന സന്ദർശനം രണ്ട് വിശുദ്ധ മസ്ജിദുകളെ സേവിക്കുന്നതിലും അവയ്ക്ക് വേണ്ടിയുള്ള വലിയ കരുതലിലും ഭരണകൂടത്തിന്റെ വലിയ താൽപ്പര്യം വെളിപ്പെടുത്തുന്നതായി അൽസുദൈസ് പറഞ്ഞു. കാരുണ്യവാന്റെ അതിഥികൾക്ക് പുണ്യനഗരങ്ങൾ സന്ദർശിക്കാനും അവയിൽ അനായാസം കർമങ്ങൾ നിർവഹിക്കുന്നതിനും ഏർപ്പെടുത്തിയ സംവിധാനങ്ങൾ നേരിട്ട് കാണുകയെന്ന രാജ്യസാരഥികളുടെ താല്പര്യത്തിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി.

Advertisment