കാപ്പന്‍റെ മുന്നണിമാറ്റം ഒരു സംശയത്തിന്‍റെ പേരിലുള്ളതാണ്. എന്നാല്‍ കാപ്പനിപ്പോള്‍ കണ്ടെത്തിയ പോംവഴി ആത്മഹത്യാപരമായിപ്പോയി ! ജയിച്ചയാളെ മാറ്റുന്നത് അധാര്‍മ്മികമാണെന്ന കാപ്പന്‍റെ വാദം ശരിയല്ല, ജയിച്ചത് ഇടതുമുന്നണിയാണ്. കാപ്പന് രണ്ടാംസ്ഥാനമേയുള്ളു. മാത്രമല്ല, വികസന വിരുദ്ധനായ ഞങ്ങളുടെ എംഎല്‍എയ്ക്കൊപ്പം കാപ്പനെ കണ്ടതില്‍ അതിലേറെ ദുഖമുണ്ട് – മാണി സി കാപ്പന് പഴയകാല സുഹൃത്തായ സാഹിത്യകാരന്‍ എസ് പി നമ്പൂതിരിപ്പാടിന്‍റെ കത്ത് !   

സത്യം ഡെസ്ക്
Monday, February 15, 2021

മാണി സി കാപ്പന്‍റെ ഇടതുപക്ഷത്തുനിന്നുള്ള വിടവാങ്ങല്‍ പ്രസംഗവും അല്ലെങ്കില്‍ വലതുപക്ഷത്തേക്കുള്ള അരങ്ങേറ്റ പ്രഭാഷണവും സശ്രദ്ധം കേട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലുണ്ടായ സഹായ സഹകരണങ്ങള്‍ക്കും മുഖ്യമന്ത്രിയെന്ന നിലയ്ക്ക് കഴിഞ്ഞ പതിനാറ് മാസങ്ങള്‍ക്കിടയില്‍ നാനൂറ്റി അറുപത്തിരണ്ട് കോടി രൂപാ പാലായുടെ വികസനത്തിന് ലഭ്യമാക്കാന്‍ വ്യക്തിപരമായി മുന്‍കൈയ്യെടുത്ത പിണറായി വിജയനും, സഹമന്ത്രിമാര്‍ക്കും ഒപ്പം ഇക്കാലമത്രയും കൂടെ നിന്ന ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും നന്ദി പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

നന്നായി – വളരെ നന്നായി. സാധാരണ പാര്‍ട്ടി മാറുമ്പോള്‍ രാഷ്ട്രീയനേതാക്കള്‍ കാണിക്കാറുള്ള കൃതഘ്നത കാപ്പന്‍ കാണിച്ചില്ലെന്നതില്‍ സന്തോഷമുണ്ട്. പാര്‍ട്ടി മാറുന്ന സന്ദര്‍ഭത്തില്‍ വന്നവഴി മറക്കുന്നവരാണ് ഭൂരിപക്ഷം നേതാക്കളും. കാപ്പന്‍ ആ ഗണത്തില്‍ പെട്ടുപോയില്ലെന്നതില്‍ എനിക്ക് ആശ്വാസമുണ്ട്. ആശ്വസിക്കാന്‍ ഒരു കാരണമുണ്ട്.

കാപ്പനെ എംഎല്‍എയാക്കിയ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രചരണ പരിപാടികളില്‍ കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റിയോടൊപ്പം രണ്ടു ദിവസം പാലായുടെ വിവിധ ഭാഗങ്ങളില്‍, വിഭിന്ന പരിപാടികളില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ഏതാനും സമയം നാട്ടകം ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിഎന്‍ വാസവനും ഒപ്പം അല്‍പസമയം ചിലവഴിക്കുകയുമുണ്ടായി. ഇങ്ങനെയൊക്കെ ചുറ്റിത്തിരിഞ്ഞ ഞാനുള്‍പ്പെടെയുള്ള ഇടതുപക്ഷമുന്നണി പ്രവര്‍ത്തകരെ നന്ദിപൂര്‍വ്വം സ്മരിച്ചല്ലോ. അതാണ് ആശ്വാസമായെന്ന് പറഞ്ഞത്.

