/sathyam/media/media_files/6JKV1u0VvCTcEkNADxSf.jpg)
ഒരിക്കൽ റെറ്റേഴ്സ് ബ്ലോക്കിലൂടെ കടന്നുപോവുകയും പിന്നീട് ശക്തമായി തിരികെവരികയും ചെയ്ത എഴുത്തുകാരനാണ് ജേക്കബ് എബ്രഹാം. സ്ത്രീ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങൾ ആവിഷ്ക്കരിക്കുന്ന ഇരുമുഖി, സാരി, അങ്ങനെ ഒരു ക്രിസ്മസ് കാലത്ത് തുടങ്ങി മൂന്ന് നോവെല്ലകളുടെ പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യപ്പെടുന്നു.
പ്രസാധകർ മനോരമ ബുക്‌സ്. നവംബർ 9 ന് നടക്കുന്ന പ്രകാശനത്തിൽ എഴുത്തുകാരനും ചിത്രകാരനുമായ മുക്താർ ഉദരംപൊയിൽ കഥാകൃത്ത് ജോയ് ഡാനിയലിന് നൽകി പുസ്തകം പ്രകാശിപ്പിക്കും. ഒപ്പം സാഹിത്യ സൗഹൃദ സമ്മേളവും ഒരുക്കിയിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ പുരസ്ക്കാരം, പ്രഥമ പി. അയ്യനേത്ത് സ്മാരക പുരസ്ക്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ ജേക്കബ് ഏബ്രഹാം മലയാളം മിഷൻ റേഡിയോ മലയാളം മേധാവിയാണ്. എഴുത്തുകാരനെ നിരാശയിലാക്കുന്ന റെറ്റേഴ്സ് ബ്ലോക്ക് കാലത്തിന്റെ പ്രതിസന്ധികളിലൂടെ കടന്നുപോയ ജേക്കബ് ഏബ്രഹാമിൻറെ അനുഭവത്തിലൂടെ.
"പാർവതിപുരത്തെ വീട്ടിൽ എഴുത്തുകാരൻ ജയമോഹനെ കാണാൻ പോയപ്പോൾ ഞങ്ങൾ രണ്ടു പേരും കൂടെ കുറച്ച് ദൂരം കനാലിന്റെ ഓരം ചേർന്ന് നടന്നു. എന്റെ ആദ്യ നോവലിന്റെ പ്രകാശനത്തിന് അദ്ദേഹത്തെ ക്ഷണിക്കാൻ പോയതാണ്. നാഞ്ചിനാടൻ കാറ്റ് യക്ഷിപ്പനകൾക്ക് മുകളിലൂടെ കറങ്ങി വേളിമല ചുറ്റി താമരക്കുളങ്ങളിറങ്ങി ഞങ്ങളെ തഴുകുന്നുണ്ടായിരുന്നു.
നടക്കുന്നതിനിടയിൽ ജയമോഹൻ രണ്ടു കാര്യങ്ങൾ ഉപദേശിച്ചു. ഒന്ന് കൂടുതലെഴുതണം. രണ്ട്, എഴുത്തുകാരന് കൃതികൾ കുട്ടികളെപ്പോലെ. ചിലർ തല്ലിപ്പൊളികളാകും. ചിലർ മിടുമിടുക്കന്മാരാകും. സത്യമായ കാര്യമാണ്. കൃതികളും അതുപോലെ. മലയാളത്തിൽ പ്രിയപ്പെട്ട എഴുത്തുകാരൻ അന്ന് പറഞ്ഞത് ഞാനിന്ന് ഓർക്കുന്നു.
ഒരു പതിറ്റാണ്ട് കാലം എനിക്ക് റെറ്റേഴ്സ് ബ്ലോക്ക് ബാധിച്ചു. ആ കാലത്ത് എഴുത്തിൽ നിന്നും വിട പറഞ്ഞതിനു ശേഷം വീണ്ടും എഴുത്തിൽ സജീവമായപ്പോഴാണ് റെറ്റേഴ്സ് ബ്ലോക്കിനെക്കുറിച്ച് തുറന്ന് എഴുതി തുടങ്ങിയത്. പലരും വിളിക്കുകയും സന്ദേശമയക്കുകയും ചെയ്തു.
