മഞ്ഞു പെയ്യും രാവിൽ (കഥ)

സത്യം ഡെസ്ക്
Wednesday, January 6, 2021

-സിനി മണികണ്ഠന്‍

ഇന്ന് ക്രിസ്തുമസ് കരോൾ വീട്ടിലേയ്ക്ക് വരുന്നതിൻ്റെ സന്തോഷത്തിലാണ് സൈറ. അന്നയുടെയും ജോണിയുടേയും മകൾ. അപ്പാപ്പൻ്റേയും അമ്മാമ്മയുടേയും പുറകേ നടന്ന് ഓരോരോ സംശയങ്ങൾ ചോദിച്ചങ്ങനെ ഓടി കളിയ്ക്കുന്നു. തൻ്റെ മോളുടെ ആ കളി ചിരികൾ കാണവേ കണ്ണു നിറച്ചു കൊണ്ട് അന്ന അകത്തേയ്ക്ക് നടന്നു.

അവളോർക്കുകയായിരുന്നു അഞ്ച് വർഷം മുൻപുള്ള ആ ക്രിസ്തുമസ് കാലം. തങ്ങളുടെ കല്ല്യാണം കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ ക്രിസ്തുമസ് ആയിരുന്നു അത്.

ക്രിസ്തുമസ് ദിവസത്തേയ്ക്കുള്ള അത്യാവശ്യം അടുക്കളയിലെ പലഹാര പണികളെല്ലാം ഒതുക്കി എല്ലാവരും കൂടി പള്ളിയിലെ പാതിരാ കുർബാനയ്ക്ക് പോയത് ഇന്നലെ കഴിഞ്ഞ പോലെ.

പുതുമോടിയിലായിരുന്ന അവർ കൊച്ചു വർത്തമാനങ്ങൾ പറഞ്ഞ് കൈകൾ കോർത്തു പിടിച്ചാണ് പള്ളിമുറ്റത്തെത്തിയത്.പിന്നീട് വന്ന ഒരു തിരുപ്പിറവിയ്ക്കും അങ്ങനെയൊരു സന്തോഷം അവളെ തേടിയെത്തിയിട്ടില്ല.

ഓരോന്നോർത്തിരുന്ന അന്നയുടെ മനസ്സിലേയ്ക്ക് ഇന്നിനി സൈറക്കുട്ടിയോട് എന്തു പറയും എന്ന ചോദ്യം ഉയർന്നു വന്നു.

പപ്പയെ കുറിച്ച് അവൾ ചോദിയ്ക്കാൻ തുടങ്ങിയത് മുതൽ ഓരോരോ കള്ളങ്ങൾ പറഞ്ഞ് ഒഴിയും. ക്രിസ്തുമസ് പാപ്പാ വരുമ്പോ മോളുടെ പപ്പയെയും കൊണ്ടുവരും എന്ന തൻ്റെ മറുപടിയും വിശ്വസിച്ച് നടക്കുകയാണ് ആ നാലു വയസ്സുകാരി.

ഓർക്കുന്തോറും അന്നയുടെ ഉള്ളിൽ സങ്കടം വന്നു നിറഞ്ഞു.

വിവാഹ ശേഷം ഗൾഫിലേയ്ക്ക് തിരിച്ചു പോയ ജോണി അവിടുത്തെ ജയിലിൽ അടയ്ക്കപ്പെട്ടു. അവരുടെ ലേബർ ക്യാമ്പിൽ ഉണ്ടായ ഒരു പ്രശ്നത്തിൽ നിരപരാധിയായിരുന്നിട്ടു കൂടി അയാളും ശിക്ഷിക്കപ്പെടുകയായിരുന്നു.

ആരുടെയൊക്കെയോ ഇടപെടലിൻ്റെ ഫലമായി ശിക്ഷയിൽ ഇളവു ലഭിക്കും എന്ന പ്രതീക്ഷയിലാണ് ജോണിയുടെ കുടുംബം. കുഞ്ഞിനോട് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ലല്ലോ.

