കുവൈറ്റ്: എസ്എംസിഎ കുവൈറ്റിന്റെ പ്രവര്‍ത്തനം ഇനി അമേരിക്കയിലും. 'എസ്എംസിഎ -കുവൈറ്റ് - നോർത്ത് അമേരിക്ക'യുടെ ഉദ്ഘാടനം ചിക്കാഗോ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നിട്ടും ഒത്തൊരുമയുടെ മാതൃക കാണിക്കുന്ന സംഘടനയുടെ പ്രവര്‍ത്തനം മാതൃകപരമാണെന്നും, സൈബല്‍ ലോകം ഒരു ഭൂഖണ്ഡമായി മാറുന്ന കാലഘട്ടത്തില്‍ അവിടെയും ദൈവരാജ്യം വ്യാപിപ്പിക്കാന്‍ ഈ സംഘടനയ്ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സഭയെയും സമൂഹത്തെയും രാജ്യത്തെയും ശക്തിപ്പെടുത്താന്‍ സംഘടനകള്‍ക്ക് ആകണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു. മാർ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹപ്രഭാഷണം നടത്തി.
മാർ ജോസ് കല്ലുവേലിൽ മുഖ്യപ്രഭാഷണം നടത്തി. നോര്‍ത്ത് അമേരിക്കയിലേക്ക് എസ്എംസിഎ കുവൈറ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വേരുറപ്പില്ലാത്ത മണലാരണ്യത്തില്‍ നിന്നും സഭയുടെ വേര് ഉറപ്പിച്ചവരാണ് കുവൈറ്റിലെ സിറോ മലബാര്‍ സമൂഹമെന്നും, അവര്‍ക്ക് അമേരിക്കയിലും, കാനഡയിലും വളരാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വരും തലമുറയിലൂടെ ഈ വന്‍വൃക്ഷം പിടിച്ചുനിര്‍ത്തനാകണമെന്നും, അല്‍ത്താര കേന്ദ്രീകൃതമായ ആത്മീയ അടിത്തറ വരും തലമുറയ്ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മാർ റാഫേൽ തട്ടിൽ ലോഗോപ്രകാശനം നിര്‍വഹിച്ചു. 50 ലക്ഷം സിറോ മലബാര്‍ വിശ്വാസികളാണുള്ളതെന്നും, അതില്‍ 35 ലക്ഷം കേരളത്തിലും, 15 ലക്ഷം പുറത്താണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അപ്പൂപ്പന്‍താടി പറക്കുന്നത് വിത്തുകളുമായിട്ടാണ്. ആ വിത്തുകളാണ് പുറത്തുള്ളവരെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് കെ.എം. ചെറിയാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോമോൻ ഇടയാടിൽ, ട്രഷറർ ജോസ് തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫാദർ.സിറിയക്ക് കോട്ടയിൽ , കുവൈറ്റ് എസ്എംസിഎ പ്രസിഡന്റ് ബിജോയ് പാലാക്കുന്നേൽ, എസ്എംസിഎ സ്ഥാപകാംഗവും റിട്ടേണിസ് ഫോറം പ്രസിഡന്റുമായ ജേക്കബ് പൈനേടത്ത്, തോമസ് കുരുവിള എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് തോമസ് വിതേയത്തില്‍ നന്ദി പറഞ്ഞു. കുമാരി റീതു സെബാസ്റ്റിയന്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.
1995 -ൽ സ്ഥാപിതമായ എസ്എംസിഎ കുവൈറ്റ്, വിവിധ ഗൾഫ് നാടുകളിൽ സീറോ മലബാർ അൽമായ കൂട്ടായ്മകൾ രൂപം കൊള്ളുവാൻ പ്രചോദനമായി. ഈ സംഘടന ഇന്ന് “മഹത്തരമായ പാരമ്പര്യത്തിന്റെ കാവൽക്കാർ“ എന്ന ആപ്തവാക്യവുമായി ഭൂഖണ്ഡങ്ങൾ കടന്ന് തലമുറകളെ കീഴടക്കികൊണ്ടിരിക്കുയാണ്. താമസിയാതെ തന്നെ യു കെ യിലും ആസ്ട്രേലിയയിലും ഇതുപോലെയുള്ള എസ്എംസിഎ കുവൈറ്റ് പ്രവർത്തകരുടെ കൂട്ടായ്‌മകൾ ഉണ്ടാകുമെന്നും അവ അവിടുത്തെ സഭാ സംവിധാനങ്ങൾക്ക് കരുത്തേകുമെന്നും എസ്എംസിഎ കുവൈറ്റ് പ്രസിഡന്റ് ബിജോയ് പാലാക്കുന്നേൽ പ്രത്യാശ പ്രകടിപ്പിച്ചു.