നിരവധി സംശയങ്ങളായിരുന്നു. എന്താണ് റെറ്റേഴ്സ് ബ്ലോക്ക്? സത്യത്തിൽ അങ്ങനെയൊന്നുണ്ടോ..? വെറുതെ പറയുന്നതാണോ..? ആ കാലങ്ങളെ എങ്ങനെയാണ് നേരിട്ടത്..? നൂറായിരം സംശയങ്ങൾ.
ഇപ്പോൾ എന്റെ എഴുത്തു മേശയുടെ ഏകാന്തതയിലിരുന്ന് ആ കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിൽ വരുന്നു. ഇന്ന് എല്ലാ ദിവസവും എന്തെങ്കിലും എഴുതാൻ ശ്രമിക്കുന്ന എഴുത്തുകാരനാണ് ഞാൻ.
ജാക്ക് ലണ്ടൻ, മുറകാമി തുടങ്ങിയ ലോകോത്തര എഴുത്തുകാരെല്ലാം ദിവസവും എഴുതുന്നവരാണ്. എഴുത്തു നിലക്കുന്നതിനെക്കുറിച്ച് കാഫ്ക ഒരിടത്ത് പറയുന്നത്. "ഹാ കഷ്ടം പത്തു ദിവസം വെറുതെ പോയി ഒരു കഥയെഴുതാൻ കഴിയാതെ. ഒരു പേജ് അവിടെ. ചില പാരഗ്രാഫുകൾ അത്രമാത്രം. രാവിലെ ഉണരാൻ എനിക്ക് ഭയമാണ്".
ഇസബൽ അലൻഡെ എല്ലാ ദിവസവും ഓപ്പറേയ്ക്ക് പോവുന്നപോലെ വസ്ത്രധാരണം ചെയ്യും കോഫിയും ബ്രേക്ക്ഫാസ്റ്റും കഴിഞ്ഞ് വീട്ടിൽ എഴുത്തു മുറിയിലേക്ക് തപാൽക്കാരനെപ്പോലും കാണില്ല. ഫാക്ടറി പണിപോലെ എല്ലാ ദിവസവും എഴുത്തിനെ കാണണമെന്ന് മുറകാമി. ബോസ്ഫറസ് നദിയെ അഭിമുഖീകരിച്ചിരുന്നാണ് ഓർഹാൻ പാമുക്ക് എഴുതുന്നത്. ദത്തെടുത്ത തന്റെ കുടുംബം വീട്ടിലുള്ളപ്പോൾ സന്തോഷത്തോടെ റസ്ക്കിൻ ബോണ്ട് എഴുതുന്നു.
എഴുത്തു നിലച്ച ആ ദിനങ്ങളെ ഓർക്കുമ്പോൾ പലരോടും സംസാരിച്ചത് ഞാനോർക്കുന്നുണ്ട്. "ട്രാഫിക്ക് ബ്ലോക്ക് എന്ന് കേട്ടിട്ടുണ്ടാവും പക്ഷെ റെറ്റേഴ്സ് ബ്ലോക്ക് എന്ന് പലരും ആദ്യമായിട്ടാവും കേൾക്കുന്നത്. എഴുത്തുകാർക്ക് സംഭവിക്കുന്ന വലിയ ട്രാഫിക്ക് ബ്ലോക്കാണിത്" എന്റെ സുഹൃത്ത് ചോദിച്ചതിന് മറുപടിയായി പറഞ്ഞതാണിത്.\
1940 കളിൽ എഡ്മണ്ട് ബർഗ്ലർ എന്ന സൈക്കാട്രിസ്റ്റാണ് അക്കാദമിക്ക് സാഹിത്യത്തിൽ റെറ്റേഴ്സ് ബ്ലോക്ക് എന്ന പ്രതിഭാസത്തെ ആദ്യമായി പരിചയപ്പെടുത്തിയത്. എഴുത്ത് തടസ്സം ബാധിച്ച നിരവധി എഴുത്തുകാരെ ഇതിനായി അദ്ദേഹം നേരിട്ടു കണ്ടു. ഫ്രോയിഡിയൻ തിയറി അടിസ്ഥാനമാക്കിയ പഠനമാണ് സൈക്കാട്രിസ്റ്റ് നടത്തിയത്.