എന്നാല്‍ ഒരു സംശയം എന്നില്‍ അവശേഷിക്കുന്നു. പ്രിയപ്പെട്ട കാപ്പന്‍ ! നിങ്ങളെന്തിനാണ് ഞങ്ങളെ വിട്ടുപോയത് ? പോകണമെന്ന് നിങ്ങളെ സഹായിച്ച മുഖ്യമന്ത്രിയുള്‍പ്പെടെ ഞങ്ങളാരും പറഞ്ഞില്ലല്ലോ. ജോസ് കെ മാണിയുടെ വരവോടെ ജയിച്ച എംഎല്‍എ ഒഴിവാക്കപ്പെടുമെന്ന ഭയത്തിലാണല്ലോ കാപ്പന്‍ ചേരിമാറിയത്. കേരള കോണ്‍ഗ്രസ് വന്നതോടെ പാലാസീറ്റില്‍ കാപ്പന് സ്ഥാനചലന സാധ്യതയുണ്ടെന്ന കാപ്പന്‍റെ സംശയം ന്യായമാണ്.

പക്ഷേ കാപ്പനിപ്പോള്‍ കണ്ടെത്തിയ പോംവഴി ആത്മഹത്യാപരമായിപ്പോയി ! എന്തൊക്കെ പോംവഴികളുണ്ടായിരുന്നു ? അതൊന്നും ആലോചിക്കാന്‍പോലും അവസരം തരാതെ മറുചേരിയിലേയ്ക്ക് പോയതിന് എന്ത് ന്യായീകരണമാണുള്ളത് ? ജോസ് കെ മാണി മുമ്പാകെ ഞാന്‍ തന്നെ ഒരു ബദല്‍ നിര്‍ദ്ദേശം വച്ചിരുന്നു – രേഖാമൂലം എഴുതിക്കൊടുത്തതുമാണ്.

മാണിസാറിന്‍റെ ജന്മദേശം ഉള്‍പ്പെടുന്ന കടുത്തുരുത്തിയില്‍ മാണിസാറിന്‍റെ പൈതൃകം അവകാശപ്പെടുന്ന ജോസ് കെ മാണി മത്സരിക്കണം. മാണിസാര്‍ ഏറ്റവും കൂടുതല്‍ മത്സരിച്ചിട്ടുള്ളതും ഇവിടെ നിന്നാണ്. ഇത് എന്‍റെയൊരു നിര്‍ദ്ദേശം മാത്രമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേറേയും ബദല്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാവും. എന്‍സിപിയുടെ  കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്കും പോംവഴികള്‍ നിര്‍ദ്ദേശിക്കാനാവും. അതൊക്കെ ആലോചിക്കാന്‍ സമയക്കുറവുമുണ്ടായിരുന്നു. ഇപ്പോള്‍ കാപ്പന്‍ ഒറ്റപ്പെട്ടുപോയില്ലെ ?

ജയിച്ചയാളെ മാറ്റുന്നത് അധാര്‍മ്മികമാണ് എന്നതാണ് മറ്റൊരുവാദം. ഇത് താത്വികമായി ശരിയല്ല. ജയിച്ചത് ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ്. വ്യക്തിക്ക് രണ്ടാം സ്ഥാനമേയുള്ളു. ഒരു നയത്തിന്‍റെ പ്രതീകമായാണ് വ്യക്തി മത്സരിക്കുന്നത്. എന്‍റെ വാദം ഇതാണ്.

“കാപ്പന്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന നയം മുന്നോട്ട് കൊണ്ടുപോകുന്നതിന് കാപ്പനേക്കാള്‍ അനുയോജ്യനായ ഒരാളെ ഇടതുപക്ഷ ജനാധിപത്യമുന്നണി കണ്ടെത്തിയാല്‍ കാപ്പന്‍ അദ്ദേഹത്തെ പിന്തുണയ്ക്കണം. അപ്പോളാണ് കാപ്പന്‍ ശരിയായ ഒരു രാഷ്ട്രീയനേതാവാകുന്നത് – അല്ലെങ്കില്‍ രാഷ്ട്രതന്ത്രജ്ഞനാകുന്നത് (സ്റ്റേറ്റ്സ്മാന്‍)”.

കാപ്പന്‍ ആ നിലയില്‍ വളര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുന്ന പാലാക്കാരില്‍ ഒരാളാണ് ഈ ലേഖകന്‍. അതുകൊണ്ട് ഈ നിലപാടുമാറ്റത്തില്‍ ദു:ഖിക്കുന്ന നാട്ടുകാരോടൊപ്പം നില്‍ക്കാന്‍ മാത്രമേ കാപ്പന്‍റെ ഒരു സുഹൃത്തും അഭ്യുദയകാംഷിയുമായ എനിക്ക് കഴിയുന്നുള്ളു.

