/sathyam/media/post_attachments/HxhrrJyxMwMGKQzGhZpI.jpg)
പാലക്കാട്: നാടും നഗരവും വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികളെ വൃത്തിഹീനമായ തൊഴിൽ ചെയ്യുന്നവരെന്ന അധിക്ഷേപ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്കാര സാഹിതി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് കത്തുകളയയച്ചു പ്രതിഷേധിച്ചു. പാലക്കാട് നഗരസഭയിലെ ശുചീകരണ തൊഴിലാളി സക്കീർ ഹുസൈൻ ആദ്യ കത്തയച്ചു ഉദ്ഘാടനം ചെയ്തു.
വൃത്തിഹീനമായ തൊഴിലിൽ ഏർപ്പെടുന്നവരെന്ന പരാമർശത്തിൽ ഞങ്ങളെക്കാൾ ഏറെ വേദനിക്കുന്നത് ഞങ്ങളുടെ കുടുംബങ്ങളാണ്. സ്കോളർഷിപ്പിന് അർഹരായ മക്കളുടെ മാനസികാവസ്ഥ തിരിച്ചറിയാൻ ഭരണാധികാരികൾ തയ്യാറാകണമെന്നും അധിക്ഷേപ പരാമർശം ഒഴിവാക്കണമെന്നും സക്കീർ ഹുസൈൻ അഭിപ്രായപ്പെട്ടു.
ശുചീകരണ തൊഴിലാളികളുടെ മക്കൾക്കുള്ള പഠന സ്കോളർഷിപ്പ് അപേക്ഷ വിജ്ഞാപനത്തിലാണ് വിവാദ പരാമർശം ഇടം പിടിച്ചത്.
സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത അദ്ധ്യക്ഷത വഹിച്ചു ഹരിദാസ് മച്ചിങ്ങൽ, ലിബിൻ വലിയ പറമ്പിൽ, ഉമ്മർ ഫാറുഖ് എന്നിവർ സംസാരിച്ചു.