മുന്‍ നിലപാടുകള്‍ തിരുത്തിയാണോ ഇ ശ്രീധരന്റെ ബിജെപി പ്രവേശനം ! അതോ ചുവടുകളും പിഴച്ചു തുടങ്ങിയോ ? ശ്രീധരന്റെ രാഷ്ട്രീയ സേതു ബന്ധനം പറഞ്ഞുവയ്ക്കുന്നതെന്തൊക്കെ ? എസ്.പി നമ്പൂതിരി എഴുതുന്നു…

സത്യം ഡെസ്ക്
Thursday, February 25, 2021

മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുന്നു. വര്‍ത്തമാനകാല കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ഒരു വാര്‍ത്തയാണിത്. പേരെടുത്ത ഉദ്യോഗസ്ഥപ്രമാണിമാര്‍ രാഷ്ട്രീയമോഹങ്ങളുമായി വരുന്നത് ഒരു പുതിയ സംഭവമല്ല. ഉദ്യോഗസ്ഥമേഖലയിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയമേഖലയിലേക്ക് ചുവടുമാറുന്നത് തെറ്റാണെന്ന് പറയാനാവില്ല.

ഇ ശ്രീധരനെപ്പോലെ സ്വന്തം കര്‍മ്മമണ്ഡലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളളവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് സ്വാഗതാര്‍ഹമാണ്. സംശയമില്ല. എന്നാല്‍ കേരളീയ സമൂഹത്തിന്‍റെ ചില സംശയങ്ങള്‍ അദ്ദേഹം തീര്‍ത്തുതരണം.

ഒന്ന്: പൗരത്വബില്ലിനെക്കുറിച്ച് അദ്ദേഹം ഒരഭിപ്രായപ്രകടനം നടത്തിയിരുന്നു. എന്തിന്‍റെ പേരിലും കേന്ദ്രത്തെ എതിര്‍ക്കുകയെന്നത് ഒരു ഫാഷനായിത്തീര്‍ന്നിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതേക്കുറിച്ച് പറയുമ്പോള്‍ കേരളചരിത്രത്തിലെ ചില സംഭവങ്ങള്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണെന്ന് തോന്നുന്നു. 1957 – ലാണല്ലോ കേരളം രൂപീകൃതമായത്. ഈ നീണ്ടകാലയളവില്‍ കേരളം അനുഭവിച്ച അവഗണനകളുടെ കഥവിവരിക്കാന്‍ ഒരു സുദീര്‍ഘ ലേഖനം തന്നെ എഴുതേണ്ടിവരും. കേന്ദ്രഭരണം കയ്യാളിയ എല്ലാ കക്ഷികളും ഇതില്‍ പ്രതിസ്ഥാനത്താണ്. ഈ അവഗണനകളെല്ലാം അതിജീവിച്ചുകൊണ്ടാണ് പുരോഗതിയില്‍ കേരളമോഡല്‍ എന്ന ഒരു പ്രശസ്തി നാം നേടിയെടുത്തത്.

സാക്ഷരത, പൊതുജനാരോഗ്യം, വിദ്യാഭ്യാസം മുതലായ പല സുപ്രധാന രംഗങ്ങളിലും നമുക്ക് സാര്‍വ്വദേശീയാംഗീകാരം ലഭിച്ചില്ലേ? എത്രയും ചെറിയ ഈ ദ്രാവിഡസംസ്ഥാനം എന്നതുമോര്‍ക്കണം.

അടുത്തകാലത്ത് പ്രളയം ദുരിതം വിതച്ചു. ലോകസമക്ഷം നമുക്ക് കൈനീട്ടേണ്ടിവന്നു. യുഎഇ നമ്മെ സഹായിക്കാന്‍ തയ്യാറായി. കേന്ദ്രം ഇടങ്കോലിട്ടു. കേന്ദ്രം വേണ്ട തരത്തില്‍ സഹായിച്ചില്ലെന്നതോ പോകട്ടെ, മറ്റൊരു രാജ്യം തന്ന സഹായം സ്വീകരിക്കാന്‍ സമ്മതിച്ചതുമില്ല.

സഹായാഭ്യര്‍ത്ഥനയുമായി വിദേശമലയാളികളെ സമീപിക്കാന്‍ നമ്മുടെ മന്ത്രിമാര്‍ക്ക് യാത്രാനുമതി കൊടുത്തില്ല. ഭിക്ഷാടകന് ഭിക്ഷ കൊടുത്തില്ലെന്നു മാത്രമല്ല, പട്ടിയെ വിട്ട് കടിപ്പിക്കുകയും ചെയ്തുവെന്ന് പറഞ്ഞപോലെയല്ലേ കേന്ദ്രം ചെയ്തത്.

റെയില്‍വേസോണിന്‍റെ കാര്യമായാലും, എയിംസിന്‍റെ കാര്യമായാലും, തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ കാര്യമായാലും കേരളത്തിന് ഒരു പരിഗണനയും ലഭിച്ചിട്ടില്ല. നമ്മുടെ വിലയേറിയ ഭൂമി (360ഏക്കര്‍) യിലാണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്.

