'അര്‍ജന്‍റീനയുടെ കളിയാണ്, സ്കൂള്‍ വിടണം'; നിവേദനവുമായി നൊച്ചാട് സ്കൂളിലെ കുട്ടി ഫാന്‍സ്

New Update

publive-image

നൊച്ചാട്: ലോകം ലോകകപ്പ് ഫുട്ബാളിന്‍റെ ആവേശത്തിലാണ്. ഖത്തറിന്‍റെ മണ്ണില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങളാണ് നടക്കുന്നത്. നിലവിലെ ചാമ്ബ്യന്‍മാരായ ഫ്രാന്‍സും മിശിഹയുടെ അര്‍ജന്‍റീനിയും ആദ്യ മത്സരത്തിനായി കളത്തിലിറങ്ങും. ഖത്തറില്‍ പന്തുരുളുമ്പോള്‍
ഫുട്ബാള്‍ പ്രേമികളായ ഏതൊരാളും പ്രായഭേദമന്യേ അതാഘോഷമാക്കുകയാണ്.

Advertisment

അര്‍ജന്‍റീനയുടെ കളികാണാനായി സ്കൂള്‍ നേരത്തെ വിടണമെന്ന് നിവേദനം നല്‍കിയിരിക്കുകയാണ് കോഴിക്കോട് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അര്‍ജന്‍റീന ഫാന്‍സ്. ഇന്ത്യന്‍ സമയം മൂന്നരക്ക് നടക്കുന്ന കളികാണാനായി ക്ലാസ് മൂന്നുമണിക്ക് വിടണമെന്നാണ് ഈ കുട്ടി ഫാന്‍സിന്‍റെ ആവശ്യം.

'ലോകകപ്പ് പശ്ചാത്തലത്തില്‍ നാളെ 3.30ന് നടക്കുന്ന അര്‍ജന്‍റീന, സൗദി അറേബ്യ മത്സരം നടക്കുകയാണ്. അതിനാല്‍ അര്‍ജന്‍റീനയെ സ്നേഹിക്കുന്ന ഞങ്ങള്‍ക്ക് ആ ഒരു മത്സരം കാണല്‍ അനിവാര്യമായി തോന്നുന്നു. അതിനുവേണ്ടി നാളെ മൂന്നുമണിക്ക് മത്സരം വീക്ഷിക്കാന്‍ വേണ്ടി സ്കൂള്‍ വിടണമെന്ന് അഭ്യര്‍ഥിക്കുന്നു. ' എന്നാണ് നിവേദനത്തിന്‍റെ പൂര്‍ണരൂപം. ബിന്‍സിന്‍ ഏകട്ടൂരാണ് കുട്ടികളുടെ നിവേദനത്തിന്‍റെ ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

ഇന്ത്യന്‍ സമയം 3.30 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്രൂപ്പ് സി മത്സരത്തില്‍ സൗദി അറേബ്യയാണ് അര്‍ജന്‍റീനയുടെ എതിരാളി. ഗ്രൂപ്പ് ഡിയില്‍ ഇന്ത്യന്‍ സമയം രാത്രി 10ന് അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ ഫ്രാന്‍സ് ആസ്ട്രേലിയയെ നേരിടും.

Advertisment