സിസ്റ്റര്‍ അഭയയുടെ മരണം മുതല്‍ 2004 വരെ ഞാന്‍ കടുത്ത സഭാ വിമര്‍ശകയായിരുന്നു. പഴയ നിലപാടുകള്‍ തെറ്റെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ സന്യാസത്തെ വാരിപ്പുണര്‍ന്നു. എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച വീട്ടുകാര്‍ പോലും ആയുധമാക്കിയത് അഭയാ കേസായിരുന്നു. ലോക ചരിത്രത്തില്‍ ആദ്യമായാണ് ഒരു കന്യാസ്ത്രീ കന്യാത്വ പരിശോധനയ്ക്ക് വിധേയമാകുന്നത്. അതേക്കുറിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ വിലയിരുത്തലുകള്‍ ചില സാമൂഹ്യ വിമര്‍ശനങ്ങളുമായി ഒത്തുപോകുന്നില്ല. അഭയാ കേസിനെക്കുറിച്ച് സിസ്റ്റര്‍ സോണിയ തെരേസിന്‍റെ കുറിപ്പ്…

സത്യം ഡെസ്ക്
Thursday, December 31, 2020

1999 -ൽ ആണ് സുരേഷ് ഗോപിയുടെ ‘ക്രൈം ഫയൽ’ എന്ന സിനിമ പുറത്തിറങ്ങുന്നത്. അന്ന് ഞാൻ പാലാ അൽഫോൻസാ കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിനിയാണ്. ഇടുക്കികാരിയായ ഞാൻ സിസ്റ്റേഴ്സ് നടത്തുന്ന ഒരു ഹോസ്റ്റലിൽ നിന്നാണ് പഠിച്ചിരുന്നത്.

കോട്ടയത്ത് പയസ് ടെൻത് കോൺവെൻ്റിൽ സിസ്റ്റർ അഭയ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞതും അതിനെ ചുറ്റിപ്പറ്റിയുള്ള കിംവദന്തികളും വളരെ ശക്തമായി ഉയർന്ന് നിൽക്കുന്ന ഒരു കാലമായിരുന്നു അത്. സ്വാഭാവികമായും ഹോസ്റ്റലിൽ ജീവിക്കുന്ന കുട്ടികളോടുള്ള സിസ്റ്റേഴ്സിൻ്റെ സ്ട്രിക്ട് മനോഭാവം യുവത്വത്തിലേക്ക് കാലെടുത്തു വച്ചിരിക്കുന്ന ഞങ്ങളിലും വല്ലാത്ത അസ്വസ്ഥതയും വെറുപ്പും സൃഷ്ടിച്ചിരുന്നു, കാരണം സ്വാതന്ത്ര്യത്തിനുവേണ്ടി കൊതിക്കുന്ന ഒരു പ്രായം ആണല്ലോ യുവത്വം.

അതു കൊണ്ട് തന്നെ പത്രങ്ങളിലൂടെയും മറ്റും വരുന്ന സി. അഭയയെ സംബന്ധിച്ചുള്ള വാർത്തകൾ ഞങ്ങൾ വലിയ തീക്ഷ്ണതയോടെ ചർച്ച ചെയ്യുമായിരുന്നു. ഇങ്ങനെയുള്ള ചർച്ചകളുടെ സ്വാധീനത്തിൽ ക്രൈസ്തവ സഭയെയും പുരോഹിതരെയും സന്യസ്തരെയും വിമർശിക്കുന്ന പല വ്യക്തികളിൽ ഒരാളായി ഞാനും വളർന്നു.

2001- ലാണ് ഞാൻ ക്രൈം ഫയൽ എന്ന സിനിമ കാണുന്നത്. ആ സിനിമയുടെ അവസാനം വൈദികരേയും സിസ്റ്ററിനേയും കൊലപാതകത്തിൽ നിന്ന് ഒഴിവാക്കി മറ്റു കഥാപാത്രങ്ങളെ കൊണ്ടുവന്നെങ്കിലും ആ സിനിമ കണ്ട 95 ശതമാനം വ്യക്തികളും വിശ്വസിച്ചിരുന്നത് കൊലപാതകികൾ വൈദികരും സിസ്റ്ററും ആണെന്നാണ്. ഒരു ക്രൈസ്തവ വിശ്വാസിയായ എനിക്ക് അത് അത്രയ്ക്ക് അങ്ങ് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ ഒരു നീറ്റലായി കിടന്നത് അങ്ങനെ തന്നെയായിരുന്നു.

