ഷാ ആലുവ പ്രവാസം മതിയാക്കുന്നു; തനത് നാടക വേദി നൽകിയത് നാടകീയ യാത്രയയപ്പ്

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Wednesday, January 13, 2021

ജിദ്ദ: നിരവധി നാടകങ്ങളിൽ അവതരിപ്പിച്ച വ്യത്യസ്തമായ വേഷങ്ങളിലൂടെ ജിദ്ദ സമൂഹത്തിനു സുപരിചിതനായ ഷാ ആലുവക്ക് തനത് നാടക വേദി നൽകിയ യാത്രയയപ്പും നാടകീയവും അതിലൂടെ വ്യത്യസ്തവുമായി. മുഹ്സിൻ കാളികാവിന്റെ സംവിധാനത്തിലാണ് പരിപാടികൾ ഏകോപിപ്പിച്ചത്. നാടകവേദിയുടെ അണിയറ പ്രവർത്തകരും കലാകാരന്മാരും കലാകാരികളും ഷായോടൊത്തുള്ള തങ്ങളുടെ അനുഭവങ്ങൾ അഭിനവ മികവിലൂടെ വേദിയിൽ പങ്കു വെച്ചായിരുന്നു  യാത്രയയപ്പ് പരിപാടിയെ വ്യതിരിക്തമാക്കിയത്.

രണ്ടു പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിനു വിരാമമിട്ടു ഷാ വൈകാതെ നാട്ടിലേക്ക് മടങ്ങും .ഷായ്ക്കുള്ള മൊമെന്റോ മാധ്യമ പ്രവർത്തകൻ മുസാഫിർ കൈമാറി. പ്രായം കുറഞ്ഞ എഴുത്തുകാരൻ എന്ന നിലയിൽ ശ്രദ്ധേയനായ മുഹമ്മദ് അമാൻ പ്രത്യേക സമ്മാനം മാധ്യമ പ്രവർത്തകൻ മുസ്തഫയിൽ നിന്ന് സ്വീകരിച്ചു. ആശംസ നേർന്ന് മുസാഫിർ സംസാരിച്ചു. മറുപടി പ്രസംഗത്തിൽ ഷാ ആലുവ ജിദ്ദയിലെ നാടക പ്രവർത്തകർരോടുള്ള കടപ്പാട് പ്രകടിപ്പിച്ചു. മുഹ്‌സിൻ കാളികാവ് എന്ന സംവിധായകൻ ഇല്ലായിരുന്നുവെങ്കിൽ താനൊരിക്കലും നാടകക്കാരൻ ആവില്ലെന്ന് അദ്ദേഹം ആത്മഗതം ചെയ്തു.

പരിപാടിയിൽ സോഫിയ സുനിൽ, സന്തോഷ്, ഗിരീഷ്, സിമി കാദർ, ഫാത്തിമ എന്നിവർക്കൊപ്പം ഷായും ഗാനങ്ങൾ ആലപിച്ചു. റയാൻ ബാവ, പ്രേം കുമാർ, പൂജ പ്രേം എന്നിവർ കവിതകൾ ആലപിച്ചു. മുഹമ്മദ് അമാൻ അവതരിപ്പിച്ച ഏകാംഗ കോമഡി ഷോ കാണികളുടെ കൈയടി നേടി. ബഷീർ അലി പരുത്തിക്കുന്നൻ സ്വാഗതവും ഉണ്ണി തെക്കേടത് നന്ദിയും പറഞ്ഞു
.
റഫീഖ് മമ്പാട്, സുനിൽ സൈദ്, സന്തോഷ് കാളികാവ് , ഗിരീഷ് കാളികാവ് ,സുബൈർ ആലുവ എന്നിവർ നേതൃത്വം നൽകി. ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിലാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് പരിപാടി സംഘടിപ്പിച്ചത്.

×