സാഫ് കപ്പ്: ഛേത്രിയിൽ കണ്ണുനട്ട്‌ ഇന്ത്യ; സെമിയിൽ എതിരാളി ലെബനൻ

author-image
Gaana
New Update

publive-image

Advertisment

ബംഗളൂരു: സുനിൽ ഛേത്രിയുടെ ഗോളടിയിൽ പ്രതീക്ഷയർപ്പിച്ച്‌ ഇന്ത്യ സാഫ്‌ കപ്പ്‌ ഫുട്‌ബോൾ സെമിയിൽ ലെബനനോട്‌. ബംഗളൂരു ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ്‌ കളി. പകൽ 3.30ന്‌ നടക്കുന്ന സെമിയിൽ കുവൈത്ത്‌ ബംഗ്ലാദേശിനെ നേരിടും. ചൊവ്വാഴ്‌ചയാണ്‌ ഫൈനൽ.

ഗ്രൂപ്പ്‌ എയിൽനിന്ന്‌ രണ്ടാംസ്ഥാനക്കാരായിട്ടാണ്‌ ഇന്ത്യ സെമിയിൽ കടന്നത്‌. ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാന മത്സരത്തിൽ കുവൈത്തിനോട്‌ അവസാന നിമിഷം ഇന്ത്യ സമനില വഴങ്ങുകയായിരുന്നു. മത്സരത്തിൽ ചുവപ്പുകാർഡ്‌ കിട്ടിയ പരിശീലകൻ ഇഗർ സ്‌റ്റിമച്ച്‌ സെമിയിലുണ്ടാകില്ല.

സുനിൽ ഛേത്രിയാണ്‌ ഇന്ത്യയുടെ ആയുധം. പ്രായം മുപ്പത്തെട്ടായിട്ടും കളത്തിൽ ഛേത്രിയോളം അധ്വാനിച്ചുകളിക്കുന്ന മറ്റൊരു കളിക്കാരനില്ല. മൂന്ന്‌ മത്സരങ്ങളിൽ അഞ്ച്‌ ഗോളാണ്‌ സമ്പാദ്യം.

പാകിസ്ഥാനെതിരെ ഹാട്രിക്‌ അടിച്ചു. നേപ്പാളിനെതിരെയും കുവൈത്തിനെതിരെയും ലക്ഷ്യംകണ്ടു. ഇന്ത്യ ടൂർണമെന്റിൽ ആകെ നേടിയത്‌ ഏഴ്‌ ഗോളാണ്‌.

മറ്റ്‌ ഗോളുകൾ ഉദാന്ത സിങ്ങും മഹേഷ്‌ സിങ്ങുമാണ്‌ നേടിയത്‌. സഹൽ അബ്‌ദുൾ സമദ്‌, ലല്ലിയൻസുവാലെ ചങ്‌തെ എന്നിവർ മികച്ച പ്രകടനമാണ്‌ പുറത്തെടുക്കുന്നത്‌. എന്നാൽ, ഗോളിലേക്ക്‌ വഴിതുറക്കാനാകുന്നില്ല. പ്രതിരോധം മികച്ചതാണ്‌. കുവൈത്തിനെതിരെ പിഴവുഗോൾ വഴങ്ങിയെങ്കിലും ആ കളിയിൽ മികച്ച കളിയാണ്‌ പ്രതിരോധനിര പുറത്തെടുത്തത്‌.

Advertisment