-എസ്.പി നമ്പൂതിരി
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റ് ബിജെപിയ്ക്ക് ലഭിക്കുകയാണെങ്കില്‍ കേരളം ചരിത്രത്തിലാദ്യമായി ഒരു ബിജെപി സര്‍ക്കാരിന് സാക്ഷിയാകും. മറ്റ് രണ്ട് മുന്നണികള്‍ക്കും 71 സീറ്റ് ലഭിച്ചാല്‍ മാത്രമേ ഈ ഭാഗ്യം കൈവരികയുള്ളു. ഇവിടെയാണ് ബിജെപി വ്യത്യസ്തമാകുന്നത്. പോരാതെ വരുന്ന 31 അംഗങ്ങളെ വിലയ്ക്കെടുക്കാമെന്ന് സുരേന്ദ്രന്‍ പറയാതെ പറഞ്ഞുവയ്ക്കുന്നു.
ത്രിപുര, കര്‍ണ്ണാടകം, മണിപ്പൂര്‍, ഗോവ, മധ്യപ്രദേശ് മുതലായ പല സംസ്ഥാനങ്ങളിലും നടത്തിയ അശ്വമേധവിജയങ്ങളുടെ കഥ സുരേന്ദ്രന്‍ ഓര്‍മ്മിപ്പിക്കുന്നു. നിയമസഭാംഗങ്ങളെ വിലയ്ക്കെടുക്കുവാനുള്ള ധനശേഷി ബിജെപിയ്ക്കുണ്ട്. മറ്റു പാര്‍ട്ടികളെപ്പോലെ ദരിദ്രനാരായണരായ പൊതുജനത്തിന്‍റെ മുമ്പില്‍ കൈനീട്ടേണ്ട ഗതികേട് ബിജെപിയ്ക്കില്ല. ശതകോടീശ്വരന്മാരുടെ ഒരു പടയണിതന്നെ ബിജെപിയ്ക്കുണ്ട്. വലതുപക്ഷ മാധ്യമങ്ങളേയും ഏറക്കുറെ വരുതിയിലാക്കിയിട്ടുണ്ട്.
അവര്‍ക്കുമുമ്പില്‍ പ്രധാന പ്രതിബന്ധമായി നില്‍ക്കുന്നത് ഇന്ത്യന്‍ ഭരണഘടനയാണ്. അത് നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്‍റെ സംഭാവനയാണ് - ഇന്ത്യയുടെ നേട്ടമാണ്. ഫ്രഞ്ച് വിപ്ലവം ഉയര്‍ത്തിപ്പിടിച്ച സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്ന ആദര്‍ശത്രയത്തിന്‍റെ സാക്ഷാല്‍ക്കാരമാണ് ഇന്ത്യന്‍ ഭരണഘടന ലക്ഷ്യം വയ്ക്കുന്നത്.
സംഘപരിവാരശക്തികള്‍ക്കാണെങ്കില്‍ ദേശീയ പ്രസ്ഥാനത്തില്‍ ഒരു പങ്കുമില്ലെന്ന് മാത്രമല്ല, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ വിനീതസേവകരും വിശ്വസ്ത ദാസന്മാരുമായിരുന്നു. ഫ്രാന്‍സില്‍നിന്നിറക്കുമതി ചെയ്ത ഈ വിദേശാദര്‍ശങ്ങള്‍ക്ക് അവര്‍ എതിരാണ്. അവരുടെ ആദര്‍ശം ഏകാത്മ മാനവികതയാണത്രെ. ഇതെന്താണെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. എന്‍റെ ബന്ധുവായ ഒരു ആര്‍എസ്എസ് ബുദ്ധിജീവി ഈ വിഷയത്തില്‍ എന്നെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചതിങ്ങനെ...
"ധനികരിലും ദരിദ്രനിലും കുടികൊള്ളുന്ന ഈശ്വരചൈതന്യം ഒന്നുതന്നെ. ആത്മാവൊന്നാണെന്നര്‍ത്ഥം. ഈ ആശയം പ്രചരിപ്പിക്കണം. കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളാണ് ഈ കലാപങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും കാരണം. താനും ഈ കൂട്ടത്തില്‍പ്പെടും. ധര്‍മ്മപുത്രരെപ്പോലുള്ള ഭരണാധികാരികളുണ്ടായാല്‍ മതി. ഇവിടെ ഒരു വിപ്ലവവും വേണ്ട." നിര്‍ദോഷമായ മനുഷ്യസ്നേഹത്തിന്‍റെ മൂടുപടത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഭീതിജനകമായ ജനദ്രോഹ നയങ്ങളെക്കുറിച്ച് ജനങ്ങള്‍ വേണ്ടത്ര ബോധവാന്മാരല്ല. ഈ ബോധവല്‍ക്കരണം ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ്.