അതിൽ അദ്ദേഹം കണ്ടെത്തിയ പ്രകാരം എഴുത്തുകാരൻ / എഴുത്തുകാരി ഒരു സൈക്കോ അനലിസ്റ്റാണ്. തനിക്കുള്ളിൽ സംഭവിക്കുന്ന നിരവധി മാനസിക പ്രശ്നങ്ങൾക്ക് എഴുത്തിലൂടെയാണ് അവർ പരിഹാരം കാണുന്നത്. അതാണ് സാഹിത്യരചനകളായി മാറുന്നത്. അതിനാൽ റെറ്റേഴ്സ് ബ്ലോക്ക് ബാധിച്ച എഴുത്തകാരൻ ചിത്തഭ്രമത്തിന്റെ അവസ്ഥകളിലൂടെ കടന്നുപോകുന്നതായി അദ്ദേഹം കണ്ടെത്തി.
തുടർന്ന് ബാരിയോസ്, സിങ്ങർ എന്നിവരും ഈ മേഖലയിൽ റിസേർച്ച് നടത്തി. അവരുടെ കണ്ടെത്തലിൽ എഴുത്തിനെ തടസ്സപ്പെടുത്തുന്ന പ്രധാന ഘടകം മാനസ്സിക പ്രതിസന്ധികൾ തന്നെയാണെന്ന് കണ്ടെത്തി. ഇതിന്റെ ഭാഗമായി മറ്റുള്ളവരോടുള്ള ദേഷ്യം, അത് പിന്നെ വിഷാദമായി രൂപാന്തരപ്പെടുന്നു. ഇങ്ങനെ ഒന്നും എഴുതാൻ കഴിയാത്ത എഴുത്തുകാർ വിഷാദത്തിലേക്ക് വഴുതി വീഴും.
സർഗശേഷിയുടെ സ്വപ്നം അവർക്ക് നഷ്ടപ്പെട്ട അവസ്ഥയിൽ ജീവിതത്തെ ഇരുളടഞ്ഞ ഭാവത്തോടെ നോക്കുകയും ചെയ്യുന്നു. ചിലർക്ക് കടുത്ത ഡിപ്രഷനൊപ്പം ഭ്രാന്തുവരെ പിടിപെടുന്നു. ഉന്മാദത്തിന്റെ ഗർത്തത്തിലേക്ക് അവർ വഴുതി വീഴുന്നു. ചിലർ ആത്മഹത്യ ചെയ്യുന്നു. മോട്ടിവേഷൻ നഷ്ടപ്പെടുന്നതോടെ നിരാശാബോധം മനസ്സിനെ ആഴത്തിൽ കാർന്നുതിന്നുന്നു. എഴുത്തിൽ ഒട്ടുമേ ആനന്ദം തോന്നാത്ത അവസ്ഥ ബാധിക്കുന്നതോടെ നിരാശ പൂർണ്ണമാവുന്നു.
ഈ അവസ്ഥയിലൂടെ ഞാനും കടന്നുപോയി
റെറ്റേഴ്സ് ബ്ലോക്കിൽ നിന്നും രക്ഷപെടാനായി ഈ സൈക്കാട്രിസ്റ്റുകൾ പല നിർദ്ദേശങ്ങളും മുന്നോട്ടു വെക്കുന്നുണ്ട്. മനസ്സിന്റെ സർഗാത്മകമായ എക്സർസൈസുകളാണ് പരമപ്രധാനം. ഒരു മുറിയിൽ ഏകനായിരുന്ന് ഉല്ലാസവും ഉന്മേഷവും പകരുന്ന പത്ത് ചിത്രങ്ങൾ മനസ്സുകൊണ്ട് വരക്കുകയാണ് അതിലൊന്ന്. അത് കടലാസിൽ പകർത്തുകയും ചെയ്യാം. ഈ പരീക്ഷണം അവർ പല എഴുത്തുകാരിലും നടത്തി. വിജയകരമായിരുന്നു പലതും. എഴുത്ത് നിലച്ച പലരും എഴുത്തിലേക്ക് തിരിച്ചു വന്നു.
