നര ബാധിക്കാത്ത മനം (ചെറുകഥ)

സത്യം ഡെസ്ക്
Friday, December 4, 2020

-ബിന്ദു ഇ എം

 

അച്ഛൻ തീരുമാനിച്ചു കഴിഞ്ഞോ…. ഇതെന്തിനുള്ള പുറപ്പാടാണ് ഈ വയസ്സു കാലത്ത്…
മൂത്ത മകൻ വിനോദിന്റെ വകയാണ്…

നാണമില്ലല്ലോ പേരക്കുട്ടികൾ മൂന്നു പേരുണ്ട്… മനുഷ്യൻ എങ്ങനെ മറ്റുള്ളവരുടെ മുന്നിൽ തലയുയർത്തി നടക്കും…. ഞാൻ ഈ പടി കയറില്ല രണ്ടാമത്തവന്റെ ഊഴവും കഴിഞ്ഞു.

ഇതെല്ലാം കേട്ടിട്ട് രാജൻ നായർ മിണ്ടാതെ ചാരുകസേരയിൽ കിടന്നു. പ്രതികരിക്കാൻ വരട്ടെ…. സമയമായിട്ടില്ല

അയാൾ കട്ടിലിൽ കിടക്കുന്ന തന്റെ മകളെ നോക്കി.

“പാവം, ഇത് വല്ലതും അറിയുന്നുണ്ടോ. വയസ്സ് ഇരുപത് കഴിഞ്ഞു. കണ്ടാൽ ഒരു പത്തു വയസ്സിന്റെ വലുപ്പം പോലുമില്ല…

തനിക്കും മകൾക്കും താങ്ങും തണലുമായി തന്റെ ദേവു ഉണ്ടായിരുന്നു.
വിധി, എല്ലാം തകിടം മറിച്ചു…

ഒരു ദിവസം കുളിമുറിയിൽ ഒന്ന് തെന്നി വീണതാ… അധികം ആരെയും ബുദ്ധിമുട്ടിച്ചില്ല… ഒരാഴ്ച്ച… അബോധാവസ്‌ഥയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്നില്ല.

ഒരു കണക്കിന് പറഞ്ഞാൽ ഭാഗ്യവതി…. ഇനിയൊന്നും അനുഭവിക്കേണ്ടല്ലോ…
അയാൾ നെടുവീർപ്പിട്ടു.
താൻ പിന്നെന്തു ചെയ്യണം…

രാജൻ നായർ ഒരു കൃഷിക്കാരനായിരുന്നു. മൂന്ന് മക്കൾ. രണ്ടാണും ഒരു പെണ്ണും. തറവാട്ടിൽ നിന്ന് ഭാഗം കിട്ടിയ മണ്ണിൽ വെയിലും മഴയും കൊണ്ട് പണിയെടുത്തു മക്കളെ പഠിപ്പിച്ചു.

മൂത്തവൻ വിനോദ് എഞ്ചിനീയർ ആണ്. ബോംബെയിൽ ഒരു പ്രശസ്ത കമ്പനിയിൽ. അവന്റെ ഭാര്യയും അതേ കമ്പനിയിൽ അക്കൗണ്ടന്റ് ആണ്. രണ്ടു മക്കൾ. അവർ അവിടെ ഫ്ലാറ്റ് വാങ്ങി സ്ഥിരതാമസമാക്കി.

രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോൾ വന്നെങ്കിലായി.

രണ്ടാമത്തവൻ രാകേഷ് കോളേജ് പ്രൊഫസർ ആണ്. ഒരു കുഞ്ഞുണ്ട്.
വിവാഹം കഴിഞ്ഞ് ആറാം മാസം വീട് മാറി പോയി.

ഇവിടെ വൃത്തിയും വെടിപ്പും ഇല്ലത്രെ. അവന്റെ ഭാര്യയുടെ സ്ഥിരം പരാതി. ചാണകത്തിന്റെ മണം… കോഴികാഷ്ട ത്തിന്റെ മണം…. ഇതൊന്നും അവൾക്ക് പിടിക്കണില്ലത്രേ… തന്റെ മകനും അത് പിടിക്കാതെ പോയല്ലോ.

അവന്റെ ശരീരം തന്നെ ഇവിടത്തെ പശുവിന്റെ പാലും നെയ്യും കഴിച്ചിട്ടാണെന്ന് അവൻ മറന്നുപോയി.

