പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് 'സേവ് എ ഫാമിലി പ്ലാന്‍' കുടുംബശാക്തീകരണ പദ്ധതി വഴിയൊരുക്കി - മാര്‍ മാത്യു മൂലക്കാട്ട്

New Update

publive-image

കോട്ടയം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് സേവ് എ ഫാമിലി പ്ലാന്‍ കുടുംബശാക്തീകരണ പദ്ധതി വഴിയൊരുക്കിയെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍. മാത്യു മൂലക്കാട്ട്.

Advertisment

അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സേവ് എ ഫാമിലി പ്ലാന്‍ ഇന്‍ഡ്യ ഫൗണ്ടര്‍ മോണ്‍. അഗസ്റ്റിന്‍ കണ്ടത്തില്‍ അനുസ്മരണത്തിന്റെയും വിദ്യാഭ്യാസ ധനസഹായ വിതരണത്തിന്റയും ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ട ആളുകളുടെ സമഗ്രപുരോഗതി മുന്നില്‍ കണ്ടുകൊണ്ട് മോണ്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ വിഭാവനം ചെയ്ത പദ്ധതിയിലൂടെ അനേകായിരം കുടുംബങ്ങള്‍ക്ക് പുതുവെളിച്ചം നല്‍കുവാന്‍ സാധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ലാസിം സംഘടനാ പ്രതിനിധി കാള്‍ട്ടന്‍ ഫെര്‍ണ്ണാണ്ടസ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസ ധനസഹായ വിതരണവും നടത്തപ്പെട്ടു. നിര്‍ദ്ധന കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി 1965ല്‍ ആണ് സേവ് എ ഫാമിലി പ്ലാന്‍ ഇന്‍ഡ്യയ്ക്ക് മോണ്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ രൂപം നല്‍കിയത്.

പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം ധനസഹായം ലഭ്യമാക്കി പ്രസ്തുത കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം, സ്വയംതൊഴില്‍ തുടങ്ങിയ മേഖലകളില്‍ പുരോഗതിയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവ് എ ഫാമിലി പ്ലാന്‍ കുടുംബശാക്തീകരണ പദ്ധതി കെ.എസ്.എസ്.എസ് നടപ്പിലാക്കുന്നത്.

kottayam news
Advertisment