യുകെ: കാർഡിഫ് മിഷനിലെ എസ്എംവൈഎം ക്രമീകരിച്ച ബൈബിൾ മാരത്തോൺ ഒക്ടോബർ 23 മുതൽ 27 വരെ Webex Meeting App ലൂടെ നടന്നു. കാർഡിഫ് മിഷന്റെ ഭാഗങ്ങളായ ബാരി, ന്യൂപോർട്ട്, എന്നീ സ്ഥലങ്ങളിൽ നിന്നും ഉൾപ്പെടെ തൊണ്ണൂറ്റിമൂന്നു യുവതീ യുവാക്കളും, കുട്ടികളും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ കാത്തലിക് എപ്പാർക്കിയിൽ ഇദംപ്രഥമമായി നടന്ന ബൈബിൾ മാരത്തോണിൽ പങ്കെടുത്തു.
കഴിഞ്ഞ ഒരു വർഷമായി മിഷനിൽ നടക്കുന്ന ബൈബിൾ ക്ലബ്ബിന്‍റെയും, കഴിഞ്ഞ 6 മാസമായി എല്ലാദിവസവും വൈകുന്നേരം കുട്ടികൾ ഒരുമിച്ച് നടത്തുന്ന ബൈബിൾ പാരായണത്തിന്റേയും, തുടർച്ചയായിരുന്നു ബൈബിൾ മാരത്തോൺ.
അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഒക്ടോബർ 23 -ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ബൈബിൾ മാരത്തോൺ ഉദ്ഘാടനം ചെയ്തു. ദൈവവചനത്തിന്റെ പാധാന്യം ഊന്നിപ്പറഞ്ഞ അഭിവന്ദ്യ പിതാവ്, ഈ മാരത്തോൺ എല്ലാവർക്കും ഒരു അനുഗ്രഹമായിത്തീരുമെന്ന് പറഞ്ഞു.
മിഷനിലെ അറുപത് കുടുംബങ്ങൾ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. ഇപ്പോഴത്തെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ജിമ്മി സെബാസ്റ്റ്യൻ പുളിക്കക്കുന്നേൽ, സ്ഥാനമൊഴിഞ്ഞ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാ ജോയി വയലിൽ എന്നിവർ ഭാവുകങ്ങൾ ആശംസിച്ചു.
ഉദ്ഘാടനത്തിനു ശേഷം അഭിവന്ദ്യ പിതാവ്, ഉല്പത്തിയുടെ ആദ്യഭാഗങ്ങൾ വായിക്കുകയും അനേകം മണിക്കൂറുകൾ യുവതീ യുവാക്കളുടെ കൂടെ ബൈബിൾ പാരായണം ധ്യാനപൂർവം ശ്രവിക്കുകയും ചെയ്തു. അരമണിക്കൂറിന്റെ 48 സ്ലോട്ടുകളാണ് പദ്ധതിയിട്ടി തെങ്കിലും, 93 യുവതീയുവാക്കളും കുട്ടികളും ആവേശത്തോടെ ഈ ഉദ്യമത്തിൽ പങ്കെടുത്തു.
ഒരു ദിവസം 15 മിനിട്ടുകളുടെ 93 സ്ലോട്ടുകളായി 101 മണിക്കൂർ ബൈമ്പിൾ പാരായണം നീണ്ടു. പുലർകാലത്തുള്ള സ്ലോട്ടുകളിൽ പോലും മിനിമം 5 പേരെങ്കിലും എപ്പോഴും ബൈബിൾ പാരായണം കേൾക്കുവാനുണ്ടായിരുന്നു.
മിക്കവാറും സമയങ്ങളിൽ 10 മുതൽ 15 വരെ പേർ ധ്യാനപൂർവ്വം ബൈബിൾ പാരായണം ശ്രവിച്ചു. ഒക്ടോബർ 27-ാം തീയതി അതിരാവിലെ 12.40 ന് അഭിവന്ദ്യ പിതാവ് വെളിപാട് ഇരുപത്തി രണ്ടാം അദ്ധ്യായം വായിച്ച് ബൈബിൾ മാരത്തോൺ അവസാനിപ്പിച്ചപ്പോൾ, 25 കുടുംബങ്ങൾ ദൈവവചനത്തെ അനുധാവനം ചെയ്യുന്നുണ്ടായിരുന്നു.
മുഴുവൻ സമൂഹത്തിന്റേയും, ആത്മാത്ഥമായ സഹകരണവും കഠിനാദ്ധ്വാനവും മാരത്തോൺ ഭംഗിയായി പൂർത്തിയാക്കുവാൻ സഹായിച്ചു. പത്തോളം വോളണ്ടിയേഴ്സ് രാത്രിയും പകലുമില്ലാതെ അത്യദ്ധ്വാനം ചെയ്തു. ഒരു ദിവസത്തെ മൂന്നു മണിക്കൂർ സ്ലോട്ടുകളായി തിരിച്ച്, ഇവർ, വായിക്കുന്ന കുട്ടികളെ അനുധാവനം ചെയ്തു.
വോളണ്ടിയേഴ്സിന്റെ ഇങ്ങനെയുള്ള കൂട്ടായ പ്രവർത്തനം നൂറ്റിയൊന്നു മണിക്കൂർ ബൈബിൾ പാരായണം ഭംഗിയായി നടത്തുവാൻ സഹായിച്ചു.
