ഇംഗ്ലണ്ട് പൊരുതി തോറ്റു; ആഷസില്‍ രണ്ടാം ജയവുമായി ഓസ്‌ട്രേലിയ

New Update

publive-image

ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം പോരാട്ടത്തിൽ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം. 371 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 327 റണ്‍സില്‍ അവസാനിച്ചു. 43 റണ്‍സിനാണ് ഓസ്‌ട്രേലിയ വിജയം പിടിച്ചത്.

Advertisment

214 പന്തുകള്‍ നേരിട്ടു 155 റണ്‍സ് അടിച്ച് ഉജ്ജ്വല സെഞ്ച്വറിയുമായി സ്റ്റോക്‌സ് പൊരുതിയെങ്കിലും അന്തിമ വിജയം ഓസ്‌ട്രേലിയക്ക് തന്നെ. ഒന്‍പത് വീതം സിക്‌സും ഫോറും സഹിതമായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ സമ്മോഹനമായ മറ്റൊരു ഐതിഹാസിക ഇന്നിങ്‌സ്.

ഓപ്പണര്‍ ബെന്‍ ഡുക്കറ്റും ടീം സ്‌കോറിലേക്ക് നിര്‍ണായക പങ്കു വഹിച്ചു. താരം 83 റണ്‍സെടുത്തു താരം മടങ്ങി. അഞ്ചാം ദിനത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചത്. ആറ് വിക്കറ്റുകളാണ് അവര്‍ക്ക് ശേഷിച്ചത്. ബെന്‍ സ്റ്റോക്‌സ് ക്രീസിലുള്ളതായിരുന്നു ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം. അതു സാധൂകരിക്കുന്ന തരത്തില്‍ താരം ബാറ്റ് വീശിയെങ്കിലും വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

സാക് ക്രൗളി (മൂന്ന്), ഒല്ലി പോപ്പ് (മൂന്ന്), ജോ റൂട്ട് (18), ഹാരി ബ്രൂക് (നാല്), ഒല്ലി റോബിന്‍സന്‍ (ഒന്ന്) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയത് അവര്‍ക്ക് തിരിച്ചടിയായി മാറി. മൂന്ന് റണ്‍സുമായി ആന്‍ഡേഴ്‌സന്‍ പുറത്താകാതെ നിന്നു.

മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കാമറൂണ്‍ ഗ്രീന്‍ ശേഷിച്ച വിക്കറ്റ് സ്വന്തമാക്കി.

ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സ് പോരാട്ടം 279 റണ്‍സില്‍ അവസാനിച്ചു. 91 റണ്‍സിന്റെ ലീഡുമായാണ് അവര്‍ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. മധ്യനിര മുതല്‍ വാലറ്റം വരെയുള്ള ഓസീസ് താരങ്ങളെ അധികം ക്രീസില്‍ നിര്‍ത്താതെ നാലാം ദിനത്തിലെ ആദ്യ രണ്ട് സെഷനുകളില്‍ തന്നെ ഇംഗ്ലണ്ട് കൂടാരം കയറ്റുകയായിരുന്നു. 77 റണ്‍സെടുത്ത ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് ടോപ് സ്‌കോറര്‍.

ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലെബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത് എന്നിവരും പൊരുതി. 15 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു. വാര്‍ണര്‍ 25 റണ്‍സും ലെബുഷെയ്ന്‍ 30 റണ്‍സും സ്റ്റീവ് സ്മിത്ത് 34 റണ്‍സും കണ്ടെത്തി. അലക്‌സ് കാരി 21 റണ്‍സുമായി മടങ്ങി. കാമറൂണ്‍ ഗ്രീന്‍ 18 റണ്‍സും പാറ്റ് കമ്മിന്‍സ് 11 റണ്‍സും കണ്ടെത്തി.

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ടംഗ്, ഒല്ലി റോബിന്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ജെയിംസ് ആന്‍ഡേഴ്‌സന്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Advertisment