ഇസ്രായേൽ ചങ്ങാത്തം - സൗദിയും അതേ പാതയിൽ !

New Update

publive-image

യുഎഇ, ബഹ്‌റിൻ എന്നീ ഗൾഫ് രാജ്യങ്ങൾക്കുശേഷം സൗദി അറേബ്യയും ഇസ്രായേലുമായി നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കാനൊരുങ്ങുകയാണെന്നാണ് സൂചനകൾ.

Advertisment

ഇസ്ലാമിക രാജ്യങ്ങളുടെ നേതൃസ്ഥാനം കാംക്ഷിക്കുന്ന തുർക്കിയുടെ ഗൾഫ് മേഖലയിലെ അനധികൃത ഇടപെടലുകളും സൈനിക നടപടികളും സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ വളരെയേറെ അസ്വസ്ഥരാക്കുന്നുണ്ട്‌. നാറ്റോ സഖ്യകക്ഷിയായ തുർക്കി ഇസ്രായേലുമായും മുമ്പ്തന്നെ ചങ്ങാത്ത ത്തിലുമാണ്.

തുർക്കിയെ പൂർണ്ണമായും ബഹിഷ്‌ക്കരിക്കാനുള്ള സൗദി ചേംബർ ഓഫ് കൊമേഴ്‌സ് എടുത്ത തീരുമാനം ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തിലെ വിള്ളലാണ് വെളിപ്പെടുത്തുന്നത്. ഇറക്കുമതി, നിക്ഷേപം, ടൂറിസം എന്നീ മേഖലകളിൽ തുർക്കിയെ ബഹിഷ്‌ക്കരിക്കാൻ ചേംബർ ചെയർമാൻ അജ്‌ലാൻ അൽ അജ്‌ലാൻ പൊതുജങ്ങളോടും വ്യാപാരികളോടും അഭ്യര്ഥിച്ചിരിക്കുകയാണ്.

തുർക്കിയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ ഗൾഫ് രാജ്യങ്ങൾ അണിയറയിൽ മുമ്പ്തന്നെ നടത്തിവന്നിരുന്നു. തുർക്കിയുടെ കറൻസിയായ ലിറ കഴിഞ്ഞ 10 വർഷത്തിനിടെ 80% വരെയാണ് കൂപ്പുകുത്തിയത്.

സൗദിയിൽ ആയിരത്തിലധികം തുർക്കി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സൗദി അറേബ്യൻ ടൂറിസ്റ്റുകൾ ഏറ്റവുമധികം സന്ദർശിക്കുന്ന രാജ്യവും തുർക്കിയാണ്.

publive-image

സൗദിയുടെ പുതിയ നീക്കം തുർക്കിയെ സംബന്ധിച്ചി ടത്തോളം ആശങ്കയുണർത്തുന്നതാണ്. തുർക്കിയുമായി അടുത്ത ബന്ധം പുലർത്തുന്ന മലേഷ്യയുമായും പാക്കിസ്ഥാനുമായും സൗദി അകലം പാലിച്ചുകഴിഞ്ഞു.

സൗദി രാജകുടുംബത്തിന്റെ വിമർശകനായിരുന്ന പത്രപ്രവർത്തകൻ ഖാഷോജ്ജി, 2018 ൽ തുർക്കിയിലെ ഇസ്‌താംബുളിലുള്ള സൗദി എംബസ്സിയിൽ കൊല്ലപ്പെട്ടതുമുതലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത മറനീക്കി പുറത്തുവന്നത്.

ഒരിക്കൽ ഇസ്രായേലിന്റെ കടുത്ത വിമർശകരായിരുന്ന സൗദി അറേബ്യയുടെയും ഗൾഫ് രാജ്യങ്ങളുടെയും മനം മാറ്റത്തിന് പിന്നെയുമുണ്ട് കാരണങ്ങൾ.

ഗൾഫ് മേഖലകളിൽ തങ്ങളുടെ മുഖ്യശത്രുവായ ഇറാൻ നടത്തുന്ന ഇടപെടലുകൾ അവരുടെ ഉറക്കം കെടു ത്തുകയാണ്. ലോകത്തെ വമ്പൻ സാമ്പത്തികശക്തിയായി മാറുന്ന യുഎഇയും സൈനിക ശക്തിയായ സൗദിയും ഷിയാ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ബഹ്‌റിനും, കുവൈറ്റുമൊക്കെ ഇറാന്റെ ഇടപെടലുകൾ ഒരു കാരണവശാലും അംഗീകരിക്കാൻ തയ്യാറുമല്ല.

പലസ്തീൻ വിഷയത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് പാലസ്തീൻ - ഹമാസ് നേതൃത്വങ്ങളോട് വിയോജിപ്പുണ്ട്. ഇത്രയും നീണ്ട ഒരു കാലഘട്ടത്തിനുശേഷവും ഒത്തുതീർപ്പുകൾക്കുള്ള വഴി കണ്ടെത്താത്തതും സദ്ദാം ഹുസ്സൈൻ കുവൈറ്റ് പിടിച്ചടക്കിയപ്പോൾ പലസ്തീൻ നേതൃത്വവും യാസർ അറാഫത്തും സദ്ദാമിനെ പിന്തുണച്ചതും ഗൾഫ് രാജ്യങ്ങൾ ഇനിയും മറന്നിട്ടില്ല.

ഗൾഫ് യുദ്ധത്തിനുശേഷം കുവൈറ്റിൽ നിന്നും പലസ്തീൻ സ്വദേശികളെയെല്ലാം പുറത്താക്കിയതും അവരുടെ സ്ഥാനത്ത് ഈജിപ്റ്റുകാർക്ക് തൊഴിൽ നൽകിയതും കുവൈറ്റിന്റെ ശക്തമായ പ്രതിഷേധമായിരുന്നു വെളിപ്പെടുത്തപ്പെട്ടത്.

publive-image

ലോകമാകെയുള്ള മുസ്‌ലിം രാഷ്ട്രങ്ങളുടെ നേതൃസ്ഥാനം പേറി ഒരു യൂറോപ്യൻ രാജ്യം എന്ന നിലയിൽ അറിയപ്പെടാനുള്ള തുർക്കിയുടെ മോഹങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

നാറ്റോ സഖ്യരാജ്യമായ തുർക്കിയെ ആണവശക്തിയായ പാക്കിസ്ഥാനും, ഇസ്‌ലാമിക രാജ്യങ്ങളായ മലേഷ്യയും ഖത്തറും അസർ ബൈജാനും പിന്തുണയ്ക്കുന്നുമുണ്ട്. എന്നാൽ ഏഷ്യൻ - ഗൾഫ് മേഖലയിലെ പല ഇസ്ലാമിക രാഷ്ട്രങ്ങളും അവരുടെ നീക്കങ്ങൾക്ക് പൂർണ്ണമായും തടയിടുകയാണ്.

ഇസ്രായേലുമായുള്ള പുതിയ കൂട്ടുകെട്ടും അതിലൂടെ ഉരുത്തിരിയുന്ന വ്യാപാര - വാണിജ്യ - സൈനിക കൂട്ടുകെട്ടും മദ്ധ്യപൂർവ്വേഷ്യയിൽ ഭാവിയിൽ പുതിയൊരു രാഷ്ട്രീയ സമീകരണത്തിന് വഴിയൊരുക്കിയേക്കാം..

soudi news
Advertisment