വിമാനത്താവളത്തിന്‍റെ ലേലത്തില്‍ സ്ഥലം സംഭാവന ചെയ്തയാളെന്ന പരിഗണനപോലും നമുക്ക് നല്‍കിയില്ല. ഇതൊന്നും ഫാഷനുവേണ്ടി പറയുന്നതല്ല. ഒരു സംസ്ഥാനത്തിന്‍റെ ഒരു ജനതയുടെ ഹൃദയവ്യഥക്ക് ശബ്ദം കൊടുക്കാന്‍ വേണ്ടി മാത്രം പറയുന്നതാണ്. ഞങ്ങളൊക്കെ പറയുന്നത് രാഷ്ട്രീയപക്ഷപാതം കൊണ്ടാണെന്ന് പറഞ്ഞ് അവഗണിക്കാം. എന്നാല്‍ ഇന്ത്യയിലെ പ്രഗല്‍ഭരായ ചരിത്രകാരന്മാര്‍ കണ്ടെത്തിയ ഒരു ചരിത്രപാഠമുണ്ട്. അതിങ്ങനെയാണ്:

“He who rules Aryawartha rules India (ആര്യാവര്‍ത്തം ഭരിക്കുന്നവന്‍ ഇന്ത്യഭരിക്കും.)” ഈ ആര്യാവര്‍ത്തകേന്ദ്രീകൃതമായ ഭരണസംവിധാനത്തിന്‍റെ മായികവലയത്തിലാണ് ഇ ശ്രീധരന്‍ പെട്ടുപോവുന്നത്. അതുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന മുതല്‍, സര്‍ക്കാരിയകമ്മീഷന്‍ റിപ്പോര്‍ട്ട് വരെയുളള എല്ലാ ഔദ്യോഗിക പ്രമാണങ്ങളും അനുവദിച്ചുതന്നിട്ടുളള സംസ്ഥാനാവകാശങ്ങളും നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരെ സ്വരമുയര്‍ത്തേണ്ടി വരുന്നത്. അങ്ങനെ ശബ്ദമുയര്‍ത്തുന്നവരെ ഫാഷന്‍ ഭ്രമക്കാരെന്ന് പറഞ്ഞ് പരിഹസിക്കുന്നത് രാഷ്ട്രീയപാപമാണ് – പരിഹാരമില്ലാത്ത പാപമാണ്.

രണ്ട്: വിദ്യാലയങ്ങള്‍ രാഷ്ട്രീയവിമുക്തമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇവിടെയും ചില ചരിത്രപാഠങ്ങള്‍ അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തേണ്ടിവരുന്നു. നമ്മുടെ ദേശീയപ്രസ്ഥാനത്തിന്‍റെ ഭാഗമായിട്ടാണ് വിദ്യാര്‍ത്ഥിപ്രസ്ഥാനം രൂപപ്പെട്ടത്. ഒരിക്കലും ദേശീയപ്രസ്ഥാനത്തിന്‍റെ ഭാഗമായിട്ടില്ലാത്ത ഒരു സംഘടനയിലാണ് ഇ ശ്രീധരനിപ്പോള്‍ ആശ്വാസവും, അഭയവും കണ്ടെത്തിയിരിക്കുന്നത്.

ഇതിന്ത്യയുടെ മാത്രം കഥയല്ല, ലോകരാജ്യങ്ങളിലെല്ലാം വിമോചനസമരങ്ങളുടേയും രാഷ്ട്രനിര്‍മ്മാണപ്രക്രീയയുടേയും മുന്നണി പടയാളികളായി വിദ്യാര്‍ത്ഥിപ്രസ്ഥാനം നിലകൊളളുന്നത് കാണാം.

സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിപ്രസ്ഥാനത്തെക്കുറിച്ച് ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ പ്രതിനിധിയായ വൈസ്രോയി പ്രകടിപ്പിച്ച അഭിപ്രായം തന്നെയാണ് ഇ ശ്രീധരന്‍റെ വാക്കുകളില്‍ മാറ്റൊലിക്കൊണ്ട് നില്‍ക്കുന്നത്. ഇങ്ങനെ പറയേണ്ടി വന്നതില്‍ ദു:ഖമുണ്ട്.

വിദ്യാര്‍ത്ഥികളുടേയും വിദ്യാഭ്യാസത്തിന്‍റേയും ഭാവിയെ ഓര്‍ത്ത് ഉല്‍കണ്ഠപ്പെടുന്ന ഇ ശ്രീധരന്‍ തന്‍റെ പുതിയ രാഷ്ട്രീയ സഖാക്കളോട് ഇങ്ങനെ ഒരഭ്യര്‍ത്ഥന നടത്താന്‍ തയ്യാറാവണമെന്നാണ് എന്‍റെ അഭ്യര്‍ത്ഥന:

“ഭാരതീയ ജനതാപാര്‍ട്ടിയുടെ വിദ്യാര്‍ത്ഥിവിഭാഗം പിരിച്ചുവിടണം. വിദ്യാര്‍ത്ഥിരാഷ്ട്രീയം നമുക്ക് വേണ്ട”

ബിജെപിയില്‍ അംഗത്വം സ്വീകരിക്കുന്നതിന് ഇതൊരു വ്യവസ്ഥയായിത്തന്നെ ഉന്നയിക്കാവുന്നതാണ്. കേന്ദ്രം ഭരിക്കുന്നകക്ഷിയാണല്ലോ. നമ്മുടെ കുട്ടികള്‍ നന്നായി വളരട്ടെ.

പാമ്പന്‍ പാലം മുതല്‍ പഞ്ചവടിപാലം വരെയുളള എല്ലാ നിര്‍മ്മാണവിസ്മയങ്ങളിലും നേതൃത്വം കൊടുത്ത ഒരു മഹാനായ ശില്‍പശാസ്ത്രജ്ഞന്‍റെ സിദ്ധികളെ ആദരിക്കുന്ന പരസഹസ്രം മലയാളികളിലൊരാളാണ് ഇതെഴുതുന്നത്. ഇപ്പോള്‍ അങ്ങയുടെ ചുവട് പിഴച്ചുപോയതില്‍ ഞങ്ങളെല്ലാം ഒരുപോലെ ദു:ഖിക്കുന്നു…

×