മഹാലക്ഷ്മി മനോജിന്റെ കഥാസമാഹാരം 'മകൾക്ക് ' - ഷാർജ പുസ്തകമേളയിൽ

author-image
ഗള്‍ഫ് ഡസ്ക്
New Update
makalkku mahalakshni mano

'നമ്മൾ പുസ്തകത്തെപ്പറ്റി സംസാരിക്കുന്നു' എന്നാണ് ഈ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ മൊഴി. അത് അന്വർത്ഥമാക്കുന്ന രീതിയിലാണ് നവംബർ ഒന്ന് മുതൽ പന്ത്രണ്ട് വരെ ഷാർജ എക്സ്പോ സെന്ററിൽ ലോകത്തെ വലിയ പുസ്തകമേളകളിൽ ഒന്നായ ഷാർജ പുസ്തകമേള നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും ഒട്ടനവധി എഴുത്തുകാരും പ്രസാധകരും വായനക്കാരും ഒന്നിച്ച് ചേരുകയാണ് ഈ പുസ്തക മാമാങ്കത്തിൽ.

Advertisment

പുസ്തകമേളയിൽ ധാരാളം മലയാളം പ്രസാധകരും പുസ്‌തകങ്ങളും എത്തിച്ചേരുന്നുവെന്നത് പ്രവാസി മലയാളികൾക്ക് ഉത്സവപ്രതീതി നൽകുന്നു. ഇത്തവണ ഈ പുസ്തകമേളയിൽ വെച്ച് പ്രകാശനം ചെയ്യപ്പെടുന്ന മഹാലക്ഷ്മി മനോജിന്റെ കഥാസമാഹാരമാണ് "മകൾക്ക്".

ഇരുപത്തിയഞ്ചു കഥകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കവർ പേജ് പ്രകാശനം ചെയ്തത് എഴുത്തുകാരിയും കൈരളി ബുക്ക്സ് പ്രൂഫ് എഡിറ്ററുമായ വിനീത അനിൽ ആണ്. അവതാരികയിൽ വിനീത അനിൽ ഇപ്രകാരം പറയുന്നു:

"ജീവിതവുമായി അടുത്ത് നിൽക്കുന്ന രചനകൾ സൃഷ്ടിച്ചെടുക്കുക എളുപ്പമാണ് പക്ഷെ അത് വായിക്കുന്നവരുടെ മനസിലേക്ക് കടന്നു ചെല്ലുന്ന വിധം ജീവസുറ്റതാക്കുക എന്നത് വളരെ ശ്രമകരമായ ഒരു ജോലി തന്നെയാണ്. ആ ഒരു ശ്രമം വിജയിക്കുമ്പോഴാണ് ഒരു രചയിതാവിന്റെ കർമ്മപഥവും സാഫല്യത്തിലേക്ക് എത്തുന്നത്.

ഈ കഥാസമാഹാരത്തിലെ ജീവൻ തുടിച്ചു നിൽക്കുന്ന ഓരോ കഥകളിലൂടെയും സഞ്ചരിക്കുമ്പോൾ മനസിലാകും മഹാലക്ഷ്മി എന്ന രചയിതാവിന്റെ വരികളുടെ പ്രത്യേകത. മഹാലക്ഷ്മി മനോജിന്റെ രണ്ടാമത്തെ പുസ്തകമാണ് "മകൾക്ക്", ആദ്യത്തെ കഥാസമാഹാരമായ "പെയ്തൊഴിഞ്ഞ വർഷങ്ങൾ" കഴിഞ്ഞ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഒരാഴ്ച കൊണ്ട് മുഴുവൻ കോപ്പികളും വിറ്റു വളരെയധികം ശ്രദ്ധ നേടിയിരുന്നു.

"മകൾക്ക്" എന്ന ഈ രചനയും ഏറ്റവും നല്ലൊരു വിജയമാകും എന്നെനിക്ക് നിസ്സംശയം പറയുവാൻ കഴിയും, കാരണം മനസ്സിനെ അത്രമേൽ സ്പർശിച്ചു  പോകുന്ന കുഞ്ഞു കഥകളുടെ വലിയൊരു ലോകമാണിത്".

തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ സ്വദേശിനിയാണ് മഹാലക്ഷ്മി, ദുബൈയിൽ അൽ ജലീല് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ മെഡിക്കൽ സെക്രെട്ടറിയായി ജോലി ചെയ്യുന്നു, ഭർത്താവു മനോജ്, മകൾ അദിതി, ഷാർജയിൽ താമസം. കൈരളി ബുക്‌സ് കണ്ണൂർ ആണ് പുസ്‌തകത്തിന്റെ പ്രസാധകർ.

Advertisment