കരോൾ വന്നുപോയി കഴിഞ്ഞാൽകുഞ്ഞിനോടെന്തു പറയും എന്ന ചിന്തയിൽ അവളുടെ ഉള്ളം നീറി.

നേരം സന്ധ്യയായി, നക്ഷത്ര വിളക്കുകൾ തൂക്കിയതും അലങ്കരിച്ച ക്രിസ്തുമസ് ട്രീയും ആ വീടിനെ കൂടുതൽ ചന്തമുള്ളതാക്കി.

അവർ പ്രാർത്ഥനയെത്തിയ്ക്കുന്ന നേരത്താണ് സാന്തായും സംഘവും വന്നത്. കുരിശു വരച്ചെഴുന്നേറ്റ് അവർ ഉമ്മറത്തേയ്ക്ക് നടന്നു.

കരോൾ ഗാനങ്ങളും വാദ്യസംഗീതവും മനസ്സിനെ ക്രിസ്മസ് ലഹരിയിലാക്കി. സൈറമോൾ ഇതെല്ലാം നന്നായി ആസ്വദിയ്ക്കുന്നുണ്ട്. നല്ല തണുപ്പുള്ളതു കൊണ്ട് സെറ്റ്വറും തൊപ്പിയുമൊക്കെ വെച്ചാണ് ആളുടെ ഇരിപ്പ്. കയ്യിലുള്ള ഒരു സമ്മാനപൊതി മോൾക്ക് നൽകി കരോൾ സംഘം തിരികെ പോയി.

ആ സമയത്ത് വീടിനു മുന്നിൽ വന്നു നിന്ന കാറിൽ നിന്ന് അവരുടെ പ്രിയപ്പെട്ടവൻ ഇറങ്ങി അവർക്കടുത്തേയ്ക്ക് നടന്നു.

ജയിൽ മോചിതനായി നാട്ടിലേയ്ക്ക് തിരിയ്ക്കുന്ന വിവരം ജോണി വീട്ടിൽ അറിയിച്ചിരുന്നില്ല. എന്തെങ്കിലും കാരണത്താൽ യാത്ര മുടങ്ങിയാൽ തൻ്റെ വീട്ടുകാർ ഇനിയും വിഷമിക്കരുത് എന്നായിരുന്നു അയാളുടെ മനസ്സിൽ.

അതു കൊണ്ട് തന്നെ ഏറ്റവും അടുത്ത സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. എയർപോർട്ടിൽ നിന്ന് അയാളോടൊപ്പമാണ് വീട്ടിലേയ്ക്കെത്തിയത്.

പ്രതീക്ഷിക്കാതെയുള്ള ജോണിയുടെ വരവിൽ ഒരു നിമിഷം അന്തംവിട്ടു നിന്ന മുതിർന്നവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് സൈറമോൾ അവളുടെ പപ്പയുടെ അടുത്തേയ്ക്കോടി. ആ കുഞ്ഞി മനസ്സ് തൻ്റെ പപ്പയെ കാത്തിരിയ്ക്കുകയായിരുന്നല്ലോ.

തൻ്റെ അടുത്തേയ്ക്കോടി എത്തിയ കുരുന്നിനെ കോരിയെടുത്ത് ഉമ്മകൾ കൊണ്ടു മൂടിയവൻ.

ഒരു കയ്യിൽ മോളേയെടുത്ത് മറുകയ്യിൽ അന്നയേയും ചേർത്തു പിടിച്ചവൻ മാതാപിതാക്കളുടെ അടുത്തേയ്ക്ക് നടന്നു. മകൻ്റെ തിരിച്ചുവരവിൽ സന്തോഷം കൊണ്ട് നിറഞ്ഞ മിഴികൾ തുടച്ച് അവർ കുരിശു വരച്ച് അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

മഞ്ഞു പെയ്യുന്ന ആ രാവിൽ ആ കൊച്ചു കുടുംബത്തിൻ്റെ സന്തോഷത്തോടൊപ്പം വാനിലെ നക്ഷത്രങ്ങളും മാലാഖമാരും പുഞ്ചിരി തൂകി.

ശുഭം…

 

×