'ദ സൈക്കോളജി ഓഫ് ക്രിയേറ്റീവ് റെറ്റിങ്ങ്' എന്ന പുസ്തകത്തിൽ സൈക്കോളജിസ്റ്റ് സ്ക്കോട്ട് ബാരി കോഫ്മാൻ ഈ തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. നോട്ടുബുക്കിലോ, ഡയറിയിലോ റാൻഡം റെറ്റിങ്ങ് പരിശീലിക്കുക എന്നതാണ് അതിലൊന്ന്. ഇങ്ങനെ പല കാര്യങ്ങളും ഞാൻ എഴുത്ത് നിലച്ച കാലങ്ങളിൽ പരിക്ഷിച്ചു. അതിൽ എനിക്ക് ഏറ്റവും പ്രതീക്ഷ പകർന്നത് മരിയ കോനിക്കോവ എന്ന എഴുത്തുകാരിയുടെ വാക്കുകളാണ്. "നിങ്ങളുടെ സാഹിത്യ സൃഷ്ടി എത്ര ചെറുതായാലും ധൈര്യപൂർവ്വം എഴുതുക എന്നതാണ് പ്രഥമ കർത്തവ്യം".
റെറ്റേഴ്സ് ബ്ലോക്ക് പിടിപെട്ട തമോകാലങ്ങളിൽ ഞാൻ സത്യത്തിൽ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചിരുന്നു. എഴുത്തുകാരന്റെ മരണമാണ് സത്യത്തിൽ റെറ്റേഴ്സ് ബ്ലോക്ക്. പല കാരണം കൊണ്ടു ഇതു സംഭവിക്കാം. നമ്മുടെ എഴുത്തിലുള്ള ആത്മവിശ്വാസക്കുറവ് ഒരു കാരണമാണ്. പിന്നീട് തിരസ്ക്കാരങ്ങൾ. എഴുത്തുകാരനെ വായനക്കാർ അവഗണിക്കുന്നത് എഴുത്ത് തടസ്സത്തിന് കാരണമാണ്.
ഒരു സുപ്രഭാതത്തിൽ ഞാൻ വീണ്ടും എഴുതാൻ തീരുമാനിച്ചു. ആത്യന്തികമായി ഇതു നമ്മുടെ കൺവിക്ഷനാണ്. നമ്മുടെ എഴുത്ത് നൽകുന്ന ആത്മവിശ്വാസം നമുക്കാദ്യം തോന്നണം. ഇതെല്ലാം ആത്മപ്രകാശനമാണല്ലോ.. ധൈര്യമാണ് ഏറ്റവും വലുത്. ഈ വിഷയത്തിൽ ഞാൻ ഒരു നോവൽ എഴുതി വരുന്നുണ്ട്. റെറ്റേഴ്സ് ബ്ലോക്കിന് മുൻപുള്ള കാലഘട്ടങ്ങളിൽ ഞാൻ എഴുത്തിൽ സജീവമായിരുന്നു. വളരെ ചെറുപ്പത്തിലേ കഥ എഴുതി വന്ന ഒരാളാണ്.
പത്തനംതിട്ടയിലെ കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിയായിരുന്നു ഞാൻ. കാമ്പസ് കാലത്താണ് കഥയിലേക്ക് വരുന്നത്. 2001-ൽ ലഭിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപ്പതിപ്പ് കഥാമത്സരത്തിൽ ലഭിച്ച ഒന്നാം സ്ഥാനം വല്ലാത്ത ആത്മവിശ്വാസമാണ് നൽകിയത്. മലയാളകഥയുടെ കുലപതിയായ ടി.പദ് മനാഭൻ അടങ്ങുന്ന ജൂറിയാണ് വിധി നിർണ്ണയിച്ചത്.
കോഴിക്കോട് ടൗൺഹാളിൽ നടന്ന സമ്മാനദാനത്തിൽ പങ്കെടുക്കണം എന്നു പറഞ്ഞ് ഫോൺ വന്നത് അയൽപക്കത്തെ വീട്ടിലേക്കാണ്. സമ്മാനം വാങ്ങാൻ നാട്ടിലെ സുഹൃത്തിനെയും കൂട്ടി കോഴിക്കോട്ടേക്ക് പോയത് ഇന്നും ഓർമ്മയുണ്ട്. കഥകളിൽ വായിച്ചു പരിചിതമായ ആ അത്ഭുതനഗരത്തിലേക്കുള്ള യാത്രയായിരുന്നു.