ഡോ. കെ.ആര്‍ നാരായണന്‍ റോഡിന്‍റെ (കിടങ്ങൂര്‍ – കൂത്താട്ടുകുളം റോഡ്) വികസനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിഭവനില്‍ പോയി ഡോ. കെ.ആര്‍ നാരായണനെ കണ്ട് ഒരു ദിവേദനം സമര്‍പ്പിക്കുകയുണ്ടായി. ഉഴവൂര്‍ വിജയന്‍റെ നേതൃത്വത്തിലുള്ള ആ നിവേദക സംഘത്തില്‍ കാപ്പനും ഞാനും ഉണ്ടായിരുന്നു. ഇപ്പോള്‍ അതോര്‍ക്കുന്നതിന് ഒരു പ്രത്യേക കാരണമുണ്ട്. ഈ റോഡിന് കെ.ആര്‍ നാരായണന്‍റെ പേരിടുന്നതിനും, റോഡ് ഒരു രാജപാതയുടെ നിലവാരത്തില്‍ വികസിപ്പിക്കുന്നതിനും വേണ്ടി ഇടതുപക്ഷ സര്‍ക്കാരിനെ സമീപിച്ചത് വിജയനും ഞാനുമായിരുന്നു.

ഞങ്ങളുടെ നിര്‍ദ്ദേശം സ്വീകരിക്കപ്പെടുകയും ഇരുപത്തഞ്ചുകോടി രൂപാ ധനമന്ത്രി ഡോ. തോമസ് ഐസക് ബഡ്ജറ്റില്‍ വകയിരുത്തുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ആ തുക ഈ റോഡില്‍ എത്തിയില്ല. സ്ഥലം എംഎല്‍എ ഇടപെട്ട് രണ്ടേകാല്‍ കോടി രൂപാ മാത്രം ചിലവഴിച്ച് ഈ റോഡില്‍ ചില മിനുക്കുപണികള്‍ നടത്തിയെന്നത് വിസ്മരിക്കുന്നില്ല.

എന്നാല്‍ പ്രധാനപ്പെട്ട പണികള്‍ ഒന്നും നടന്നുമില്ല. ബാക്കി തുക എംഎല്‍എയ്ക്ക് സവിശേഷ താല്‍പര്യമുള്ള മറ്റ് ചില റോഡുകളിലേക്ക് വകമാറ്റി ചിലവഴിക്കുകയും ചെയ്തു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവുമുണ്ടായി. ഈ അനീതിക്കെതിരെ ജെയിസണ്‍ സക്കറിയ ഹൈക്കോടതിയില്‍ ഒരു റിട്ട് കൊടുത്തിരുന്നു.

ഈ കേസിന്‍റെ കാര്യത്തില്‍ ജയിസണോടൊപ്പം നിന്നത് കെ. ചന്ദ്രന്‍പിള്ളയും ഞാനുമായിരുന്നു. ആ പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെടാതെ നില്‍ക്കുകയാണ്. കാപ്പന്‍റെ സ്വീകരണവേദിയില്‍ കാപ്പന്‍റെ തൊട്ടുപിന്നിലായി ആ എംഎല്‍എയും നില്‍ക്കുന്നത് കണ്ടു. ഇപ്പോള്‍ കാപ്പന്‍ ആ എംഎല്‍എയുടെ സഹയാത്രികനായി തീര്‍ന്നതില്‍ ഞങ്ങള്‍ക്ക് ദുഖമുണ്ട്.

ഈ ദൃശ്യപ്രവര്‍ത്തനങ്ങളില്‍ ഒരു സഖാവിനെ നഷ്ടപ്പെട്ടതിന്‍റെ മനപ്രയാസവും ഈ ചുവടുമാറ്റത്തില്‍ അനുഭവിക്കാനിടയായി. ഞാനിതെഴുതുന്നത് ഉഴവൂര്‍ വിജയനൊപ്പം ഇത്തരം പൊതുപ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് നിന്ന ഒരുപാട് മനുഷ്യര്‍ക്കു വേണ്ടിയാണ്.

 

 

 

×