കര്‍ശന നിയന്ത്രണങ്ങളോടെ ഭാഗികമായി തുറക്കാന്‍ കുവൈറ്റില്‍ ഷോപ്പിംഗ് മാളുകള്‍ ഒരുങ്ങുന്നു; ജനങ്ങള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളുമായി മാളുകള്‍; അവ ഇപ്രകാരം…

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, May 22, 2020

കുവൈറ്റ് സിറ്റി: കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഭാഗികമായി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കുവൈറ്റില്‍ ഷോപ്പിംഗ് മാളുകള്‍ തയ്യാറെടുക്കുന്നു. ഉപഭോക്താക്കള്‍ മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും പ്രവേശിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നിരവധി മാളുകള്‍ ഇതിനോടകം തയ്യാറാക്കി.

ഇതിനോടനുബന്ധിച്ച് ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ട്. കുവൈറ്റ് ആരോഗ്യവകുപ്പിന്റെയും ബന്ധപ്പെട്ട മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെയും അനുമതി മാത്രമാണ് ഇനി ആവശ്യമുള്ളത്. കര്‍ഫ്യൂവിന് ശേഷം മാളുകള്‍ തുറന്നേക്കും.

ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ മുന്‍നിര്‍ത്തിയായിരിക്കും മാളുകളുടെ പ്രവര്‍ത്തനം. സാമൂഹിക അകല, ശുചിത്വം തുടങ്ങിയ ഉറപ്പുവരുത്തും.

നിര്‍ദ്ദേശങ്ങളുമായി മറീന മാള്‍…

 • ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയും വാരാന്ത്യങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 11 വരെയായിരിക്കും പ്രവര്‍ത്തനം
 • മറീന മാളിലേക്ക് പ്രവേശിക്കാന്‍ പ്രധാനമായും നാല് പ്രവേശനകവാടങ്ങള്‍ മാത്രമായിരിക്കുമുള്ളത്
 • രണ്ട് മണിക്കൂറില്‍ കൂടുതല്‍ മാളില്‍ ചിലവഴിക്കാന്‍ സന്ദര്‍ശകരെ അനുവദിക്കില്ല
 • ഒരു ഷോപ്പിനുള്ളില്‍ (അല്ലെങ്കില്‍ 70 സ്വക്വയര്‍ മീറ്റര്‍ ഏരിയയില്‍) അഞ്ച് പേരില്‍ കൂടുതല്‍ ഒരേ സമയം അനുവദിക്കില്ല
 • 15 വയസിന് താഴെയുള്ളവര്‍ക്ക് ബന്ധുക്കളോടൊപ്പം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക
 • ജീവനക്കാര്‍ നിര്‍ബന്ധമായും ഫേസ് മാസ്‌കുകള്‍ ധരിക്കണം
 • നിരകളില്‍ ഒരു മീറ്റര്‍ അകലത്തില്‍ കുറയാതെ സാമൂഹിക അകലം നടപ്പിലാക്കും

അവെന്യൂസ് മാളില്‍…

 • സാമൂഹിക അകലം, ശുചിത്വം, അണുനശീകരണം എന്നിവ ഉറപ്പുവരുത്തും
 • ജീവനക്കാര്‍ നിര്‍ബന്ധമായും ഫേസ് മാസ്‌കുകള്‍ ധരിച്ചിരിക്കണം
 • രോഗലക്ഷണങ്ങളുള്ള ജീവനക്കാര്‍ക്ക് വീട്ടില്‍ തുടരണം. രോഗലക്ഷണമുള്ള ഉപഭോക്താക്കള്‍ മാളില്‍ പ്രവേശിക്കരുത്
 • എലിവേറ്ററുകളില്‍ ഒരു സമയം നാലു പേരെ മാത്രമേ അനുവദിക്കൂ; മുതിര്‍ന്നവര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍, ട്രോളി ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും
 • പബ്ലിക് ഏരിയയിലെ ബെഞ്ചുകള്‍, എല്ലാ ഫുഡ് കോര്‍ട്ട് സീറ്റുകള്‍ എന്നിവ നീക്കും

റീട്ടെയില്‍ ഷോപ്പുകളും റെസ്റ്റോറന്റുകളും…

 • അനുവദനീയമായ ആള്‍ക്കാരുടെ എണ്ണം പ്രദര്‍ശിപ്പിക്കും
 • കൂട്ടം കൂടിയുള്ള ഷോപ്പിംഗുകള്‍ നിരുത്സാഹപ്പെടുത്തും, സാമൂഹിക അകലം പാലിക്കണം
 • പേയ്‌മെന്റുകള്‍ ഡിജിറ്റല്‍/ഓണ്‍ലൈന്‍ ആക്കും
×