പിന്നെ അവശേഷിച്ചത് താനും ഭാര്യയും ബുദ്ധിസ്ഥിരതയില്ലാത്ത ഈ പെൺകുട്ടിയുമാണ്. ആറേഴു വയസ്സുവരെ ഇഴഞ്ഞു നടന്നിരുന്നു. പിന്നെ തീരെ കിടപ്പായി. ഇടയ്ക്കിടെ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കും. വായിൽ നിന്നും എപ്പോഴും വെള്ളം ഒഴുകികൊണ്ടിരിക്കും.

ദേവു ഒരു കൊച്ചുകുഞ്ഞിനെ നോക്കുന്നത് പോലെയാണ് വളർത്തിയത്. എന്ത് ചെയ്യാം… ആരുടെയും കുറ്റമല്ലല്ലോ….

ഏട്ടൻമാരെ അവൾക്ക് വലിയ കാര്യമാണ്. പക്ഷെ അവർക്ക് ഇങ്ങനെ ഒരനിയത്തിയുള്ളത് നാണക്കേടത്രേ….

അവരുടെ ഭാര്യമാർ വരുമ്പോൾ അവൾ കിടക്കുന്ന മുറിയുടെ അടുത്ത് കൂടി പോകില്ല.

ദേവുവിന്റെ ശ്രാദ്ധത്തിന് വന്നപ്പോളാണ് മക്കൾ അവരുടെ ഉള്ളിലിരുപ്പ് പുറത്ത് വിട്ടത്.

ഈ വരവിനു ഒരു പ്രത്യേക ഉദ്ദേശവും കൂടി ഉണ്ടത്രേ…

പതിവില്ലാതെ മക്കളും മരുമക്കളും മുറിയിലേക്ക് കടന്നുവന്നപ്പോൾ താൻ ഒന്ന് സന്ദേഹിച്ചു… ഇതു പതിവുള്ളതല്ലല്ലോ… എന്താണാവോ…

അച്ഛാ… ഇത് ശരിയാകില്ല… വിനോദ് തുടക്കമിട്ടു.
അച്ഛന് വയസ്സായി… മതി ഈ പാടത്തും പറമ്പിലും പണിയെടുത്തത്… അല്ലെങ്കിൽ തന്നെ ആരാ ഇപ്പൊ കൃഷിയൊക്കെ ചെയ്യുന്നത്… രാകേഷ് പിന്താങ്ങി.

താൻ ചോദ്യഭാവത്തിൽ നോക്കി…
“അച്ഛനെ ഞങ്ങൾ ബോംബെയിലേക്ക് കൊണ്ടു പോവാണ്… ചെറിയവൻ മഹാ വികൃതിയാണ്… അവനെ പ്ലേ സ്കൂളിൽ വിട്ടാൽ ശരിയാകില്ല…

കുറച്ചു കഴിയുമ്പോൾ രാകേഷ് വന്നു കൊണ്ടുവന്നോളും.

അപ്പോൾ ഇതാണ് ഉദ്ദേശം.”കാര്യം പിടികിട്ടി ”

എനിക്ക് ഈ വയസ്സ് കാലത്തു ഈ വയ്യാത്ത കൊച്ചിനെയും കൊണ്ട് എങ്ങും വരാൻ പറ്റില്ല. താൻ തുറന്നടിച്ചു പറഞ്ഞു.

“അതിന് ഇവളെ എവിടെ കൊണ്ടു പോകാൻ ”
“പിന്നെ, താൻ ശബ്ദമുയർത്തി.

അതു പിന്നെ അച്ഛാ “രാകേഷ് ഇടയിൽ കയറി… നമ്മുടെ നാട്ടിൽ ഇതുപോലെയുള്ളവരെ നോക്കുന്ന ഒരുപാട് സ്ഥലമുണ്ട്… നമുക്ക് ദൂരെ എവിടെയെങ്കിലും ചേർക്കാം. അപ്പൊ പിന്നെ ആരും അറിയില്ല. കൊല്ലം തോറും ഒരു തുക കൊടുക്കണം. അത് അവളുടെ ഓഹരിയുടെ ഒരു ഭാഗം കൊടുക്കാം. പിന്നെ നമ്മൾ ഒന്നും അറിയണ്ട.

