ഷാർജ: നവംബർ ഒന്ന് മുതൽ പതിനൊന്ന് വരെ നീളുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മലയാളത്തിൽ നിന്നുള്ള ഒരുപാട് എഴുത്തുകാരും വായനക്കാരും പുസ്തകങ്ങളും എത്തിച്ചേരുന്നു. അക്ഷരഉത്സവത്തിന്റെ ദിനങ്ങളെ വരവേൽക്കുവാൻ ഷാർജ ഒരുങ്ങുകയാണ്.
ഇത്തവണ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യപ്പെടുന്ന മഞ്ജു ശ്രീകുമാറിന്റെ പുസ്തകമാണ് 'ബാൽക്കണിക്കാഴ്ചകൾ'. സുസമസ്യ പബ്ലിഷേഴ്സ് ആണ് ഈ കഥാസമാഹാരണത്തിന്റെ പ്രസാധകർ.
രണ്ടു മുറികളുള്ള കൊച്ചു ഫ്ലാറ്റിന്റെ ചെറിയ ബാൽക്കണിയിലൂടെ കഥാകാരി കണ്ട വെയിലും മഴയും ആകാശവും തൊട്ടുമുമ്പിലെ കെട്ടിടത്തിലെ ബാൽക്കണികളിലെ ജീവിതങ്ങളും ഇരുപത്തിയഞ്ച് കൊല്ലത്തെ പ്രവാസ ജീവിതത്തിനിടയിൽ കണ്ട കാഴ്ചകളും കേട്ട അനുഭവങ്ങളും എല്ലാം കോർത്തിണക്കി പത്തു ബാൽക്കണിക്കാഴ്ചകളായി കഥകൾ ഈ പുസ്തകത്തിൽ നിരയിടുന്നു.
മുമ്പും പല പുസ്തകങ്ങളിൽ മഞ്ജു സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇരുപത്തിയൊന്ന് വാരിയെല്ലുകൾ, ലാൽബാഗ് എക്സ്പ്രെസ്സ്, സമസ്യാരവം, ഗഡീസ്, ഡാർക്ക് റൂട്ട്സ്, കഥ പറയുന്ന ഗ്രാമങ്ങൾ എന്നീ പുസ്തകങ്ങളിൽ മഞ്ജു ഭാഗമായി. ഇരുപത്തിയൊന്ന് വാരിയെല്ലുകൾ, ഡാർക്ക് റൂട്ട്സ്, അക്കാഫ് ഇവന്റസ് സുവനീർ 2023 എന്നീ പുസ്തകങ്ങളുടെ എഡിറ്റോറിയൽ ബോർഡ് അംഗമായിരുന്നു.
ഒൻപത് വർഷത്തോളം ദുബായിലും ഷാർജയിലുമായി വിവിധ അന്താരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്തു. ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിലെ എഴുത്തിനും ഡെസേർട് ഡ്രൈവിനും വ്‌ളോഗിങ്ങിനും ഒപ്പം സാമൂഹ്യ പ്രവർത്തന കൂട്ടായ്മകളിലും സജീവം.
തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലുർ ആണ് മഞ്ജു ശ്രീകുമാറിൻറെ സ്വദേശം. 1998 മുതൽ കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുന്നു. ഭർത്താവ് ശ്രീകുമാർ. മക്കൾ സാരംഗ്, സൗരവ്, ശിവാംഗി.