New Update
നായക്കുട്ടിക്ക് ട്രിപ്പ് നല്‍കുന്നു
മണ്ണാർക്കാട്: മനുഷ്യരോട് മാത്രമല്ല സഹജീവികളോടും സ്നേഹം കാണിക്കുന്നതാണ് മനുഷ്യ ധർമ്മമെന്ന് നമ്മെ ഒന്ന് കൂടി ഓർമ പെടുത്തുകയാണ് നന്മയുടെ റിയാസും, ഐഎജിയുടെ അബുരജ്ജയും ചെയ്തത്.
ഇന്നലെ നാലുമണിക്ക് നായ്ക്കൾ കടിപിടി കൂടുന്നതിനിടയിൽ കടിയേറ്റ് അവശനായി മരണാസന്ന നിലയിൽ കിടക്കുന്ന ഒരു നായകുട്ടി 'നന്മ' യുടെ റിയാസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു.
ഉടനെ റിയാസ് വിവരം ഐ.എ.ജി ഗ്രൂപ്പിൽ അറിയിക്കുകയും ഐഎജി പ്രവർത്തകർ നായ കൂട്ടിയെ സഹായിക്കാൻ മുൻകൈ എടുക്കുകയുമായിരുന്നു. പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു.
റിയാസ് ഒരു പെട്ടി സംഘടിപ്പിച്ചു. പെട്ടിയിൽ നായകുട്ടിയെ എടുത്തു മൃഗാശുപത്രിയിലേക്ക് പാഞ്ഞു. റിയാസും സുഹൃത്തും നായകുട്ടിയെയും എടുത്ത് അവിടെ എത്തുമ്പോഴേക്കും അബുരാജ്ജയും അവിടെ എത്തിയിരുന്നു. പിന്നെ ധൃതിയിൽ ഡോക്ടറുടെ പരിശോധനയും, ഇൻജെക്ഷൻ നൽകലും.
നായകുട്ടിക്ക് ഗ്ലൂക്കോസും മറ്റു മരുന്നുകളും കൊടുത്തു. ഗ്ലൂക്കോസ് കയറിയതോടെ നായകുട്ടി ഉഷാറായി. അതുമൂലം അപകട നിലതരണം ചെയ്യാൻ സാധിച്ചു. രണ്ട് മണിക്കൂർ സമയത്തെ നിരീക്ഷണത്തിന് ശേഷം 'രോഗിയെ' ഡിസ്ചാർജ് ചെയ്തു.
മുറിയിൽ പുരട്ടാനുള്ള ഓയിന്റ്മെന്റും, ഗുളികയും ഡോക്ടർ നൽകി. ഒപ്പം മൂന്ന് ദിവസം നായകുട്ടിക്ക് വിശ്രമവും നിർദേശിച്ചു. അപ്പോഴാണ് ആര് നായകുട്ടിയുടെ തുടർന്നുള്ള ഉള്ളസംരക്ഷണം ഏറ്റെടുക്കും എന്ന ചോദ്യം ഉയർന്നത്.
വിവരം അറിഞ്ഞതും ഐഎജിയുടെ സജീവ പ്രവർത്തക ദീപിക നായകുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുത്തു. വൈകുന്നേരത്തോടെ പ്രത്യേക വാഹനത്തിൽ നായകുട്ടിയെ ദീപികയുടെ നെല്ലിപുഴയിലെ വീട്ടിൽ എത്തിച്ചു.
ദീപികയുടെ വീട്ടിൽ എത്തിയ 'അതിഥിയെ' കാണാൻ അടുത്ത വീട്ടിലെ കുട്ടികൾ വരെ എത്തി. കുട്ടികളെ കണ്ടതും നായകുട്ടി ഒന്ന് കൂടി ഉഷാറായി. മൂന്ന് ദിവസത്തേക്ക് ആണ് ഡോക്ടർ പരിപൂർണ്ണ വിശ്രമം പറഞ്ഞിട്ടുള്ളതെങ്കിലും അതിനു ശേഷം നായകുട്ടിയെ പറഞ്ഞു വിടണോ വളർത്തണോ എന്ന കാര്യം ആലോചനയിൽ ആണെന്നും ദീപിക പറഞ്ഞു.
റിയാസ്, അബുറജ്ജ, അസ്‌ലം അച്ചു അജ്നാസ്, ദീപിക തുടങ്ങിയവരായിരുന്നു ആ ജീവൻ രക്ഷിക്കാൻ തക്കസമയത്ത് ഇറങ്ങിയത്.