ഇന്ത്യയുടെ 2011 ലോകകപ്പ് വിജയത്തിന്റെ 12ാം വാർഷികമാണിന്ന്. ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവാത്ത ദിനം. ലോകകപ്പ് കലാശപ്പോരില്‍ ശ്രീലങ്ക ഉയർത്തിയ 275 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ആദ്യ ഘട്ടത്തിൽ തകർച്ച നേരിട്ടെങ്കിലും ഗൗതം ഗംഭീറും ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയും അവസരത്തിനൊത്ത് ബാറ്റ് വീശി ഇന്ത്യയെ വിജയതീരമണിയിക്കുകയായിരുന്നു.
ഇന്ത്യൻ ആരാധകരുടെ മൂന്ന് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനാണ് അതോടെ വിരാമമായത്. നുവാൻ കുലശേഖരയെറിഞ്ഞ 49ാം ഓവറിലെ രണ്ടാം പന്ത് അതിർത്തിക്ക് മുകളിലൂടെ പായിച്ച് മനോഹരമായാണ് ധോണി ആ മത്സരം ഫിനിഷ് ചെയ്തത്.
ഇപ്പോളിതാ ലോകകപ്പ് നേട്ടത്തിന്റെ 12ാം വാർഷികത്തിൽ കലാശപ്പോരിലെ സിക്‌സർ പുനഃസൃഷ്ടിച്ചിരിക്കുകയാണ് താരം. ചെന്നൈ സൂപ്പർ കിങ്‌സിന്റെ പരിശീലന സെഷനിടെയാണ് ധോണി ആരാധകരെ ആവേശത്തിലാറാടിച്ച ആ സിക്‌സർ പുനസൃഷ്ടിച്ചത്. ചെന്നൈ സൂപ്പർ കിങ്‌സ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.