കൊച്ചി: ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ.
സന്ദർശനവുമായി ബന്ധപ്പെട്ട കരാർ സർക്കാർ പാലിച്ചില്ലെന്നു അസോസിയേഷൻ പ്രതിനിധി ലിയാൻഡ്രോ പീറ്റേഴ്സൻ കുറ്റപ്പെടുത്തി.
അർജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് കായിക മന്ത്രി കൂടിക്കാഴ്ച നടത്തിയത് എഎഫ്എയുടെ ചീഫ് കൊമേഴ്സ്യൽ ആൻഡ് മാർക്കറ്റിങ് ഓഫീസർ കൂടിയായ പീറ്റേഴ്സനുമായിട്ടാണ്. അദ്ദേഹമാണ് സർക്കാരിനെതിരെ ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.
മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീം കേരളം സന്ദർശിക്കുമെന്നു മന്ത്രി ആവർത്തിച്ചു അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിനു വിരുദ്ധമായാണ് അർജന്റീന ഫുട്ബോൾ പ്രതിനിധിയുടെ ആരോപണം.
ഈ വർഷം ഒക്ടോബറിൽ ടീം കേരളത്തിൽ എത്തി അന്താരാഷ്ട്ര പോരാട്ടം കളിക്കുമെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്.
ഒക്ടോബറിൽ കേരളം സന്ദർശിക്കാൻ അസോസിയേഷൻ അനുമതി നൽകിയെന്ന തരത്തിലുള്ള വിവരങ്ങൾ പീറ്റേഴ്സൻ തള്ളി.
ഇതുമായി ബന്ധപ്പെട്ട കരാർ പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയെന്നാണ് പീറ്റേഴ്സൻ പറയുന്നത്.
കരാർ ലംഘനം ഏതു തരത്തിലുള്ളതാണെന്നു വിശദമാക്കാൻ പീറ്റേഴ്സൻ തയ്യാറായില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.