Health Tips

കൊവിഡ് 19 മഹാമാരിയുടെ വരവോട് കൂടി മിക്കവരുടെയും ജോലിയും പഠനവുമെല്ലാം വീട്ടിനകത്ത് തന്നെയായി. ഇങ്ങനെ മുഴുവന്‍ സമയം വീട്ടില്‍ തന്നെയാണോ? എങ്കില്‍ ആരോഗ്യം എളുപ്പത്തില്‍ മെച്ചപ്പെടുത്താം

ഹെല്‍ത്ത് ഡസ്ക്
Monday, July 19, 2021

കൊവിഡ് 19 മഹാമാരിയുടെ വരവോട് കൂടി മിക്കവരുടെയും ജോലിയും പഠനവുമെല്ലാം വീട്ടിനകത്ത് തന്നെയായി. പുറത്തുപോയി ജോലി ചെയ്യുന്നവരാണെങ്കില്‍ അത് നിയന്ത്രണങ്ങള്‍ മൂലം മുടങ്ങിയ സാഹചര്യവുമാണുള്ളത്.

ഇത്തരത്തില്‍ മുഴുവന്‍ സമയം വീട്ടില്‍ തന്നെയാകുമ്പോള്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. ‘വര്‍ക്ക് ഫ്രം ഹോം’ ഉണ്ടാക്കുന്ന കഴുത്തുവേദന, നടുവേദന, സന്ധിവേദന, കൊവിഡ് കാലത്തിന്റെ സ്വാധീനഫലമായി ഉത്കണ്ഠ, നിരാശ, അമിതവണ്ണം എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

ഇങ്ങനെയുള്ള പ്രശ്‌നങ്ങളെ പരമാവധി അകറ്റിനിര്‍ത്താനും ശാരീരികവും മാനസികവുമായ ആരോഗ്യം ലളിതമായ രീതിയില്‍ മെച്ചപ്പെടുത്താനും സഹായകമാകുന്ന ചില ലൈഫ്‌സ്റ്റൈല്‍ ടിപ്‌സ് പരിചയപ്പെടാം.

‘വര്‍ക്ക് ഫ്രം ഹോം’ ആയവര്‍ അറിയാന്‍…

‘വര്‍ക്ക് ഫ്രം ഹോം’ ചെയ്യുന്നവര്‍ അവര്‍ ജോലിക്കായി ഉപയോഗിക്കുന്ന കസേര, മേശയുടെ ഉയരം എന്നിവയെല്ലാം പരിശോധിച്ച് അത് കൃത്യമായി ക്രമീകരിക്കുക. ഇരിക്കുമ്പോള്‍ ‘പോസ്റ്റര്‍’ (ഇരിക്കുന്ന രീതി) കൃത്യമാക്കുക. മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ ഇടയ്ക്ക് ഇടവേളകളെടുക്കുകയും ഈ ഇടവേളകളില്‍ നടക്കുകയോ സ്‌ട്രെച്ച് ചെയ്യുകയോ ചെയ്യുക.

വ്യായാമം പതിവാക്കാം…

മുഴുവന്‍ സമയം വീട്ടില്‍ തന്നെയാകുമ്പോള്‍ വ്യായാമം പതിവാക്കാന്‍ ശ്രമിക്കുക. ഏത് പ്രായക്കാര്‍ക്കും ഏത് തരം ജോലി ചെയ്യുന്നവര്‍ക്കും വ്യായാമം നല്ലതാണ്. കായികാധ്വാനമില്ലാതെ തുടരുന്ന ആര്‍ക്കും വ്യായാമം നിര്‍ബന്ധവുമാണ്. ബിപി, അമിതവണ്ണം, മാനസികസമ്മര്‍ദ്ദം (സ്‌ട്രെസ്), ശരീരവേദന തുടങ്ങി പല പ്രശ്‌നങ്ങളെയും പരിഹരിക്കാന്‍ പതിവായ വ്യായാമം സഹായിക്കും.

ഡയറ്റിലും ചിലത് ശ്രദ്ധിക്കാം…

ഡയറ്റ് എന്നാല്‍ നിത്യേന കഴിക്കുന്ന ഭക്ഷണമെന്ന അര്‍ത്ഥത്തില്‍ മാത്രമെടുക്കുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ ഇതില്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. നമ്മുടെ ശരീരത്തിന് അടിസ്ഥാനപരമായി ആവശ്യമുള്ള പോഷകങ്ങളെല്ലാം നിത്യേനയുള്ള ഭക്ഷണത്തിലൂടെ ലഭിക്കേണ്ടതുണ്ട്. ഇതിനായി ഫ്രഷ് ഫ്രൂട്ട്‌സ്, പച്ചക്കറികള്‍, നട്ട്‌സ്, സീഡ്‌സ്, ധാന്യങ്ങള്‍, പരിപ്പ്- പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം ദിവസവും ഡയറ്റിലുള്‍പ്പെടുത്തുക.

മാനസികസമ്മര്‍ദ്ദങ്ങളെ നിസാരമാക്കേണ്ട…

ഈ കൊവിഡ് കാലത്ത് ഏറെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് മാനസിക സമ്മര്‍ദ്ദം അഥവാ ‘സ്‌ട്രെസ്’. മിക്ക ആരോഗ്യപ്രശ്‌നങ്ങളുടെയും കാരണങ്ങളുടെ കൂട്ടത്തില്‍ ‘സ്‌ട്രെസ്’ ഉള്‍പ്പെടുന്നതായി പരിശോധിച്ചാല്‍ മനസിലാക്കാം. അത്രമാത്രം പ്രധാനമാണിത്. മഹാമാരിയുണ്ടാക്കുന്ന ഉത്കണ്ഠകള്‍ മാനസിക സമ്മര്‍ദ്ദം ഉയര്‍ത്താനേ കാരണമാകൂ.

അതിനാല്‍ യോഗ പോലുള്ള രീതികള്‍ പരിശീലിക്കുക. വിനോദത്തിന് പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. സംഗീതം, സിനിമ, പൂന്തോട്ട പരിപാലനം, ക്രാഫ്റ്റിംഗ്, വര്‍ക്കൗട്ട് തുടങ്ങി ഏത് മേഖലയിലാണ് സന്തോഷം അനുഭവപ്പെടുന്നതെങ്കില്‍ അതില്‍ കൂടുതല്‍ സമയം ചെലവിടുക.

മനസിന് അസ്വസ്ഥതയുണ്ടാക്കും വിധത്തിലുള്ള വാര്‍ത്തകളോടോ, സംസാരങ്ങളോടോ വലിയ താല്‍പര്യം പുലര്‍ത്താതിരിക്കുക. എല്ലാ പ്രതിസന്ധികള്‍ക്കും അപ്പുറം പ്രകാശപൂര്‍ണമായൊരു ഭാവി ഉദയം ചെയ്യുമെന്ന് തന്നെ വിശ്വസിച്ച് ഇന്നിനെ നേരിടാനുള്ള ധൈര്യം ആര്‍ജ്ജിച്ചെടുക്കുക.

×