/sathyam/media/post_attachments/jDvnsMHYNBGA3ujYlV82.jpg)
ഷാര്‍ജ: 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎഇയില്‍ എത്തിയശേഷം നാടണയാന്‍ ഭാഗ്യമില്ലാതെ ഗതിമുട്ടിയ മുംബൈ സ്വദേശിനിയായ വയോധിക ഒടുവില്‍ സുമനസുകളായ പ്രവാസി സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് നാടണഞ്ഞു. മുംബൈ മദനപുര സ്വദേശിനിയായ ആമിനാബി ഫഖീര്‍ മുഹമ്മദാണ് കാല്‍ നൂറ്റാണ്ടിനുശേഷം സ്വദേശത്തേയ്ക്ക് മടങ്ങിയത്.
വര്‍ഷങ്ങള്‍ക്കുമുമ്പേ അബുദാബിയിലെത്തിയ ആമിനാബിയുടെ അബുദാബി വിസയുടെ കാലാവധി 16 വര്‍ഷങ്ങള്‍ക്ക് മുമ്പേ തീര്‍ന്നിരുന്നു. ഇവരുടെ കയ്യിലുണ്ടായിരുന്ന പാസ്പോര്‍ട്ടും പത്ത് വര്‍ഷങ്ങള്‍ക്കുമുമ്പേ കഴിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടിലേയ്ക്ക് പോകാന്‍ സാധിക്കാതെ വിഷമിച്ചിരിക്കുമ്പോഴാണ് കൊറോണ കാലത്ത് ഉദരരോഗം മൂലം ദൈദ് ഹോസ്പിറ്റലില്‍ പ്രവേശിക്കപ്പെട്ടത്. നാല് മാസത്തോളം അവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഇവരുടെ ദുരിതങ്ങളും രോഗവിവരങ്ങളും അറിഞ്ഞതിനെ തുടര്‍ന്നാണ് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ ചെയര്‍മാനും നിയമ-സാമുഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ ഏറ്റെടുത്തത്. നീണ്ട കാലത്തെ ചികിത്സയ്ക്കു വേണ്ടിവന്ന ഭീമമായ ചെലവുകള്‍ ആശുപത്രി അധികൃതര്‍ ഒഴിവാക്കി കൊടുത്തു.
ശേഷം സലാം പാപ്പിനിശ്ശേരി ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് നാട്ടിലെത്താന്‍ ഔട്ട്പാസ് ഉള്‍പ്പെടെയുള്ള രേഖകള്‍ സംഘടിപ്പിച്ചുകൊടുത്തു. ഇവര്‍ക്ക് നാട്ടിലെത്താനുള്ള ടിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളുടെ ചെലവുകള്‍ സലാം പാപ്പിനിശ്ശേരി സ്വയം ഏറ്റെടുക്കുകയും ചെയ്തു.
വിമാനത്താവളത്തില്‍ വെച്ച് സഹായി ഇല്ലെന്ന കാരണം കാണിച്ച് എയര്‍ ഇന്ത്യ യാത്ര നിരസിച്ചപ്പോള്‍ ഇവരുടെ നിസഹായാവസ്ഥ മനസ്സിലാക്കി മുംബൈ സ്വദേശിനിയായ ഡോ. ഖുഷ്ബു സേട്ട് ഇവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും മുംബൈ വരെ യാത്രയില്‍ അനുഗമിക്കുകയും ചെയ്തു.
സുരക്ഷിതമായി നാട്ടിലെത്താന്‍ ഇതും തുണയായി. യാത്രയില്‍ ആമിനാബിയുടെ പരിപാലനവും സഹായവും സഫലമായത് സാമൂഹ്യ പ്രവര്‍ത്തകയായ ഇവരുടെ സന്നദ്ധത മൂലമായിരുന്നു. അസേസിയേഷന്‍ ഭാഹവാഹികളായ കെടിപി ഇബ്രാഹിം, മന്‍സൂര്‍ അഴീക്കോട് എന്നിവരും സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
വര്‍ഷങ്ങളായി ആമിനാബിയെ നാട്ടിലെത്തിക്കാന്‍ സാധിക്കാതെ സങ്കടത്തിലായിരുന്ന കുടുംബാംഗങ്ങള്‍ക്ക് അസോസിയേഷന്‍റെയും കോണ്‍സുലേറ്രിന്‍റെയും ഇടപെടല്‍ അനുഗ്രഹമായിത്തീര്‍ന്നു. ഇവരുടെ തുടര്‍ചികിത്സകള്‍ ഇപ്പോള്‍ നാട്ടില്‍ നടന്നുവരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us