അവന്റെ മുഖത്തു ആഞ്ഞു കൊടുത്തു ഒന്ന്… അവൻ തീരെ പ്രതീക്ഷിച്ചില്ല. വർഷങ്ങളോളം തൂമ്പ പിടിച്ച കൈയ്യാണ്… നല്ല തഴമ്പുണ്ട്..
“ഒരക്ഷരം ഇനി മിണ്ടരുത്… ദുഷ്ടന്മാരെ എങ്ങിനെ നിങ്ങൾക്കൊക്കെ ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നു.
ഒന്നില്ലെങ്കിലും നിങ്ങളുടെ കൂടപ്പിറപ്പല്ലേ…. കണ്ണിൽ ചോരയില്ലാത്ത മൃഗങ്ങൾ…
താൻ മുറ്റത്തേക്ക് കാറിതുപ്പി.

അന്ന് പടിയിറങ്ങിയിട്ട് ഇപ്പോഴാണ് കേറിവന്നത്. തന്നെ ചോദ്യം ചെയ്യാൻ. വളരെ ആലോചിച്ചു തന്നെയാണ് താൻ ഈ തീരുമാനം എടുത്തത്. താൻ ദേവുവിനോട് മാത്രം സമ്മതം ചോദിച്ചു. അവളുടെ ആത്മാവ് തന്റെയും മോളുടെയും കഷ്ടപ്പാട് കണ്ടു തേങ്ങുന്നുണ്ടാകും.

ആദ്യം തന്റെ ഒരകന്ന ബന്ധു കൂടിയായ ചന്ദ്രനോടാണ് പറഞ്ഞത്. തന്റെ കളിക്കൂട്ടുകാരൻ കൂടിയാണ്. മിക്ക ദിവസവും വീട്ടിൽ വന്നു തന്റെയും മോൾടെയും വിശേഷം തിരക്കും.
ചന്ദ്രൻ കുറച്ചു സമയം മിണ്ടാതെ ഇരുന്നു.

രാജാ… നന്നായി ആലോചിച്ചിട്ടു തന്നെയാണോ പറയുന്നത്… ഇത് കുട്ടിക്കളിയല്ല… നമ്മുടെ പ്രായം…. പിന്നെ നാട്ടുകാർ എന്ത് പറയും…

എന്റെ കാര്യം പോട്ടെ… ഒരിക്കലും എനിക്ക് വേണ്ടിയല്ല… എന്റെ മോൾടെ കാര്യം ഒന്നോർത്തു നോക്ക്… ഒരച്ഛന് ചെയ്യാൻ പറ്റുന്ന പരിമിതികൾ ഉണ്ട് പെൺകുട്ടികളുടെ കാര്യത്തിൽ… ഈ വയ്യാതെ കിടക്കുന്ന കുഞ്ഞിനെ ഒന്ന് നോക്കാൻ എത്ര ഹോം നഴ്സുമാരെവച്ചു… എത്ര കാലം ഇങ്ങനെ നോക്കും… ഞാൻ അവർക്കു കൂടി വച്ചു വിളമ്പി മടുത്തു… എനിക്ക് കൊല്ലാൻ പറ്റുമോ എന്റെ മോളെ… താൻ പറയ്… ഒന്ന് പുറത്തേക്കു പോകാനും കൂടി എനിക്ക് ധൈര്യമില്ല… ഇപ്പോഴത്തെ കാലം വല്ലാത്തതാണ്….

“ശരിയാണ്, അതിന് നമുക്ക് പറ്റിയ ഒരാൾ അതും പ്രായം അറുപത്തഞ്ചായില്ലേ…എവിടെ പോയി അന്വേഷിക്കും…

ഞാൻ പത്രത്തിൽ ഒരു പരസ്യം കൊടുക്കാൻ പോവാണ്… ഇനി ആരോടും ഒന്നും ചോദിക്കുന്നില്ല….

എന്റെ കുഞ്ഞിന് വേണ്ടി… എന്റെ കാലം കഴിഞ്ഞാൽ ആ ദുഷ്ടൻമാർ ഇതിനെ കഴുത്തുഞെരിച്ചു കൊല്ലും..

