ഷാര്‍ജ: 'ഏതോ നാട്ടിലെ ആരൊക്കെയോ ചിലർ' എന്ന അജിത് വള്ളോലിയുടെ കഥാസമാഹാരം ഈ വരുന്ന ഷാർജ പുസ്തകമേളയിൽ നവംബർ പതിനൊന്നിന് രാത്രി പത്തുമണിക്ക് പ്രകാശിക്കപ്പെടും.
പുസ്തകത്തെപ്പറ്റി എഴുത്തുകാരൻറെ വാക്കുകൾ: "അടയാളമില്ലാത്ത കാലങ്ങളിൽ, എവിടെയൊക്കെയോ ജീവിച്ചിരുന്ന എപ്പോഴൊക്കെയോ കണ്ടു മറന്ന, വാമൊഴികളായി കേട്ടതും, കള്ളക്കഥകൾ എന്ന് തോന്നിപ്പിച്ചാലും രസിച്ചാസ്വദിച്ചതും, വിസ്മയിപ്പിച്ചതും ആയ ചില ഓർമ്മകളും അടുക്കും ചിട്ടയും ഇല്ലാതെ മനസ്സിൽ ചെറിയ ശകലങ്ങളായി കയറി കൂടും.
അതിൽ പലതും പലപ്പോഴും ഓർമ്മയിൽ മിന്നൽവെളിച്ചം പോലെ മിന്നി മറയും. യഥാർഥ്യവും ഭാവനയും തിരിച്ചറിയാനാവാത്ത വിധം ഇടകലർന്ന ആ ജീവിതങ്ങളെയും സംഭവങ്ങളെയും ആധാരമാക്കി, കുറച്ചു മാത്രം സത്യവും വളരെയധികം മുട്ടൻ നുണകളും ചേർത്തു കഥകളാക്കി. ചിതറി കിടക്കുന്ന ഓർമകളിൽ നിന്ന് കഥകൾ ലഭിക്കുന്നത് പല വിധേനയാണ്.
ചിലപ്പോൾ ചില സംഭവങ്ങൾ ഓർക്കുമ്പോൾ, ചിലരെപ്പറ്റി കേൾക്കുമ്പോൾ, ചില സ്ഥലങ്ങളിലൂടെ പോകുമ്പോൾ, ചില വാഹനങ്ങൾ കാണുമ്പോൾ. അങ്ങനെ പലയിടങ്ങളിൽ നിന്ന് കളഞ്ഞു കിട്ടിയ ആശയങ്ങളിൽ ആവശ്യത്തിലും അതിലധികവും അതിശയോക്തി ചേർത്തപ്പോൾ പിറന്നവരാണ് ഇതിലെ ‘ചിലർ’"
പുസ്തകത്തെപ്പറ്റി എഴുത്തുകാരി ഇന്ദു മേനോൻ ഇപ്രകാരം അഭിപ്രായപ്പെടുന്നു: പാലക്കാടൻ നാട്ട് ഗ്രാമങ്ങൾക്കൊരു പ്രത്യേകതയുണ്ട്. വയലായാലും ശരി, കുറുമ്പാച്ചി മലയായാലും ശരി കാഴ്ചപോലെ സൗമ്യമല്ലാത്ത ഒരുഷ്ണമുണ്ടതിന്. നമ്മുടെ കവിൾത്തൊലി പൊള്ളിച്ചടർത്തുന്ന ഒരു തരം സൂര്യന്റെ മാന്ത്രികവിദ്യപോലെ. പാലക്കാട്ടെ എഴുത്തുകാരും അങ്ങനെ തന്നെയാണ്.
