ബെംഗളൂരു : ദിനേശ് കാർത്തിക് ഈ വർഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ഇതിനകം സ്ഥാനം ഉറപ്പിച്ചതായി ഇന്ത്യന്‍ മുന്‍താരം ആശിഷ് നെഹ്റ. ഓസ്ട്രേലിയയില്‍ 200 റണ്‍സ് പിന്തുടർന്ന് ടീമിനെ ജയിപ്പിക്കാനുള്ള കരുത്ത് ഡികെയ്ക്കുണ്ട് എന്നും നെഹ്റ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയിലെ ഡികെയുടെ ബാറ്റിംഗില്‍ പൂർണ തൃപ്തനാണ് നെഹ്റ.
'അവസാന മൂന്നുനാല് ഓവറുകളില്‍ ഏറെ റണ്‍സ് കണ്ടെത്താനാകുന്നു. അതിനേക്കാളേറെ കാര്യങ്ങള്‍ പരിചയസമ്പന്നനായ താരമെന്ന നിലയില്‍ ഡികെയ്ക്കറിയാം. സെലക്ടർമാരും ടീം മാനേജ്മെന്‍റും സന്തുഷ്ടരാണ്. ബാറ്റിംഗ് പൊസിഷനിലെ ഇംപാക്ടാറ്റാണ് ചർച്ചയാവുന്നത്. ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പം കാർത്തിക്കിന്‍റെ പരിചയസമ്പത്ത് മുതല്‍ക്കൂട്ടാവുന്നു. ഓസ്ട്രേലിയയില്‍ 200 റണ്‍സ് വിജയലക്ഷ്യം അടിച്ചെടുക്കാന്‍ കഴിയുന്ന താരമാണ് ദിനേശ് കാർത്തിക്. ടി20 ലോകകപ്പില്‍ ദിനേശ് കാർത്തിക് ഇടംപിടിച്ചു കഴിഞ്ഞതായും' നെഹ്റ ക്രിക്ബസില്‍ പറഞ്ഞു.
ഐപിഎല്‍ പതിനഞ്ചാം സീസണിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ദിനേശ് കാർത്തിക് 2019ന് ശേഷം ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ നാല് ഇന്നിംഗ്സില്‍ 158.6 സ്ട്രൈക്ക് റേറ്റില്‍ 92 റണ്‍സ് ഡികെ നേടി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ടി20യില്‍ ഇന്ത്യ 82 റണ്‍സിന് വിജയിച്ചപ്പോള്‍ അർധ സെഞ്ചുറിയുമായി ഡികെയായിരുന്നു(27 പന്തില്‍ 56) കളിയിലെ താരം.
ഐപിഎല്‍ സീസണില്‍ 16 മത്സരങ്ങളില്‍ 330 റണ്‍സാണ് കാര്‍ത്തിക് നേടിയത്. 183 സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നു താരത്തിന്. ഇതില്‍ 22 സിക്സുകളും ഉള്‍പ്പെടുന്നു. ഇന്ത്യക്കായി 35 ട്വന്റി 20യില്‍ 436 റണ്‍സും 94 ഏകദിനത്തില്‍ 1752 റണ്‍സും 26 ടെസ്റ്റില്‍ 1025 റണ്‍സും നേടിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്‍ത്തിക് ടീമില്‍ തിരിച്ചെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷം നടക്കുന്ന അയർലന്‍ഡ് പര്യടനത്തിലും ദിനേശ് കാർത്തിക് ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.