കാലങ്ങൾ കടന്നുപോയി. തികച്ചും ഒരു സഭാ വിമർശകയായ, എന്നാൽ ഉറച്ച ക്രൈസ്തവ വിശ്വാസമുള്ള എൻ്റെ ജീവിതത്തിൻ്റെ വഴിത്താരയിൽ ഞാൻ ക്രിസ്തുവിനെ വ്യക്തമായി അനുഭവിച്ച് അറിഞ്ഞപ്പോൾ അവനുവേണ്ടി ജീവിക്കണം എന്ന മോഹം ഉടലെടുത്തു.

ഒത്തിരിയേറെ കടമ്പകൾ കടന്ന് 2004 -ൽ സന്യാസത്തെ വാരിപ്പുണരുവാനായി ഞാൻ എൻ്റെ വീടിൻ്റെ പടികൾ ഇറങ്ങുമ്പോൾ എന്നെ പിന്തിരിപ്പിക്കുവാനായി എൻ്റെ പ്രിയപ്പെട്ടവർ പലരും ഉപയോഗിച്ച പ്രധാന ആയുധം അഭയാ കേസ് ആയിരുന്നു.

സ്വന്തം ഗുരുവിനെ സ്നേഹ ചുംബനം കൊണ്ട് ഒറ്റികൊടുത്ത യൂദാസിനെയല്ല മറിച്ച്, വീണു പോയിട്ടും വീണിടത്ത് തന്നെ കിടക്കാതെ വീണ്ടും എണീറ്റ് വീറോടെ ലോകത്തിൻ്റെ മുക്കിലും മൂലയിലും പോയി സുവിശേഷം പ്രഘോഷിച്ച് രക്തം ചിന്തി മരിച്ച മറ്റു ശിഷ്യൻമാരുടെ മാതൃകയാണ് നോക്കേണ്ടത് എന്ന് ഉള്ളിൻ്റെ ഉള്ളിൽ ആരോ മന്ത്രിക്കുന്നത് കേട്ടപ്പോൾ ക്രിസ്തുവിനോടുള്ള സ്നേഹം എന്നെ അന്ധയും ബധിരയും ആക്കി.

നാലുവർഷത്തെ ഫോർമേഷന് ശേഷം ഒരു സന്യാസിനിയായി തീർന്നിട്ടും എൻ്റെ മനസ്സിൽ ചാരം മൂടി കിടന്ന ചിന്ത സിസ്റ്റർ അഭയയെ കൊന്നത് രണ്ട് വൈദികരും ഒരു കന്യാസ്ത്രീയും കൂടിയാണ് എന്നതായിരുന്നു. 2010 -ൽ ഇന്ത്യയിൽ നിന്ന് ഇറ്റലിയിലേക്ക് ട്രാൻസ്ഫർ ആയി പോന്നതിനുശേഷം കേരളത്തിലെ വാർത്തകൾ അധികം ഒന്നും ഞാൻ നോക്കാറില്ലായിരുന്നു. എന്നാൽ 2017 ഡിസംബർ മാസത്തിൽ ഫേസ്ബുക്ക് അക്കൗണ്ട് എടുത്തതോടെ ചൂടുള്ള വാർത്തകളുടെ ബഹളമായി.

ഫേസ്ബുക്കിൽ കൂടി സന്യാസത്തെ സംബന്ധിക്കുന്ന വിഷയങ്ങളിൽ പ്രതികരിച്ച്, “കൊണ്ടും കൊടുത്തും” മുന്നോട്ടു പോകുമ്പോൾ ആണ് കഴിഞ്ഞ ഏതാനും മാസങ്ങൾക്കുമുമ്പ് അഭയാ കേസിനെ സംബന്ധിച്ചുള്ള ജസ്റ്റിൻ ജോർജിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടത്. “തെറ്റ് ചെയ്തവർ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം” എന്ന ചിന്താഗതിക്കാരി ആയതിനാൽ ആദ്യം അതിനെ ഗൗരവമായിട്ട് എടുത്തില്ലെങ്കിലും ചില പോസ്റ്റുകളിലെ ജസ്റ്റിസ് ഹേമയുടെ വാക്കുകൾ എൻ്റെ മനസ്സിനെ വല്ലാതെ പിടിച്ചുലയ്ച്ചു.