നെല്ല് കതിർ പൊട്ടി കാറ്റിൽ നിറയെ പുഴുക്കവും നെൽമണവും പടർത്തുന്ന, കരിമ്പനകളിൽ നിന്നും കള്ളിന്റെ പൂസ്സാക്കുന്ന പുളിമണം, ഒപ്പം വേലയും പൂരവും ആഹ്ലാദം കൊട്ടിപ്പെരുക്കുന്ന പടയണികളും നാനാ ജാതികളും തമിഴ് കലർന്ന സങ്കര മലയാള ഭാഷയും. ഇവയെല്ലാം മലയാളസാഹിത്യത്തിലേയ്ക്ക് ശ്രദ്ധേയമായ രീതിയിൽ കൊണ്ടുവന്നത് ഒ.വി. വിജയനാണ്.
ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലൂടെ ഒരു പൂർണ്ണ പാലക്കാടൻ ഗ്രാമം എന്തായിരിക്കുമെന്ന് വായനക്കാരൻ തിരിച്ചറിഞ്ഞു. തസറാക്ക് എന്ന ഗ്രാമം ഖസാക്ക് ആയതും അനവധി മനുഷ്യരുടെ അനവധി കഥകൾ ഒറ്റ പുസ്തകത്തിൽ ചേർത്തുവച്ചതും വ്യഥയോടും സന്തോഷത്തോടും നമ്മൾ വായിച്ചു. അത്തരത്തിലുള്ള ഒരു വായനാനുഭവം നൽകുന്ന എഴുത്തുകൾ ആണ് അജിത് വള്ളോലിയുടേത്.
വിക്ടർ ലീനസിന്റെ കഥകളിൽ എല്ലാം കാണുന്ന ഒരു കഥ തുടർച്ച മാധവന്റെ രാഘവൻ കഥകളിൽ കാണുന്ന കഥാപാത്ര തുടർച്ച അതെല്ലാം ഇത്തരം സങ്കേതത്തിന്റെ മുന്മാതൃകകളാണ്. മറ്റൊരു ഖസാക്കിന്റെ ഇതിഹാസം പോലെയുള്ള ഒരു നോവലിൻറെ സാധ്യതയെ തള്ളിക്കളഞ്ഞുകൊണ്ട് കഥകളായി തന്നെ അജിത്ത് ഇവയെ അവതരിപ്പിക്കുകയാണ് അതിൻറെ സൗന്ദര്യവും അതിൻറെ സൗന്ദര്യക്കുറവും ഒരേപോലെ ഈ പുസ്തകം നേരിടുന്നുണ്ട്. ഇതിലെ പല കഥാപാത്രങ്ങളെയും ജീവിതത്തിൽ നേരിട്ട് കണ്ടപോലെ വായനക്കാരന് വേദ്യമാക്കുന്നുവെന്നിടത്താണ് അജിത്തിന്റെ എഴുത്തുമികവ്"
/sathyam/media/media_files/FzaWdSRV95vuFkRwCuLu.jpg)
പുസ്തകത്തിലെ കഥകൾക്ക് ചിത്രങ്ങൾ വരച്ചിരിക്കുന്നത് ചിത്രകാരിയും എഴുത്തുകാരിയും ഫാഷൻ ഡിസൈനറുമായ ഷർമിനയാണ്. പ്രസാധകർ കൈരളി ബുക്‌സ്, കണ്ണൂർ.
പാലക്കാട് ജില്ലയിലെ കണ്ണാടി സ്വേദേശിയാണ് അജിത്. ഹരിദാസ്, വനജ മാതാപിതാക്കൾ. കണ്ണാടി ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസവും, കോയമ്പത്തൂർ ശ്രീനാരായണ ഗുരു കോളേജിൽ നിന്ന് ബിരുദവും, സി.ബി.എം കോളേജിൽ നിന്നും എം.ബി.എ യും നേടി. ഇപ്പാൾ ദുബായിൽ ജോലി. 'സമ്മർ വൈൻ' എന്ന ഹ്രസ്വചിത്രത്തിൻ്റെ കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. ഭാര്യ - റാണി മഞ്ജുള, മകൾ - ഇഹാൻവി അജിത്.