സാമൂഹ്യ പ്രവർത്തകൻ ശ്രീധരൻ അട്ടപ്പാടിയുടെ അറുപതാം പിറന്നാൾ ആഘോഷിച്ചു

New Update

publive-image

Advertisment

മണ്ണാർക്കാട്: വർഷങ്ങളായി അട്ടപ്പാടി, മണ്ണാർക്കാട് മേഖലയിൽ സംഘടന ലേബലില്ലാതെ സാമൂഹ്യസേവനം ചെയ്തുവരുന്ന ശ്രീധരൻ അട്ടപ്പാടി ഷഷ്ഠിപൂർത്തി ആഘോഷിച്ചു.

സുഹൃത്തുക്കളുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, ലളിതമായിട്ടായിരുന്നു
പിറന്നാൾ ആഘോഷം. വിവിധ രംഗത്തെ നേതാക്കൾ സമ്മാനങ്ങൾ നൽകി ആദരിച്ചു.

ജെല്ലിപ്പാറ കണ്ടിയൂർ ഊരിൽ താമസിക്കുന്ന ശ്രീധരൻ അട്ടപ്പാടി എന്ന മനുഷ്യ സ്നേഹിയുടെ
ജീവിതം ആർക്കും ഒരു വിസ്മയമാണ്. വിശപ്പിന്റെയും ഇല്ലായ്മയുടെയും ദുരിത വഴികളിലൂടെ കടന്നു വന്ന ശ്രീധരന് ചുറ്റുമുള്ളവരുടെ നോവുകൾക്ക് ഒറ്റയ്ക്കും കൂട്ടായും പരിഹാരം കണ്ടെത്തുകയാണ്.

മറ്റുള്ളവർക്ക് നൽകാൻ സ്വന്തമായി യാതൊന്നും കൈവശമില്ലെങ്കിലും സ്നേഹവും സഹായവുമെത്തിച്ച് പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് ആശ്രയമാവുകയാണ് ഈ മാനവിക വാദി.

വീട് നിർമാണത്തിനുള്ള സഹായം, പൊതുവഴിക്കു വേണ്ടി സൗകര്യമൊരുക്കൽ, രക്തദാനം, ചികിത്സ സഹായം, കിടപ്പു രോഗികൾക്ക് പാലിയേറ്റിവ് കെയർ സഹായം, മാരക രോഗ ബാധിതർക്ക് ഗവൺമെന്റിൽ നിന്നും കിട്ടുന്ന ധന സഹായം, തദ്ദേശ സ്ഥാപങ്ങളിൽ നിന്നും കിട്ടുന്ന സേവനങ്ങൾ സാധാരണക്കാർക്ക് എത്തിച്ചു കൊടുക്കൽ, അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കൽ, പഠനോപകരണ വിതരണം... ഇങ്ങനെ പോകുന്നു ശ്രീധരൻ അട്ടപ്പാടിയുടെ മേൽ നോട്ടത്തിൽ നടക്കുന്ന ഒറ്റയാൾ സേവന സഹായ പ്രവർത്തനങ്ങൾ.

സുമനസ്സുകളെ കണ്ടെത്തി സഹായിക്കുന്നതിന് പ്രേരിപ്പിക്കുന്നതാണ് ശ്രീധരന്റെ രീതി.
പ്രതിഫലം പറ്റാതെയുള്ള ഈ സേവനം തുടങ്ങിയിട്ട് വർഷങ്ങളായി. ആരെയും അറിയിക്കാതെയും വാർത്തയാക്കാതെയുമുള്ള ഒരു നിശബ്ദ സേവനം.

ദുരിത ജീവിതങ്ങൾക്ക് ഒരു നേരിയ വെളിച്ചമെങ്കിലും എത്തിക്കാൻ ശ്രീധരൻ തന്റെ ഇരുചക്ര വാഹനവുമായി ഓടിയെത്താത്ത ഇടങ്ങളില്ല. ലോക്ക് ഡൗണിൽ രോഗികൾക്ക് മരുന്നെത്തിച്ചും ഒറ്റപ്പെട്ടു പോയവരെ സുരക്ഷിത കേന്ദ്രങ്ങളിലാക്കിയും ശ്രീധരൻ ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

പിറന്നാൾ പ്രമാണിച്ചും ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി സഹായമെത്തിക്കാനുള്ള നടപടികൾ കൈക്കൊണ്ടു. ജയശ്രീ ചാത്തനാത്ത്, മാണി പറമ്പേട്ട്, അച്യുതൻ പനച്ചിക്കുത്ത്, ശ്രീചിത്രൻ, ഡോ.വിശ്വംഭരൻ, കീഴിയേടത്ത് രാധാകൃഷ്ണൻ, വത്സമ്മ, ചന്ദ്രശേഖരൻ ജെല്ലിപ്പാറ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

palakkad news
Advertisment