അഭയാ കേസിൻ്റ വിധി ഡിസംബർ 22 – നു വരുമെന്ന വാർത്ത വന്നതോടെ മീഡിയകളും – സോഷ്യൽ മീഡിയയും തമ്മിലുള്ള മത്സരമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞാൻ നിശബ്ദമായി സോഷ്യൽ മീഡിയയിൽ കൂടി കണ്ണുകൾ ഓടിക്കുകയായിരുന്നു.

എന്നെ ഏറ്റവും അതിശയിപ്പിച്ചത് വിദ്യാസമ്പന്നരായ അക്രൈസ്തവരും അവിശ്വാസികളുമായ ധാരാളം സഹോദരങ്ങൾ കോടതി വിധിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ചില ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഒരുപക്ഷേ നിരപരാധികളെ ആണോ ഈ സമൂഹം പിച്ചിച്ചീന്തുന്നതെന്ന് ചോദിക്കുമ്പോൾ മറുവശത്ത് ക്രൈസ്തവരും ക്രൈസ്തവനാമം പേറുന്നവരും ഒരു സ്ത്രീയുടെ സ്വകാര്യതയിലേക്ക് കടന്നു കയറി അവളുടെ രഹസ്യഭാഗങ്ങളെ വർണ്ണിച്ച് ആർമാദിക്കുന്ന ഭയാനകമായ ഒരു കാഴ്ചയാണ് കണ്ടത്…!!

ലോകചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്ത്രീ, അതും ഒരു കന്യാസ്ത്രീ, തൻ്റെ നിരപരാധിത്വം തെളിയിക്കാനായി വൈദ്യശാസ്ത്രത്തിൽ വിശ്വസിച്ചുകൊണ്ട് കന്യാത്വ പരിശോധനയ്ക്ക് വിധേയമാകുന്നത്. അതും ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നർ എന്ന് അഹങ്കരിക്കുന്ന ഒരു സമൂഹത്തിൻ്റെ മുമ്പിൽ…

ദൈവത്തിൽ വിശ്വസിക്കുന്നതുപോലെ തന്നെ അവർ വൈദ്യശാസ്ത്രത്തെയും ഡോക്ടർമാരെയും വിശ്വസിച്ചു. ഏതെങ്കിലും ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്ന ഒരു സാഹചര്യം എന്നെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു സ്ത്രീയും ഒരിക്കലും ചങ്കുറപ്പോടെ കന്യാത്വ പരിശോധന നടത്താൻ മുന്നോട്ടു വരില്ല എന്ന് ഞാൻ നൂറ് ശതമാനം ഉറപ്പിച്ചു പറയുന്നു.

ഒരു സ്ത്രീയുടെ സ്ത്രീത്വം ഇത്രമേൽ പിച്ചിച്ചീന്തപ്പെട്ടിട്ടും മതിയാവാത്ത മുഖംമൂടിയണിഞ്ഞ ചിലരെ, ഇരയെ കീഴ്പ്പെടുത്തി മതിയാവോളം ഭക്ഷിച്ചിട്ടും രക്തംപുരണ്ട നാവോടെ അണച്ചുകൊണ്ട് ചുറ്റും നോക്കുന്ന ചെന്നായ്ക്കളോട് അല്ലാതെ എന്തിനോട് ഉപമിക്കും!!അലറിവിളിക്കുന്ന ഒരു ജനക്കൂട്ടത്തോട് ഒപ്പം അലമുറ ഇടാൻ വളരെ എളുപ്പമാണ്. പക്ഷേ സത്യം അറിയണമെന്ന് ആഗ്രഹമുള്ളവർക്ക് അല്പം നിശബ്ദതയും സത്യങ്ങളെ തേടിയുള്ള ചില യാത്രകളും അത്യാവശ്യമാണ്.

