/sathyam/media/media_files/PCddoPFFVvPw81xDgCHg.jpeg)
ലക്നോ: ലോകകപ്പില്‍ ആദ്യ വിജയം നേടി മുന്‍ ചാമ്പ്യന്മാരായ ഓസ്ട്രേലിയ. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ അഞ്ചു വിക്കറ്റിനായിരുന്നു ഓസീസിന്റെ വിജയം.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ പാത്തും നിസങ്കയും കുശാല്‍ പെരേര ചേര്‍ന്ന് നല്‍കിയത്.
ഓസീസ് ബൗളര്‍മാരെ ഫലപ്രദമായി നേരിട്ട് മുന്നേറിയ ഈ സഖ്യം പിരിഞ്ഞത് 22-ാം ഓവറിലാണ്. 61 റണ്‍സെടുത്ത നിസങ്കയെ കമ്മിന്‍സ് വാര്‍ണറിന്റെ കൈയ്യിലെത്തിച്ചപ്പോള്‍ ടീം സ്കോര്‍ 125. ടീം സ്കോര്‍ 157ല്‍ എത്തിയപ്പോള്‍ 78 റണ്‍സ് എടുത്ത കുശാല്‍ പെരേരയെയും കമ്മിന്‍സ് മടക്കി.
ഇതിനു പിന്നാലെ ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാരുടെ പവിലിയനിലേക്കുള്ള ഘോഷയാത്രയ്ക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 43.3 ഓവറില്‍ 209 റണ്‍സെടുക്കാനേ ലങ്കയ്ക്ക് കഴിഞ്ഞുള്ളൂ.
52 റണ്‍സെടുക്കുന്നതിനിടെയാണ് അവസാന ഒമ്പത് വിക്കറ്റുകൾ ലങ്കയ്ക്ക് നഷ്ടമായത്. ഓപ്പണര്‍മാരെക്കൂടാതെ ചരിത് അസലങ്ക(25)മാത്രമാണ് രണ്ടക്കം കണ്ടത്.
നാലു വിക്കറ്റ് വീഴ്ത്തിയ ആദം സാംപയാണ് ലങ്കയെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ഗ്ലെന്‍ മാക്സ്വെല് ഒന്നും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(11), സ്റ്റീവന്‍ സ്മിത്ത്(0) എന്നിവരെ പേസര്‍ ദില്ഷന് മധുഷങ്ക വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.
മാര്‍നസ് ലബുഷെയ്നൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി മിച്ചല്‍ മാര്‍ഷ് മുന്നേറിയതോടെ ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷയായി.
എന്നാല്‍ ടീം സ്കോര്‍ 81ല്‍ നില്‍ക്കെ 52 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് റണ്ണൗട്ടായതോടെ കളി വീണ്ടും എവിടേക്കും തിരിയാമെന്ന അവസ്ഥയിലായി.
പക്ഷെ മാര്‍ഷിനു പകരം ക്രീസിലെത്തിയ ജോഷ് ഇംഗ്ലിസ്(58) ലബുഷെയ്നൊ(40)പ്പം ഉറച്ചു നിന്നതോടെ കളി പതിയെ ഓസീസിന്റെ കൈയ്യിലെത്തി. ടീം സ്കോര്‍ 158ല്‍ ലബുഷെയ്നും 192ല്‍ ഇംഗ്ലിസും വീണെങ്കിലും മാക്സ്വെലും(31) സ്റ്റോയിനിസും(20) ചേര്‍ന്ന് വിജയം എളുപ്പമാക്കുകയായിരുന്നു. നാല് ലങ്കന്‍ വിക്കറ്റുകള്‍ പിഴുത സ്പിന്നര്‍ ആദം സാംപയാണ് മത്സരത്തിലെ താരം.