ദില്ലി: മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിക്കെതിരെ കോടതിയലക്ഷ്യക്കേസ്. 2020 ഓഗസ്റ്റിൽ നീതിന്യായവ്യവസ്ഥയെ വിമർശിച്ചുകൊണ്ട് രാജ്ദീപ് സർദേശായി നടത്തിയ ട്വീറ്റിന്റെ പേരിൽ സ്വമേധയാ ആണ് നടപടിയെടുത്തിരിക്കുന്നത്. കോടതിയെ ആക്ഷേപിച്ചെന്നാരോപിച്ച് ആസ്ത ഖുറാന എന്നയാൾ നൽകിയ പരാതിയേത്തുടർന്ന് രാജ്യത്തെ പരമോന്നത കോടതി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ മുമ്പ് സർദേശായിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുന്നതിൽ വിയോജിപ്പ് പ്രകടിപ്പിക്കുകയും അനുവാദം നൽകാതിരിക്കുകയും ചെയ്തിരുന്നു. സെബ്റ്റംബറിലാണ് ആസ്ത ഖുറാന പരാതി നൽകിയതെങ്കിലും കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സ്വമേധായ നടപടിയെടുത്തിരിക്കുന്നത്. കോടതിയലക്ഷ്യക്കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റം ചെയ്‌തെന്ന് വിധിയുണ്ടായ ഓഗസ്റ്റ് 14ന് സർദേശായി നടത്തിയ ട്വിറ്റർ പ്രതികരണമാണ് കേസിന് കാരണം. ‘പ്രശാന്ത് ഭൂഷൺ കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നു. ഓഗസ്റ്റ് 20ന് ശിക്ഷ വിധിക്കും. കശ്മീരിൽ ഒരു വർഷത്തിലേറെയായി തടങ്കലിൽ കഴിയുന്നവരുടെ ഹേബിയസ് കോർപസ് ഹർജി ഇപ്പോഴും അനിശ്ചിതമായി തുടരുമ്പോഴാണിത്.’
ഓഗസ്റ്റ് 31ന് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നപ്പോഴും സർദേശായി ട്വീറ്റ് ചെയ്തു. ‘സ്വയം സൃഷ്ടിച്ച നാണക്കേടിൽ നിന്ന് തലയൂരാൻ ശ്രമിക്കുകയാണ് കോടതി. വി സി മിശ്ര കേസിലെ അഞ്ചംഗ ബെഞ്ച് വിധി ഡീബാർ ചെയ്യാൻ സുപ്രീം കോടതിക്ക് അധികാരമില്ല. എന്തുകൊണ്ട് സുപ്രീം കോടതിയ്ക്ക് മാപ്പ് പറഞ്ഞ് ഇതങ്ങ് അവസാനിപ്പിച്ചുകൂടാ.’