ഈ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവരോട് പല സംശയങ്ങളും ചോദിച്ചറിഞ്ഞു. അങ്ങനെ ഈ ദിവസങ്ങളിൽ ഞാൻ വ്യക്തിപരമായി ചിലരോട് സംസാരിക്കുകയായിരുന്നു. അവരിൽ ഗൈനക്കോളജിസ്റ്റ്, ഡോക്ടർമാർ, സർജൻമാർ, അഡ്വക്കേറ്റ്സ്, മെഡിസിൻ പഠിപ്പിക്കുന്ന പ്രൊഫസർമാർ… അങ്ങനെ പലരുമുണ്ടായിരുന്നു.

കുറ്റാരോപിതയായ സന്യാസിനിയുടെ കന്യാത്വ പരിശോധന നടന്ന അതേ ആലപ്പുഴ മെഡിക്കൽ കോളജിലെ ഫോറൻസിക് വിദഗ്ധനായ ഒരു ഡോക്ടർ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്: “സിസ്റ്റർ നിങ്ങൾ എന്നെ വിശ്വസിക്കണം. സിസ്റ്റർ സെഫി ഒരു കന്യകയാണ്. അവരെ ചതിച്ചത് 2 ലേഡി ഡോക്ടർമാരാണ്. ക്രിസ്തു ഒരു ദിവസമേ പീഡകൾ സഹിച്ചുള്ളൂ. പക്ഷേ സിസ്റ്റർ സെഫി കഴിഞ്ഞ 12 വർഷമായി സമൂഹത്തിനു മുൻപിൽ തുണിയുരിഞ്ഞു നിർത്തപ്പെട്ടിരിക്കുകയാണ്. അവരുടെ സഹനം ഭയാനകമാണ്.”

നിരീശ്വരവാദിയായ ആ ഡോക്ടറുടെ വാക്കുകൾ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. സിസ്റ്റർ അഭയ കൊല്ലപ്പെട്ടതാണോ, ആത്മഹത്യ ചെയ്തതാണോ എന്ന് എനിക്കറിയില്ല. പക്ഷെ 229 പേജുള്ള കോടതിവിധിയിലൂടെ ഞാൻ കണ്ണോടിച്ചപ്പോൾ എനിക്ക് വന്ന സംശയം ഇപ്പോൾ അപരാധികൾ ആയിട്ട് വിധിച്ചിരിക്കുന്നവർ നിരപരാധികൾ ആണോ എന്നാണ് ? ഈ വിധിയും ഇത്രയും നാളത്തെ കേസിൻ്റെ സംഭവങ്ങളും മറ്റും കൂട്ടി വായിക്കുമ്പോൾ ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങൾ എൻ്റെ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നു…

രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ആൾക്കൂട്ടത്തിൻ്റെ ആരവങ്ങൾക്കും ആക്രോശങ്ങൾക്കും ഇടയിൽ പൊലിഞ്ഞുപോയ നീതിബോധം പീലാത്തോസിനെ കൈകഴുകാൻ എങ്കിലും പ്രേരിപ്പിച്ചു. എന്നാൽ ഇന്ന് നൂറ്റാണ്ടുകൾക്കിപ്പുറം “കഞ്ചാവടിച്ചു അതിന്റെ ലഹരിയിൽ കിറുങ്ങി നടക്കുമ്പോഴാണ് താൻ അതു കണ്ടത്” എന്ന് സാക്ഷി തന്നെ പറയുമ്പോ അതിന്റെ വസ്തുത /വിശ്വസനീയത എത്രയുണ്ട് ?

