കോഴിക്കോട്: മൂന്നുവർഷത്തെ സുത്യർഹ സേവനത്തിന് ശേഷം സ്ഥലം മാറിപോകുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവുവിന് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എയർപോർട്ട് ഡയറക്ടറുടെ ചേംബറിൽ യാത്രഅയപ്പ് നൽകി.
മലബാർ ഡെവലപ്മെന്റ കൗൺസിൽ പ്രസിഡണ്ടും, എയർപോർട്ട് ഉപദേശക സമിതി അംഗവുമായ ഷെവലിയർ സി.ഇ. ചാക്കുണ്ണി ചടങ്ങിൽ പൊന്നാട കൈമാറി (കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അണിയിക്കുന്നതതിന് പകരം).
കൗൺസിലിന്റെ ഉപഹാരം ഖജാൻജി എം.വി. കുഞ്ഞാമുവും, പൂച്ചെണ്ട് ജനറൽ സെക്രട്ടറി എം. കെ. അയ്യപ്പപ്പനും എയർപോർട്ട് ഡയറക്ടർ കെ ശ്രീനിവാസറാവുവിന് നൽകി.
കോവിഡിന് മുൻപും അതിനുശേഷം വിശ്രമമില്ലാത്ത അദ്ദേഹത്തിന്റെ സേവനം മികവുറ്റതും, മാതൃകാപരമായിരുന്നു. 2020 ആഗസ്റ്റ് 7ന് നടന്ന എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനങ്ങളും, തുടർനടപടികളും മികവുറ്റതായിരുന്നുവെന്നും, ഉപദേശക സമിതി യോഗങ്ങൾ നല്ല രീതിയിൽ കൺവീനർ എന്ന നിലയിൽ ക്രമീകരിച്ചിരുന്നുവെന്നും അംഗംകൂടിയായ കൗൺസിൽ പ്രസിഡണ്ട് അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി.
ഈ പ്രതിസന്ധി വേളയിൽ സ്ഥലം മാറി പോകുന്നതിൽ വിഷമം ഉണ്ടെങ്കിലും വലിയ വിമാനസർവീസ് പുനരാരംഭിക്കുന്നതിന് ഡി.ജി.സി.എ നിർദ്ദേശിച്ച ടാക്സി-ബെ എക്സ്റ്റൻഷൻ ഉൾപ്പെടെ എല്ലാ ആധുനിക സംവിധാനങ്ങളും പൂർത്തീകരിച്ചാണ് മടങ്ങുന്നതെന്നും, സ്വദേശമായ വിശാഖപട്ടണത്തിലേക്കുള്ള സ്ഥലമാറ്റം സന്തോഷം നൽകുന്നുവെന്നും കെ. ശ്രീനിവാസറാവു മറുപടി പ്രസംഗത്തിൽ പറഞ്ഞു.
വിമാന അപകട ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് ലഭിച്ചാലുടൻ വലിയ വിമാനസർവീസ് (code - E) പുനരാരംഭിക്കുമെന്നും, മറ്റു സാങ്കേതിക തടസ്സങ്ങൾ ഒന്നും ഇല്ലെന്നും, തന്റെ സേവന കാലത്ത് എയർപോർട്ടിൽ ഉദ്ഘാടനം ചെയ്ത പുതിയ ടെർമിനലും, ആധുനിക സംവിധാനങ്ങളും, വികസനങ്ങളും സഹപ്രവർത്തകരുടെയും, മേലധികാരികളുടെയും, സംഘടനകളുടെയും അകമഴിഞ്ഞ സഹകരണം കൊണ്ട് മാത്രമാണെന്നും തന്റെ മാത്രമായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ എയർപോർട്ട് ഡയറക്ടർ ആർ. മഹാലിംഗം ജൂലൈ 9ന് ചുമതല ഏൽക്കുമെന്നും താൽക്കാലിക ചുമതല ജോയിന്റ് മാനേജർ (ഇ) കെ.പി.എസ്. കർത്തയെ ഏൽപ്പിച്ചാണ് പോകുന്നതെന്നും അറിയിച്ചു.
ആഭ്യന്തര - അന്തർദേശീയ കൂടുതൽ സർവീസുകൾക്ക് അനുമതിക്കായി നിരവധി സ്വദേശ-വിദേശ വിമാനകമ്പനികൾ മുന്നോട്ടു വന്നിട്ടുണ്ടെന്നും, കോഴിക്കോട് - തിരുവനന്തപുരം സെക്റ്ററിൽ രാവിലെയും, വൈകീട്ടും സർവീസും, വിമാനത്താവളത്തിലേക്കുള്ള പൊതുഗതാഗതം മെച്ചപ്പെടുത്താനും, തെരുവ് വിളക്ക് സ്ഥാപിക്കാനും, ഗതാഗത കുരുക്കുകൾ ഒഴിവാക്കാനും സഘടനകൾ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലളിതമായ ചടങ്ങിൽ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ സ്വാഗതവും, പ്രസിഡന്റ് ഷെവലിയർ സി. ഇ. ചാക്കുണ്ണി അധ്യക്ഷതയും വഹിച്ചു. സീനിയർ എയർപോർട്ട് ജനറൽ മാനേജർ(ഇ.എ) സി. ശ്രീനിവാസൻ ചടങ്ങിൽ സംബന്ധിച്ചു. ഖജാൻജി എം.വി. കുഞ്ഞാമു നന്ദി രേഖപ്പെടുത്തി.