സമ്മാനദാന ചടങ്ങിനിടെ ടി.പദ്മനാഭൻ സ്വർണ്ണം പൂശിയ പേന ഒരു ബോക്സിലിട്ട് തന്നു. ആദ്യമായാണ് ബോക്സിൽ പേന കാണുന്നത്. അന്ന് കെ.കെ.ശ്രീധരൻ നായരായിരുന്നു ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ. അദ്ദേഹം കോഴിക്കോടും മാതൃഭൂമിയും കണ്ട് വിരണ്ട എന്നെ സഹാനുഭൂതിയോടെ സ്വീകരിച്ചു.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തുടർച്ചയായി കഥകൾ വരാൻ തുടങ്ങി. വായനക്കാരും മുതിർന്ന എഴുത്തുകാരുമൊക്കെ എന്നെ ശ്രദ്ധിച്ചു തുടങ്ങി. മലയാളചെറുകഥയെ വളരെ ആഴത്തിൽ പഠിച്ച ഡോ.കെ.എസ് രവികുമാർ സാർ അദ്ദേഹത്തിന്റെ ചെറുകഥ പഠന പുസ്തകത്തിലൊക്കെ പരാമർശിച്ചു. മലയാളത്തിലെ വിഖ്യാതനായ കോള മിസ്റ്റും നിരൂപകനുമായ എം.കൃഷ്ണൻ നായർ സാർ അദ്ദേഹത്തിൽ സാഹിത്യവാരഫലത്തിൽ എന്നെ നല്ലതും ചീത്തയും പറഞ്ഞു.
പ്രമുഖമായ സാഹിത്യ മാസികകളിലെല്ലാം കഥ അച്ചടിച്ചു വന്നു. വായനക്കാർക്കിടയിലും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഇതിനിടയിലാണ് ജീവിതത്തെ വഴി മാറ്റിയ പ്രണയത്തിലേക്ക് ഞാൻ പ്രവേശിക്കുന്നത്. സാഹിത്യക്യാമ്പുകളിൽ നിന്നും ലഭിച്ച കൂട്ടുകാരി എഴുത്തുകാരി വീണയുമായുളള പ്രണയത്തോടെ, അതിന്റെ സംഘർഷങ്ങളോടെ എഴുത്ത് നിലച്ചു.
ഓടി വന്ന തീവണ്ടി ചങ്ങല വലിച്ച് നിർത്തപ്പെട്ട പോലെ. രണ്ടു മതത്തിലും രണ്ടു സാമ്പത്തികാവസ്ഥയിലും പെട്ടവരായതിനാൽ തന്നെ വല്ലാത്ത പ്രതിസന്ധി ഉടലെടുത്തു. ചെറിയ ചെറിയ ജോലികൾ ചെയ്ത് ജീവിതം രൂപപ്പെടുത്തി. ജേർണലിസം പഠിച്ച ഞാൻ അഡ്വർട്ടെസിംഗ് മേഖലയിലേക്ക് തിരിഞ്ഞു.
ഇതിനിടയിൽ ഞങ്ങൾ വിവാഹിതരായി. രണ്ടു പേരും എഴുതാതായി. റേറ്റേഴ്സ് ബ്ലോക്ക് ബാധിച്ചു. പലപ്പോഴും കടുത്ത ഡിപ്രഷനിലൂടെ കടന്നുപോയി. പുസ്തകങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്ന ഞാൻ. പുസ്തകോത്സവങ്ങൾക്ക് പോകാതെയായി. പത്തു വർഷങ്ങൾ ഒന്നു മെഴുതാതെ കടന്നുപോയി. ഇപ്പോൾ കുറച്ച് സ്വസ്ഥത ലഭിച്ചപ്പോൾ ആർത്തിയോടെ എഴുത്തിലേക്ക് തിരിച്ചെത്തി.
വീണയും മെല്ലെ മെല്ലെ എഴുത്തിലേക്ക് തിരികെയെത്തുന്നുണ്ട്. എഴുത്ത് നിലച്ച ഇരുണ്ട കാലഘട്ടം താണ്ടി വരുന്ന പുതിയ വെളിച്ചം എന്റെ എഴുത്ത് മേശയെ പ്രകാശപൂരിതമാക്കുന്നു".