നീതിപാലകരും വിധിയാളനും പതിയെ തിരശ്ശീലക്ക് പിന്നിൽ മറഞ്ഞു നിന്ന് ഞങ്ങളുടെ ഭാഗം ക്ലിയർ ആക്കി എന്ന് ആശ്വസിക്കുന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലും നിയമപാലകരിലും വിശ്വാസമില്ലേ എന്ന് ചോദിച്ചാൽ, ഉത്തരം ഇത്രമാത്രം: നിയമപാലകരും നീതിപീഠവും ചെയ്യുന്നതൊക്കെ ശരിയാണെന്നും, അവർക്ക് തെറ്റില്ല എന്നും അവരുടെ മുന്നിലെ തെളിവുകൾ എപ്പോഴും സത്യമായിരിക്കും എന്നും വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

അന്ന് ഈ വിധിയെ കണ്ണടച്ച് സ്വീകരിക്കുമായിരുന്നു. പക്ഷേ കുറച്ചു നാളുകളായി അത് കൈമോശം വന്നു പോയി. നിയമജ്ഞർ പലപ്പോഴും പൊതുബോധത്തിൻ്റെ കാവൽക്കാരാവുകയും നിയമപാലകർ മറ്റുള്ളവരുടെ കയ്യിലെ ഉപകരണമാവുകയും ചെയ്യുന്ന ഇക്കാലത്ത് സാമാന്യബോധം നഷ്ടപ്പെടാതെ യുക്തി ഉപയോഗിച്ച് മാത്രമേ കാര്യങ്ങളെ വീക്ഷിക്കാൻ പറ്റൂ.

ഈ കേസിൽ സിസ്റ്റർ അഭയയുടെ മരണകാരണം എന്താണെന്നു കൃത്യമായി തെളിഞ്ഞിട്ടില്ല എന്നതാണ് യുക്തിപൂർവ്വം ചിന്തിക്കുന്നവരുടെ അഭിപ്രായം. കോടതി വിധി വരുന്നതിനു മുൻപേ ഇവിടുള്ളവർ പ്രതികളെ തീരുമാനിച്ചുറപ്പിച്ചിരുന്നു. ഇവിടെ കുറ്റാരോപിതർക്ക് എതിരായ തെളിവുകൾ എന്ന് ചൂണ്ടി കാണിച്ചിരിക്കുന്നവ എത്രമാത്രം വിശ്വാസയോഗ്യമാണെന്നതും അതിന്റെ ശാസ്ത്രീയതയും വലിയൊരു ചോദ്യ ചിഹ്നമാണ്.

ഇന്നും യഥാർത്ഥ പ്രതികൾ മറത്തിരിക്കുകയാണോ ? തീർച്ചയായും യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടണം. അതു എത്ര വലിയ ഉന്നതർ ആയാലും ശിക്ഷിക്കപ്പെടണം. കോടതി വിധികൾ പൂർണമായും സത്യസന്ധവും ന്യായവും ആകട്ടെ. ആൾക്കൂട്ടത്തിൻ്റെ ആക്രോശങ്ങൾക്കിടയിൽ കൂടി കലർന്ന് അത് മലിനമാകാതിരിക്കട്ടെ…

പൊതുസമൂത്തിൻ്റെ ആരവങ്ങളിലും ആക്രോശങ്ങളിലും പങ്കുചേരാതെ യുക്തികൊണ്ട് ചിന്തിച്ച് കാര്യങ്ങളെ കാണാൻ പഠിക്കുന്ന ഒരു സമൂഹം ഈ ആധുനിക നൂറ്റാണ്ടിൽ വളർന്നുവരട്ടെ എന്ന പ്രാർത്ഥനയോടെ…

സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

NB: എൻ്റെ നന്മ ആഗ്രഹിക്കുന്ന പലരും ഈ ദിവസങ്ങളിൽ എന്നോട് പറഞ്ഞത്, ദയവു ചെയ്ത് നീ അഭയ കേസിനെപ്പറ്റി ഒന്നും എഴുതാൻ പോകരുത് എന്നാണ്. പക്ഷേ ക്രിസ്തുവിനു വേണ്ടി ജീവിതം മാറ്റിവച്ച എനിക്ക് മറ്റാരേക്കാൾ എൻ്റെ മനസ്സാക്ഷിയുടെ സ്വരത്തിന് ചെവികൊടുക്കേണ്ടി വന്നു. മനുഷ്യന്റെ ഉള്ളിൽ ദൈവം വസിക്കുന്ന സക്രാരിയാണ് മനസ്സാക്ഷി.

×