ഒക്ടോബർ 28ാം തീയതി വൈകുന്നേരം 5 മുതൽ 7 വരെ സമാപന ശുശ്രൂഷ നടന്നു. ഇതിന് ആമുഖമായി സംസാരിച്ച ആൽബിയും, ജിയയും വെയിൽസിനുമേലെ ചൊരിയപ്പെട്ട വചനം, ദൈവം ക്രുപയുടെ മാരി അയക്കുമ്പോൾ, വെയിൽസ് സമൂഹത്തിനു നൂറുമേനി ഫലം പുറപ്പെടുവിക്കുമെന്ന് പറഞ്ഞു.
യുവതി യുവാക്കൾ നയിച്ച പ്രയിസ് & വർഷിപ്പോടെ ഈ ശുശ്രൂഷ ആരംഭിച്ചു. പ്രശസ്ഥ ധ്യാനഗുരു ഫാ. സാജു ഇലഞ്ഞിയിൽ എം എസ് റ്റി ബൈബിൾ സന്ദേശം നല്കി. വൈവചനത്തിന്റെ ശക്തി ഊന്നിപ്പറഞ്ഞ സാജു അച്ചൻ, വൈവചനം നമ്മെ സൗഖ്യപ്പെടുത്തുകയും, രൂപാന്തരപെടുത്തുകയും, പ്രലോഭനങ്ങളെ കീഴ്പ്പെടുത്തുവാൻ സഹായിക്കുകയും, ആത്മാവിന്റെ നിറവിലേയ്ക്ക് നയിക്കുകയും ചെയ്യുമെന്ന് എല്ലാവരേയും ബോദ്ധ്യപെടുത്തി.
അദിവന്ദ്യ പിതാവ് നല്കിയ സന്ദേശത്തിൽ താൻ ദൈനംദിനം ജീവിതം ആരംഭിക്കുന്നതും അവസാനിക്കുന്നതും ദൈവവചന വായനയോടെയാണെന്നു പറയുകയും എല്ലാവരെയും ഹൃദ്യമായി അഭിനന്ദിക്കുകയും ചെയ്തു.
മാരത്തോണിൽ പങ്കെടുത്തവർ, ഈ ദിവസങ്ങളിൽ, തങ്ങൾക്കുണ്ടായ, വൈവിദ്ധ്യങ്ങളായ അനുഭവങ്ങൾ പങ്കുവച്ചു. പലരും ഈ ദിവസങ്ങളിൽ ബൈബിൾ വായിച്ച സമയങ്ങളിൽ, തുടർന്നും ബൈബിൾ വായിക്കുമെന്നു പറഞ്ഞപ്പോൾ, അവരുപോലും വിശ്വസിച്ചില്ല, തങ്ങൾ അനേകരുടെ ഹൃദയ വികാരമാണ് പങ്കുവച്ചതെന്ന്.
അനേകർ തങ്ങൾക്കു കിട്ടിയ അനുഗ്രഹങ്ങള്‍ പങ്കുവെച്ചു. വായിക്കുവാൻ അസ്വസ്ഥത ഉണ്ടായിരുന്ന ഒരു കുട്ടി തന്റെ ഈ അവസ്ഥ മാറിപ്പോയ അനുഭവം എടുത്തു പറഞ്ഞു. പലരും 101 മണിക്കൂർ കൊണ്ട് ബൈബിൾ വായിക്കാമെന്നു കരുതിയില്ലെന്നും, എന്നാൽ ഇപ്പോൾ ബൈബിൾ വായിക്കുന്നത് വളരെ ആസ്വദ്യകരമായ ഒരു അനുഭവമായിത്തീർന്നെന്നും പറഞ്ഞു.
"നാലു ദിവസത്തെ അനുഗ്രഹദായകമായ ഒരു ധ്യാനം കഴിഞ്ഞതുപോലെ തോന്നുന്നു", വേറൊരാൾ പറഞ്ഞു. ഒരു കാര്യം വ്യക്തമായിരുന്നു, എല്ലാ വരും ഒരുപോലെ, വചനാമൃത് ആവോളം ആസ്വദിച്ചു. 93 ജീവിതങ്ങൾ വചനാഭിഷേകത്താൽ നിറഞ്ഞു. അവർ ഇനി വളരെ വ്യത്യസ്ഥരായിരിക്കും.
ജിമ്മിയച്ചനും, ജോയിഅച്ചനും, ബൈബിൾ മാരത്തോണിൽ പങ്കെടുത്ത എല്ലാവരെയും , ക്രമീകരിച്ചവരെയും അഭിനന്ദിക്കുകയും സമാപന ആശീർവാദം നല്കുകയും ചെയ്തു. നമ്മൾ ബൈബിൾ വായിക്കുമ്പോൾ ബൈബിൾ നമ്മെയും വായിക്കുവാൻ അനുവദിക്കണമെന്ന് ജിമ്മിയച്ചൻ എല്ലാവരെയും ഓർമ്മിപ്പിച്ചു.
ജീൻസി വിൻസ്റ്റൺ പ്രാത്ഥനയിൽ ലഭിച്ച മെസേജുകൾ പങ്കുവച്ചു. എസ്എംവൈഎം കാർഡിഫ് മിഷൻ പ്രസിഡൻറ് അലൻ ജോസി എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. ബൈബിൾ മാരത്തോണിലൂടെ കിട്ടിയ ദൈവാനുഗഹങ്ങളിൽ വളരാൻ ബൈബിൾ വചനങ്ങൾ പഠിക്കാൻ പ്രത്യേക ക്ലബ്ബും, മാസം തോറും പ്രത്യേക പരിപാടിയും ഉണ്ടായിരിക്കും.