ന്യൂഡല്‍ഹി: ശബരിമല കേസില്‍ തിങ്കളാഴ്ച മുതല്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും.
ശബരിമല യുവതീപ്രവേശമുള്‍പ്പെടെ, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച് ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് മുന്‍പാകെ പത്തു ദിവസത്തെ വാദം മതിയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ദെ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അടുത്ത മാസം മൂന്നു മുതല്‍ മാര്‍ച്ച് ആറു വരെയുള്ള കാലയളവില്‍ 23 ദിവസം വാദം വേണമെന്നാണ് അഭിഭാഷക യോഗത്തിലുണ്ടായ നിര്‍ദേശം തള്ളിയാണ് ഉടന്‍ തന്നെ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.
ശബരിമല യുവതീപ്രവേശം മാത്രമല്ല, ഇതര മതസ്ഥനെ വിവാഹം ചെയ്യുന്ന പാര്‍സി സ്ത്രീയുടെ ആരാധനാ അവകാശം, ദാവൂദി ബോറ വിഭാഗക്കാര്‍ പെണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തില്‍ മാറ്റം വരുത്തുന്ന രീതി, മസ്ജിദുകളിലെ സ്ത്രീ പ്രവേശം എന്നിവ സംബന്ധിച്ച കേസുകളിലെ നിയമപ്രശ്‌നങ്ങളും ഒന്‍പതംഗ അംഗ ബെഞ്ച് പരിശോധിക്കും.