Advertisment

ഷാരോണില്‍ പൊലിഞ്ഞ ഇന്ത്യന്‍ മാലാഖ; സൗമ്യ സന്തോഷ് , ഫാ.  ഡെന്നി ജോര്‍ജ് കിഴക്കാരക്കാട്ട്

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

Advertisment

 

സൂറിക്ക്: പുരാതനകാലം മുതല്‍ നാം കേട്ടു വളര്‍ന്ന മനോഹരമായ ഷാരോണ്‍ സമതലം. പൂക്കളാല്‍ സമ്പന്നമായിരുന്നുവെങ്കില്‍ ഇന്ന് മനുഷ്യ രക്തത്താല്‍ കളങ്കപ്പെട്ടിരിക്കുന്നു. വേദപുസ്തകത്തില്‍ നിന്നും വശ്യമായ ഷാരോണ്‍ താഴ്വാരത്തെക്കുറിച്ച് നാം വായിച്ചെങ്കില്‍ ഇന്ന് ബോംമ്പും മിസൈലും കല്ലും കുറുവടികളും പായുന്ന മനുഷ്യത്വം മരവിച്ച താഴ്വാരം നാം മാധ്യമങ്ങളിലൂടെ കാണുന്നു.

സലേഷ്യന്‍ വൈദികര്‍ നേതൃത്വം നല്‍കുന്ന ജെറുസലേമിലെ  റാറ്റിസ്ബോണ്‍ പൊന്തിഫിക്കല്‍ ദൈവശാസ്ത്ര സെമിനാരിയില്‍ പഠിക്കുമ്പോള്‍ ഞാന്‍ വളരെ അടുത്തറിഞ്ഞ വ്യക്തികളില്‍ ഒരാളാണ് സൗമ്യ സന്തോഷ്. അവരുടെ കുടുംബവമായി വളരെ അടുത്ത് ഇടപഴകുന്നതിനും  അന്നു  എനിക്കു   സാധിച്ചു.  അവരുടെ ഭര്‍തൃസഹോദരിമാരായ സോഫി മാത്യു  , ഷേര്‍ലി ബെന്നി , ബീന ജെയ്സണ്‍ , ബിന്ദു  രാജു  ഈ അഞ്ചുപേരൊരുമിച്ചായിരുന്നു  അവര്‍ അവിടെ ജീവിച്ചിരുന്നത്. എപ്പോഴും ഇവരെ ഒരുമിച്ച് മാത്രമേ  എവിടെയും കാണുമായിരുന്നുള്ളു.

സൗമ്യ എന്ന പേര് അന്വര്‍ത്ഥമാക്കുന്നതുപോലെ സൗമ്യമായ പെരുമാറ്റവും ഏതൊരാളോടും കരുതലോടെയും സ്നേഹത്തോടെയും പെരുമാറാനുള്ള അവരുടെ കഴിവും ഒരു ആത്മീയ പാലകനെന്ന നിലയില്‍ എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു.

ആതുര ശുശ്രൂഷക എന്ന നിലയില്‍ തന്‍റെ ജോലിയോട് എന്നും ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു സൗമ്യ. എപ്പോള്‍ അവരെ വിളിക്കുമ്പോഴും ഈമയുടെ  അല്ലെങ്കില്‍  ആബായുടെ  ( ഈമ എന്നാല്‍ ഹീബ്രുവില്‍ അമ്മ , ആബാ എന്നാല്‍  പിതാവ്  ) വിശേഷങ്ങള്‍ പറയാന്‍ മാറ്റിവെക്കുന്ന സമയം ആ രംഗത്ത് അവരുടെ ആത്മാര്‍ത്ഥതയെക്കുറിച്ച് എന്നെ അതിശയിപ്പിച്ചിരുന്നു.

കേരളത്തിലായിരുന്ന മകന്‍ മത്തായിയേയും ഭര്‍ത്താവ്  സന്തോഷിനേയും ,കുടുംബാംഗങ്ങളേയും  ദിവസവും കരുതുകയും , സാധിക്കുന്ന എല്ലായ്പ്പോഴും ഫോണില്‍ വിളിച്ച് സംസാരിക്കുകയും  ചെയ്യുന്ന  അവരുടെ കുടുംബസ്നേഹം എനിക്ക് എന്നും പ്രചോദനമായിരുന്നു.

അവരിലൂടെ ഇടുക്കി, കട്ടപ്പന, കാഞ്ഞിരന്താനം , കീരിത്തോടിലെ അവരുടെ കുടുംബവും കുടംബാംഗങ്ങളുമായി വളരെ അടുത്ത ബന്ധവും സൗഹൃദവും ഉണ്ടായിരുന്നത് ഞാന്‍ ഈ അവസരത്തില്‍ അനുസ്മരിക്കുന്നു.

എന്‍റെ ഓര്‍മ്മയില്‍ ഇത്രയേറെ സ്നേഹം വാരിക്കോരി നല്‍കിയ  ഒരു കുടുംബവും , കുടുംബാംഗങ്ങളെയും ഞാന്‍  അപൂര്‍വമായേ  കണ്ടിട്ടുള്ളു. അതേ കുടുംബത്തിലംഗമായ നല്ല ധാര്‍മ്മിക മൂല്യങ്ങള്‍ പാലിച്ച സൗമ്യവതിയായ സൗമ്യ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടത്തില്‍ ദൈവ സന്നിധിയിലേയ്ക്ക് തിരികെയെടുക്കപ്പെട്ടിരിക്കുന്നു എന്ന സത്യം  നാം  തിരിച്ചറിയുന്നു .