അങ്ങിനെ പത്ര പരസ്യം കൊടുത്തത് കണ്ടിട്ടാണ് പുത്രന്മാർ രണ്ടും ചാടിത്തുള്ളിവന്നത്..

തനിക്ക് മൗനത്തിന്റെ ചെപ്പു തുറക്കാൻ നേരമായി.

“ഞാൻ തീരുമാനിച്ചു കഴിഞ്ഞു. എന്റെ ജീവിതസുഖത്തിനല്ല… എന്റെ ഈ കിടക്കുന്ന മിണ്ടപ്രാണിയായ പൊന്നുമോളെ സംരക്ഷിക്കാൻ ഒരാൾ വേണം. നിങ്ങൾക്കും മക്കളില്ലേ… ഈ അവസ്ഥ നിന്റെ മോൾക്കാണെങ്കിൽ നീ അനാഥാലയത്തിൽ കൊണ്ടാക്കുമോ… പറയെടാ… എന്താ നിന്റെ നാവിറങ്ങിയോ… പിന്നെ സ്വത്ത്‌… അതെന്റെ ഇഷ്ടം പോലെ ചെയ്യും.

തന്റെ മകൾക്ക് കഞ്ഞി കോരികൊടുക്കുമ്പോൾ തന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. ഇല്ല, ആരൊക്കെ കുറ്റപ്പെടുത്തിയാലും തന്റെ മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് താൻ ചെയ്യും. ശരീരത്തെ വാർദ്ധക്യം ബാധിച്ചാലും മനസ്സ് ഇപ്പോളും ചെറുപ്പമാണ്. തളരരുത്… വിമർശനങ്ങൾ ഒരുപാട് ഉണ്ടാകാം…

രജിസ്റ്റർ ഓഫീസിൽ നിന്നും കാറിൽ കയറുമ്പോൾ പകച്ചു നോക്കുന്ന ആളുകൾക്ക് നേരെ ഒരു നോട്ടമെറിഞ്ഞിട്ട് അയാൾ അവരുടെ കയ്യിൽ മുറുകെ പിടിച്ചു.

പത്രത്തിൽ നിന്നും കാര്യമായ മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ നിരാശനായെങ്കിലും താൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.താൻ ചാർത്തിയ താലിയുമണിഞ്ഞു തന്നോട് ചേർന്നിരിക്കുന്നത് ആ ദൃഡനിശ്ചയത്തിന്റെ ഭാഗമാണ്.

ഒന്ന് രണ്ടു അനാഥാലയങ്ങൾ കയറിയിറങ്ങി. വയ്യാത്ത കൊച്ചിന്റെ കാര്യം പറഞ്ഞപ്പോൾ…. പിന്നെ അവിടെനിന്നും ഇറങ്ങി. അപ്പോഴാണ് ഭർത്താവ് മരിച്ചിട്ട് ആരും നോക്കാനില്ലാതെ വൃദ്ധസദനത്തിൽ താമസിക്കുന്ന ലതയുടെ കാര്യം ചന്ദ്രൻ പറഞ് അറിഞ്ഞത്.പിന്നെ ഒട്ടും ആലോചിച്ചില്ല.

ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ചു അവരെ കണ്ടു. ഒരു പാവം സ്ത്രീ… ബന്ധുക്കൾ കൊണ്ടാക്കിയതാണത്രേ… ഏകദേശം 55വയസ്സ് പ്രായം… അവർക്ക് പൂർണ്ണ സമ്മതം…

കാറിൽ നിന്നും ഇറങ്ങി അകത്തേക്ക് കയറി നേരെ ദേവുവിന്റെ ഫോട്ടോക്ക് മുന്നിലെത്തി. നീ… ക്ഷമിക്കണം… നിന്നെ മറന്നിട്ടുമല്ല… നമ്മുടെ മോളെ നോക്കാൻ വേറെ വഴിയില്ല…അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

മകളെ താങ്ങിയിരുത്തി ലത കഞ്ഞി കോരി കൊടുക്കുമ്പോൾ ആരോ പറയുന്നത് കേട്ടു… രാജൻ നായർ ചെയ്തത് നൂറ് ശതമാനം ശരിയാണ്… ആരാണിത് പറഞ്ഞത്… ചുറ്റും നോക്കി… ആരുമില്ല… തന്റെ മനസാക്ഷി തന്നെ.

×