ആ കുടുംബത്തിന്‍റെ തീരാത്ത വേദനയില്‍ ഞാന്‍ അവരോടൊപ്പം ചേരട്ടെ.

എന്നെ ഏറെ വേദനിപ്പിച്ച കാര്യം നമ്മുടെ രാജ്യത്തിന് വിദേശ നാണ്യം നേടിത്തന്നിരുന്ന ഒരു നഴ്സ് ദാരുണമായ ഒരു തീവ്രവാദ സംഘടനയുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ അവരുടെ മരണത്തെ ലഘൂകരിക്കുവാനും , ഇസ്രേലി ആക്രമണത്തില്‍  മരണമടഞ്ഞ പാലസ്തീന്‍ യുവതിക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളുമാണ്.

മലയാളി നഴ്സ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു, മറിച്ച് ഇസ്രയേല്‍ ക്രൂരതയില്‍ പൊലിഞ്ഞ മാലാഖ എന്ന തലക്കെട്ടില്‍ ഇന്ത്യയില്‍   ആര്‍ക്കുമറിയാത്ത ഒരു  പാലസ്തീന്‍ പെണ്‍കുട്ടിയെക്കുറിച്ച് വന്ന ലേഖനവുമാണ്. എല്ലാ  മരണങ്ങളും  വേദനിപ്പിക്കുന്നതാണ്  , അത്  ഹിന്ദു വാകട്ടെ  , മുസ്ലിമാകട്ടെ  , ക്രിസ്ത്യനാകട്ടെ . പക്ഷെ  ഒരു ഇന്ത്യന്‍  നേഴ്സിനില്ലാത്ത  എന്ത്  മഹത്വമാണ്  പാലസ്തീന്‍ നേഴ്സിനുള്ളത് , കേരളത്തിലെ  പ്രമുഖ  സോഷ്യലിസ്റ്റ്  ദിനപത്ര  ലേഖകനടക്കം  എഴുതിയപ്പോള്‍, പറയാതെ  വയ്യ ,   പത്രപ്രവര്‍ത്തനത്തിലെ   അധാര്‍മ്മികതയേപ്പറ്റി   .

ഇതാണ് നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് , രാഷ്ട്രിയ  നേതൃത്വത്തെ  പോലെ തന്നെ  ഇന്ത്യാക്കാരോടുള്ള സ്നേഹവും ആദരവുമെങ്കില്‍  ഇവരോടൊക്കെ  ഒന്നേ  പറയാനുളളൂ , ആദരിച്ചില്ലെങ്കിലും , അപമാനിക്കാതിരിക്ന്‍കാന്‍  ശ്രമിക്കുക .

ഇസ്രയേല്‍ നയതന്ത്ര കാര്യാലയവും രാജ്യത്തിന്‍റെ പ്രസിഡന്‍റും ആ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയും നേരിട്ട് വിളിക്കുകയും, എല്ലാ  സഹായങ്ങളും  വാഗ്ദാനം  ചെയ്യുകയും  ചെയ്തപ്പോള്‍ , നമ്മുടെ രാഷ്ട്രിയ   നേതൃത്വം  എന്താണ്  ചെയ്തത് , നാം   ഇസ്രേയേല്‍ എന്ന ചെറു  രാജ്യത്തില്‍  നിന്ന്   രാജ്യസ്നേഹം പഠിക്കേണ്ടിയിരിക്കുന്നു.

സൗമ്യയെന്ന യുവതി ജോലിക്കിടയില്‍ മരിച്ചു വീണു എന്ന് ആ രാജ്യം പറയുകയും അവര്‍ക്ക് ആദരമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍, നമ്മള്‍ അവര്‍ ഷെല്‍ട്ടറില്‍ ഒളിച്ചില്ല തുടങ്ങിയ തടസ്സവാദങ്ങളുമായി ഇരുട്ടില്‍ തപ്പുന്നു. അവര്‍ പരിപാലിച്ചിരുന്ന ഈമയുമായി മാത്രമേ അവര്‍ക്കു ഷെല്‍ട്ടറിലേയ്ക്ക് പോകുവാന്‍ കഴിയുമായിരുന്നുള്ളു. തന്നെ ഏല്‍പ്പിച്ച വ്യക്തിക്കായി അവര്‍ ജീവിതം ത്യജിച്ചതായി ആ രാജ്യവും ലോകവും  മനസ്സിലാക്കുന്നു.ഷാരോണില്‍ പൊലിഞ്ഞ  ആ നല്ല മലാഖക്ക്  എന്‍റെ  ആദരാഞ്ജലികള്‍ .

സ്വിറ്റ്സര്‍ലന്‍ഡില്‍  , സൂറിച്ചിലെ  സെ. അന്തോണിയോസ്  പള്ളി  വികാരിയാണ്‌  ലേഖകന്‍ .

Advertisment